വാഷിങ്ടൺ: നാസയുടെ ബഹിരാകാശ സഞ്ചാരികളായ സുനിത വില്യംസിനേയും ബാരി വിൽമറിനേയും തിരികെ കൊണ്ടുവരാൻ വേണ്ടകാര്യങ്ങൾ ചെയ്യണമെന്ന് സ്പേസ് എക്സിനോട് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആവശ്യപ്പെട്ടതായി ഇലോൺ മസ്ക്. എക്സിലൂടെയാണ് മസ്ക് ഇക്കാര്യം അറിയിച്ചത്.
‘അന്താരാഷ്ട്ര ബഹിരാകാശനിലയത്തിൽ കുടുങ്ങിക്കിടക്കുന്ന ബഹിരാകാശ സഞ്ചാരികളെ കഴിയുന്നത്ര വേഗത്തിൽ തിരിച്ചെത്തിക്കാൻ സ്പേസ്എക്സിനോട് ട്രംപ് ആവശ്യപ്പെട്ടു. ഞങ്ങൾ അത് ചെയ്യും. അവരെ തിരിച്ചെത്തിക്കാൻ ബൈഡൻ ഭരണകൂടം ഇതുവരെ ഒന്നും ചെയ്യാതിരുന്നത് ഭയങ്കരംതന്നെ, ഇലോൺ മസ്ക് എക്സിൽ കുറിച്ചു.
ബൈഡൻ ഭരണകൂടം തിരികെ കൊണ്ടുവരാത്തതിനാൽ ബഹിരാകാശത്ത് തുടരുന്ന രണ്ട് ധീരരായ ബഹിരാകാശയാത്രികരെ തിരികെയെത്തിക്കാൻ ഇലോൺ മസ്കിനോടും സ്പേസ്എക്സിനോടും താൻ ആവശ്യപ്പെട്ടതായി സ്വന്തം സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ടൂത്ത് സോഷ്യലിൽ ട്രംപ് വ്യക്തമാക്കി. രണ്ടുപേരും കുറേ മാസങ്ങളായി അന്താരാഷ്ട്രനിലയത്തിൽ കാത്തിരിക്കുകയാണ്. ഇലോൺ ഉടനെ തന്നെ അതിന് തീരുമാനമുണ്ടാക്കും. എല്ലാവരും നന്നായിരിക്കുന്നെന്ന് പ്രതീക്ഷിക്കുന്നു. ഗുഡ് ലക്ക് ഇലോൺ, ട്രംപ് കുറിച്ചു.
കഴിഞ്ഞ വർഷം ജൂൺ അഞ്ചിന് ബോയിങ് സ്റ്റാർലൈനർ പേടകത്തിലാണ് എട്ട് ദിവസം നീളുന്ന ദൗത്യത്തിനായി സുനിത വില്യംസും ബാരി വിൽമറും ബഹിരാകാശ നിലയത്തിലേക്ക് പോയത്. സ്റ്റാൽലൈനറിനുണ്ടായ തകരാറിനെ തുടർന്ന് തിരികെവരാനാകാതെ മാസങ്ങളായി ഇരുവരും അന്താരാഷ്ട്ര ബഹിരാകാശനിലയത്തിൽ കുടുങ്ങിക്കിടക്കുകയാണ്. മാർച്ചോടെ ഇവർ തിരികെ ഭൂമിയിലെത്തുമെന്നാണ് റിപ്പോർട്ടുകൾ.