ന്യൂഡല്‍ഹി: ലോസാഞ്ചല്‍സിലെയും കലിഫോര്‍ണിയയുടെ പരിസരങ്ങളെയും ചുട്ടുകരിച്ചുകൊണ്ടുള്ള തീപിടിത്തം ലോകത്തെ ആദ്യമായി ഞെട്ടിച്ചത് ജനുവരി ഏഴിനാണ്. രണ്ടുലക്ഷത്തോളം ആളുകളെ മാറ്റിപ്പാര്‍പ്പിക്കേണ്ടിവന്നു. വീടുകളടക്കം 12,000 കെട്ടിടങ്ങള്‍ കത്തിനശിച്ചു.
ഇതിനു പിന്നാലെ നിരവധി വീഡിയോകളാണു യൂട്യൂബിലും മറ്റു വീഡിയോ പ്ലാറ്റ്‌ഫോമുകളിലും പ്രചരിക്കുന്നത്. ഇതിലൊന്നില്‍ മറ്റെല്ലാ കെട്ടിടങ്ങളും കത്തിനശിച്ചപ്പോള്‍ മുസ്ലിം പള്ളിക്കു മാത്രം ഒന്നും സംഭവിക്കാതെ നില്‍ക്കുന്നു എന്ന വീഡിയോയുമുണ്ട്.
ഇസ്ലാമിക് വൈബ് എന്ന യൂട്യൂബ് ചാനലില്‍ അപ്‌ലോഡ് ചെയ്ത വീഡിയോ ആണ് ഏറ്റവും കൂടുതല്‍ ഈ പ്രചാരണം അഴിച്ചുവിട്ടത്. ലോസാഞ്ചല്‍സിലെ അല്‍-ഹിക്കാമ എന്ന മോസ്‌കിന് പോറല്‍ പോലും ഏറ്റില്ലെന്നും തീയടുത്ത് എത്തിയതോടെ ഇതിന്റെ ദിശ മാറിയെന്നും വീഡിയോയില്‍ അവകാശപ്പെടുന്നു.
അതുപോലെ, അല്‍-ഫതാഹാന്‍ എന്ന ചാനലും ഈതേ വീഡിയോ അപ്‌ലോഡ് ചെയ്തിട്ടുണ്ട്. തീപടരുമ്പോള്‍ ഈ മോസ്‌കിനു മാത്രം ഒന്നും സംഭവിച്ചിട്ടില്ലെന്നും പറയുന്നു. ഡിസ്‌കവര്‍ പാകിസ്താന്‍, ഇസ്ലാമിക് സര്‍വൈവല്‍ എന്നീ ചാനലുകളും ഇതേ വാദങ്ങള്‍ ഉയര്‍ത്തുന്നു.
ഇസ്ലാമിക് സര്‍വൈവലില്‍ കാര്യങ്ങള്‍ അല്‍പംകൂടി കടന്നിട്ടുണ്ട്. തീപടര്‍ന്നപ്പോള്‍ ആളുകള്‍ ഒരു ലൈബ്രറിയില്‍ അഭയം തേടിയെന്നും എന്നിട്ടും എല്ലാം കത്തി നശിച്ചെന്നും ഇവിടെനിന്ന് രക്ഷപ്പെട്ട ഒരാള്‍ തിരികെയെത്തി നോക്കുമ്പോള്‍ ‘ഖുറാന്‍’ മാത്രം അവശേഷിച്ചെന്നും പറയുന്നു. കെട്ടിടത്തിന്റെ ഇരുമ്പു ഭാഗങ്ങള്‍പോലും കൊടുംചൂടില്‍ ഉരുകി നശിച്ചപ്പോഴാണ് ഖുറാനിനു കേടുപറ്റാത്തതെന്നും ഇൗ മിറക്കിള്‍ പുറത്തുവന്നതിനു പിന്നാലെ നിരവധി ഇതര മതവിശ്വാസികള്‍ ഇസ്ലാമിലേക്കു കൂട്ടത്തോടെ ചേര്‍ന്നെന്നും പറയുന്നു. ഇസ്ലാമിക് റോബ്‌സ്, പാത്ത് ടു ജെന്ന എന്നീ ചാനലുകളും ഇതുതന്നെ ആവര്‍ത്തിക്കുന്നു.
