ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് കളമൊരുങ്ങുന്നു. അടുത്തമാസം വാഷിങ്ടനിൽ ഇരുവരും തമ്മിൽ കാണുന്നതിനുള്ള തയാറെടുപ്പു നടക്കുന്നതായി ഇന്ത്യൻ ഉദ്യോഗസ്ഥർ അറിയിച്ചെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കുടിയേറ്റവും വ്യാപാരവുമായിരിക്കും പ്രധാന ചർച്ചാവിഷയം. ഇന്ത്യക്കാർക്ക് യുഎസിൽ തൊഴിൽ വീസ എളുപ്പമാക്കുന്നതിനും വ്യാപാരബന്ധം ശക്തമാക്കുന്നതിനുമാണ് ഇന്ത്യ ഊന്നൽ നൽകുന്നത്. ട്രംപ് പൊതുവേ പ്രഖ്യാപിച്ച ഭീമമായ ഇറക്കുമതി തീരുവ ഒഴിവാക്കാൻ ഇന്ത്യ വിട്ടുവീഴ്ചയ്ക്കു തയാറായേക്കും. യുഎസ് നിക്ഷേപം ആകർഷിക്കാനുള്ള ഇൻസെന്റീവുകൾ പ്രഖ്യാപിച്ചേക്കുമെന്നും സൂചനയുണ്ട്.
യുഎസിന് ഇന്ത്യ വൻതുക ഇറക്കുമതിതീരുവയായി ഈടാക്കുന്നെന്ന് ട്രംപ് മുൻപേ ആരോപിച്ചിട്ടുള്ളതാണ്. അതേ നാണയത്തിൽ മറുപടി നൽകാനാണ് യുഎസും തീരുവ കൂട്ടുന്നത്. ഇന്ത്യ, യുഎസ്, ജപ്പാൻ, ഓസ്ട്രേലിയ എന്നിവർ ചേർന്നുള്ള ചതുർരാഷ്ട്ര (ക്വാഡ്) കൂട്ടായ്മയുടെ വാർഷിക ഉച്ചകോടി ഈ വർഷം ഇന്ത്യയിലാണ്.
ട്രംപിന്റെ സത്യപ്രതിജ്ഞച്ചടങ്ങിൽ ഇന്ത്യയെ പ്രതിനിധീകരിച്ച വിദേശകാര്യമന്ത്രി എസ്.ജയശങ്കർ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുമായി ചൊവ്വാഴ്ച നടത്തിയ ചർച്ചയിലെ പ്രധാന വിഷയവും കുടിയേറ്റമായിരുന്നു.
Modi and Trump to Meet in Washington: Narendra Modi and Donald Trump are planning a meeting in Washington next month to discuss crucial trade and immigration issues