വാഷിങ്ടൺ: ഇറാനെതിരായ സൈനിക നടപടികൾക്ക് പിന്തുണ നൽകുന്നതിനായി ഇസ്രയേൽ ഇറാഖിലെ പടിഞ്ഞാറൻ മരുഭൂമിയിൽ രഹസ്യ സൈനിക താവളം സ്ഥാപിച്ചിരുന്നുവെന്ന വെളിപ്പെടുത്തലുമായി അമേരിക്കൻ മാധ്യമമായ ദ് വോൾ സ്ട്രീറ്റ് ജേണൽ. ഇറാഖ് സർക്കാരിന് ഇതുസംബന്ധിച്ച് അറിവില്ലായിരുന്നുവെങ്കിലും അമേരിക്കൻ ഭരണകൂടത്തിന് ഈ നീക്കത്തെക്കുറിച്ച് വ്യക്തമായ ധാരണ ഉണ്ടായിരുന്നുവെന്നാണ് റിപ്പോർട്ട് പറയുന്നത്.
റിപ്പോർട്ടുപ്രകാരം, പശ്ചിമ ഇറാഖിലെ ജനവാസമില്ലാത്ത മരുഭൂമിപ്രദേശത്ത് അസാധാരണമായ ഹെലികോപ്റ്റർ നീക്കങ്ങൾ ശ്രദ്ധയിൽപ്പെട്ട ഒരു ഇടയനാണ് ആദ്യം സംശയം പ്രകടിപ്പിച്ചത്. മാർച്ചിന്റെ തുടക്കത്തിൽ ആടുകളെ മേയിക്കുമ്പോൾ വളരെ താഴ്ന്ന് പറക്കുന്ന ഹെലികോപ്റ്ററുകൾ കണ്ട ഇയാൾ വിവരം ഇറാഖ് സൈന്യത്തെ അറിയിക്കുകയായിരുന്നു.
തുടർന്ന് സൈന്യം അന്വേഷണം ആരംഭിച്ചെങ്കിലും, താവളത്തിനടുത്തേക്ക് നീങ്ങിയ ഇറാഖ് സൈനിക സംഘങ്ങളെ ലക്ഷ്യമിട്ട് വ്യോമാക്രമണം നടന്നുവെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ആക്രമണത്തിൽ ഒരു ഇറാഖ് സൈനികൻ കൊല്ലപ്പെടുകയും രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പിന്നീട് കൂടുതൽ സൈനിക സംഘങ്ങളെ പ്രദേശത്തേക്ക് അയച്ചപ്പോൾ, അടുത്തിടെ വരെ അവിടെ സൈനിക സാന്നിധ്യമുണ്ടായിരുന്നുവെന്നതിന് തെളിവുകൾ ലഭിച്ചതായും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
ഇറാനെതിരായ വ്യോമാക്രമണങ്ങൾക്ക് പിന്തുണ നൽകുന്നതിനായാണ് ഇസ്രയേൽ ഈ രഹസ്യ താവളം സ്ഥാപിച്ചതെന്നാണ് വിലയിരുത്തൽ. യുദ്ധം തുടങ്ങുന്നതിന് തൊട്ടുമുമ്പ് തന്നെ ഈ കേന്ദ്രം സജ്ജമാക്കിയതായും റിപ്പോർട്ടിൽ പറയുന്നു. ഇവിടെ ഇസ്രയേൽ പ്രത്യേക സൈനിക വിഭാഗത്തെ വിന്യസിച്ചിരുന്നതായും, വ്യോമസേനയുടെ ലോജിസ്റ്റിക് ഹബ്ബായും ഇത് പ്രവർത്തിച്ചിരുന്നുവെന്നുമാണ് വിവരം.
ഇറാന്റെ വ്യോമാതിർത്തിക്കുള്ളിൽ ഇസ്രയേൽ വിമാനങ്ങൾ തകർന്നാൽ പൈലറ്റുമാരെ രക്ഷപ്പെടുത്തുന്നതിനായുള്ള തിരച്ചിൽ-രക്ഷാപ്രവർത്തന സംഘങ്ങളെയും ഈ കേന്ദ്രത്തിൽ സജ്ജമാക്കിയിരുന്നുവെന്ന് റിപ്പോർട്ടിൽ പറയുന്നു.
വിശാലവും ജനവാസമില്ലാത്തതുമായ പശ്ചിമ ഇറാഖ് മരുഭൂമി രഹസ്യ സൈനിക പ്രവർത്തനങ്ങൾക്ക് ഏറെ അനുയോജ്യമായ മേഖലയാണെന്ന് സുരക്ഷാ വിദഗ്ധർ വിലയിരുത്തുന്നു. 1991 ലും 2003 ലും സദ്ദാം ഹുസൈനെതിരായ അമേരിക്കൻ സൈനിക നടപടികളിലും ഈ പ്രദേശം പ്രധാന തന്ത്രപ്രധാന കേന്ദ്രമായി ഉപയോഗിച്ചിരുന്നുവെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
















