ഇതു സത്യമാണോ എന്നു പരിശോധിക്കാം..
അംബരചുംബികളായ കെട്ടിടങ്ങളെ തീവിഴുങ്ങുന്നതിന്റെ കാഴ്ചകളാണു വീഡിയോകളില്‍ നിറയെ. കെട്ടിടത്തിന്റെ മുകളില്‍ പോലും തീപിടിക്കുന്നതു വ്യക്തമാണെങ്കിലും സൂഷ്മമായി പരിശോധിച്ചാല്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ (എഐ) സഹായത്തോടെ സൃഷ്ടിച്ചതാണെന്നു വ്യക്തം.
ഇതോടൊപ്പം, വീഡിയോയില്‍ പറയുന്ന ലോസാഞ്ചല്‍സിലെ ഈ മേഖലയില്‍ തീപടര്‍ന്നിട്ടില്ല എന്നതാണു വാസ്തവം! ഫാക്ട് ചെക്കിംഗ് നടത്തുന്ന ആള്‍ട്ട് ന്യുസ് ആണ് വിവരങ്ങള്‍ പൊളിച്ചടുക്കിയത്. ഇവര്‍ ഗൂഗിളിലൂടെയും അമേരിക്കയില്‍ തത്സമയം റിപ്പോര്‍ട്ട് ചെയ്യുന്നവരിലൂടെയും ഈ വിവരങ്ങള്‍ ഉറപ്പാക്കി. അവിടെ ഒരിടത്തും മോസ്‌കിനു മാത്രം ഒന്നും സംഭവിക്കാത്ത നിലയിലില്ല എന്നു വ്യക്തമാണ്. അല്‍-ഹിക്ക്മ, ന്യൂറല്‍ ഇമാം എന്നീ മോസ്‌കുകളെക്കുറിച്ചുള്ള വിവരം പോലും ആരുടെ പക്കലുമില്ല! ഏതെങ്കിലും ഒരു ലൈബ്രറിയിലെ സംഭവങ്ങളു ആരും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
എന്നാല്‍, മസ്ജിദ് അല്‍-തഖ്വ അടക്കമുള്ള പസാദേന, ആള്‍ട്ട്‌ദേന എന്നിവിടങ്ങളിലെ മോസ്‌കുകളും ചാമ്പലായി എന്നു റിപ്പോര്‍ട്ടുകളില്‍ പറയുന്നുമുണ്ട്. ഇസ്ലാമിക ചാനലുകള്‍ അവകാശപ്പെടുന്നതുപോലെ ഖുറാന്റെയോ മോസ്‌കുകളുടെയോ യഥാര്‍ഥ ചിത്രങ്ങളും ആരും പുറത്തുവിട്ടിട്ടില്ല. വീഡിയോയിലെ വോയ്‌സ് ഓവര്‍ പോലും മനുഷ്യന്‍ നല്‍കിയതല്ല, പകരം റോബോട്ടിക് വോയ്‌സ് ആണ്. പാകിസ്താനിലെ ചാനല്‍ മാത്രമാണ് വ്യത്യസ്തമായത്. ഇരില്‍ വിഷ്വലുകള്‍ എഐ ഉപയോഗിച്ചു നിര്‍മിച്ചതാണെങ്കിലും ശബ്ദം മനുഷ്യന്റെതന്നെയാണ്.
ഇതെല്ലാം വ്യക്തമാക്കുന്നത് യുട്യൂബ് ചാനലുകളില്‍ പറയുന്നതെല്ലാം ആളുകളെ തെറ്റിദ്ധരിപ്പിക്കുന്നതാണ് എന്നതാണ്. ഇൗ വീഡിയോകള്‍ യൂട്യൂബില്‍ ദശലക്ഷക്കണക്കിന് ആളുകളാണ് കണ്ടത്.