തിരുവനന്തപുരം: കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റും സിപിഎം നേതാവുമായ പിപി ദിവ്യക്കെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം വന്നേക്കും. അടുത്ത ഒരാഴ്ചക്കുള്ളിൽ ആഭ്യന്തര വകുപ്പ് ഇത് സംബന്ധിച്ച് ഉത്തരവിറക്കും എന്നാണ് സൂചന. ക്രൈംബ്രാഞ്ച് അന്വേഷണത്തിന് അനുകൂലമായി മുഖ്യമന്ത്രി പിണറായി വിജയൻ പച്ചക്കൊടി വീശിയതായാണ് റിപ്പോർട്ട്. പാപ്പിനിശേരി, കരിക്കിൻകുളം,. ചെറുകുന്ന്, വളപട്ടണം എന്നീ മേഖലകളിലെ പ്രവർത്തകരുടെ കൂട്ട പരാതിയെ തുടർന്നാണ് നടപടി.
എഡിഎം നവീൻ ബാബുവിന്റെ ആത്മഹത്യ, ജില്ലാ പഞ്ചായത്ത് ഏറ്റെടുത്ത വികസന പദ്ധതികളിലെ ദിവ്യയുടെ പങ്കാളിത്തം, ചില നിർമാണ പ്രവർത്തനങ്ങൾ കരാറുകാർക്ക് മറിച്ചുകൊടുത്ത പരാതികൾ എന്നിവയെപ്പറ്റിയാകും അന്വേഷണം. അന്വേഷണസംഘത്തെയും അന്വേഷണ വിഷയങ്ങളെപ്പറ്റിയും രണ്ടു ദിവസത്തിനകം തീരുമാനമാകും.
ജില്ലാ പഞ്ചായത്തിന്റെ ചില വികസന-നിർമാണ പദ്ധതികൾ മുസ്ലിംലീഗ്, എൻഡിഎഫ് സഹയാത്രികരായ കരാറുകാർക്ക് മറിച്ചുകൊടുത്തു എന്നാണ് പാർട്ടി പ്രവർത്തകരുടെ പരാതി. ജില്ലാ പഞ്ചായത്ത് അംഗം പിപി ഷാജറും ഇതിന് ഒത്താശ ചെയ്യുന്നു എന്നും പരാതിയിലുണ്ട്. ഷാജറിനെതിരെയും അന്വേഷണം വരാനാണ് സാധ്യത.
അതേ സമയം പിപി ദിവ്യ കണ്ണൂർ സർവകലാശാല സെനറ്റിൽ അംഗമായി തുടരുന്നതിൽ കണ്ണൂർ വിസിയോട് വിശദീകരണം തേടിയിരുന്നു ഗവർണ്ണർ. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് സ്ഥാനത്ത് നിന്ന് രാജിവച്ച ദിവ്യയെ ജില്ലാ പഞ്ചായത്ത് അധ്യക്ഷയെന്ന നിലയിലുള്ള സെനറ്റ് അംഗത്വത്തിൽ നിന്നും പുറത്താക്കണമെന്നാവശ്യപ്പെട്ട ഗവർണർക്ക് പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി.















































