ബനിഹാൾ: 15 ദിവസത്തെ അവധിക്കായി സ്കൂൾ അടച്ച സന്തോഷത്തിൽ ക്ലാസ് മുറിയിൽ കിടന്നുറങ്ങിയ കുട്ടിയെ ശ്രദ്ധിക്കാതെ ജീവനക്കാർ റൂം പൂട്ടി വീട്ടിൽ പോയി. അടച്ചിട്ട മുറിയിൽ മണിക്കൂറുകളോളം കുരുങ്ങിയ ഏഴാം ക്ലാസ് വിദ്യാർത്ഥിക്ക് രക്ഷകനായത് കാൽനട യാത്രക്കാരൻ. സംഭവത്തിൽ സ്കൂളിലെ മുഴുവൻ ജിവനക്കാരെയും സസ്പെൻഡ് ചെയ്ത് വിദ്യാഭ്യാസ വകുപ്പ്. ജമ്മു കശ്മീരിലെ റംപാൻ ജില്ലയിലെ ബനിഹാളിലെ സർക്കാർ സ്കൂളിൽ കഴിഞ്ഞ ആഴ്ചയാണ് സംഭവമുണ്ടായത്.
15 ദിവസത്തെ വേനൽ അവധിക്കായി ക്ലാസ് അടച്ചപ്പോഴാണ് സംഭവം നടന്നത്. കുട്ടി ഉറക്കം തെളിഞ്ഞപ്പോഴാണ് താൻ ക്ലാസ് മുറിയിൽ കുടുങ്ങിയെന്ന് വ്യക്തമായത്. ഇതോടെ കുട്ടി ഉച്ചത്തിൽ നിലവിളിച്ചെങ്കിലും സ്കൂളിൽ ജീവനക്കാർ ആരുമുണ്ടായിരുന്നില്ല. രാത്രി സ്കൂളിന് സമീപത്ത് കൂടി കടന്നുപോയ കാൽ നടയാത്രക്കാരനാണ് കുട്ടിയുടെ കരച്ചിൽകേട്ട് സ്കൂളിലേക്കെത്തിയത്. ഇയാൾ ക്ലാസ് മുറിയിൽ കുടുങ്ങിയ വിദ്യാർത്ഥിയുടെ വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവെക്കുകയും ചെയ്തു. വീഡിയോ വൈറലായതോടെയാണ് ക്ലാസ് മുറിയിൽ കുട്ടി കുടുങ്ങിയ കാര്യം അധ്യാപകരും മറ്റ് ജീവനക്കാരും ശ്രദ്ധിക്കുന്നത്. ഇതോടെ മുഖ്യ വിദ്യാഭ്യാസ ഓഫീസർ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.
അതേസമയം മൂന്നംഗ സമിതി നടത്തിയ അന്വേഷണത്തിനൊടുവിലാണ് സ്കൂളിലെ അധ്യാപകരും ജീവനക്കാരും സംഭവത്തിൽ ഉത്തരവാദികളാണെന്ന് കണ്ടെത്തിയത്. ഈ മാസം നാലിനാണ് വിവാദമായ സംഭവം നടന്നത്. തുടർന്ന് ബനിഹാളിലെ ക്രാവായിലെ സർക്കാർ സ്കൂളിലെ മുഴുവൻ ജീവനക്കാരെയും സസ്പെൻഡ് ചെയ്തു. തിങ്കളാഴ്ചയാണ് ഇത് സംബന്ധിയായ ഉത്തരവ് വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയത്. അധ്യാപക- അനധ്യാപക ജീവനക്കാർ അടക്കം 9 പേർക്കെതിരെ നടപടി സ്വീകരിച്ചു.

















































