തിരുവനന്തപുരം: സംസ്ഥാനത്ത് ഹരിമാഫിയ്ക്കെതിരെ സമഗ്ര പോരാട്ടം പ്രഖ്യാപിച്ച് സർക്കാർ ‘ഓപ്പറേഷൻ തൂഫാൻ’ പദ്ധതിക്ക് തുടക്കമിട്ടു. തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ മുഖ്യമന്ത്രി വി. ഡി. സതീശൻ പദ്ധതി ഉദ്ഘാടനം ചെയ്തു.
കേരളത്തിലെ കുറ്റകൃത്യങ്ങളുടെ സ്വഭാവം കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഗണ്യമായി മാറിയിട്ടുണ്ടെന്നും, മയക്കുമരുന്ന് ഉപയോഗം സമൂഹത്തെ ഭയാനകമായ അവസ്ഥയിലേക്കാണ് തള്ളിവിടുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. സ്വന്തം മാതാപിതാക്കളെ വരെ ആക്രമിക്കാനും കൊലപ്പെടുത്താനും ആളുകളെ പ്രേരിപ്പിക്കുന്ന സാമൂഹിക ദുരന്തമായി ലഹരി മാറിയിരിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കേരളത്തിൽ നിന്ന് ലമയക്കുമരുന്ന് ശൃംഖലകൾ പൂർണമായും തുടച്ചുനീക്കുകയാണ് ലക്ഷ്യമെന്നും, കേരള പോലീസും എക്സൈസ് വകുപ്പും ചേർന്ന് നടപ്പാക്കുന്ന ഏറ്റവും ശക്തമായ നീക്കങ്ങളിലൊന്നായി ‘ഓപ്പറേഷൻ തൂഫാൻ’ മാറണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പദ്ധതിയുടെ നോഡൽ ഓഫീസറായി ഐജി പുട്ട വിമലാദിത്യയെ നിയമിച്ചതായും ചടങ്ങിൽ പ്രഖ്യാപിച്ചു.
പുതുതലമുറയെ ലഹരിക്ക് അടിമകളാക്കുന്ന സംഘങ്ങൾക്കെതിരെ യാതൊരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. ലഹരി വിൽപനയും കടത്തും നടത്തുന്നവർ ഉടൻ തന്നെ ഇത്തരം പ്രവർത്തനങ്ങൾ അവസാനിപ്പിക്കണമെന്നും, അല്ലാത്തപക്ഷം നിയമത്തിന്റെ ശക്തമായ നടപടി നേരിടേണ്ടിവരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
ഡി.ജെ. പാർട്ടികളിലും ഫൈവ് സ്റ്റാർ ഹോട്ടലുകളിലും ഉൾപ്പെടെ ലഹരി വിൽപന നടക്കുന്നതായി വിവരം ലഭിച്ചിട്ടുണ്ടെന്നും, ഇത്തരം കേന്ദ്രങ്ങൾക്കെതിരെയും കർശന നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. പദവിയോ സ്വാധീനമോ സാമ്പത്തിക ശക്തിയോ നിയമത്തിന് മുന്നിൽ പരിഗണിക്കപ്പെടില്ലെന്നും അദ്ദേഹം പറഞ്ഞു.
“പോലീസ് സ്റ്റേഷനുകളിൽ കയറി പ്രതികളെ ഇറക്കിക്കൊണ്ടുപോകുന്ന കാലം കഴിഞ്ഞു,” എന്ന് പറഞ്ഞ ചെന്നിത്തല, ലഹരിക്കേസുകളിൽ ആരെങ്കിലും സ്വാധീനം ചെലുത്താൻ ശ്രമിച്ചാലും അത് അനുവദിക്കില്ലെന്ന് വ്യക്തമാക്കി. അന്വേഷണത്തെ അട്ടിമറിക്കാനോ പ്രതികൾക്ക് വഴിവിട്ട സഹായം നൽകാനോ ശ്രമിക്കുന്ന പോലീസ് ഉദ്യോഗസ്ഥർക്കെതിരെയും ശക്തമായ നടപടിയുണ്ടാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
ലഹരി വ്യാപനത്തിനെതിരെ സംസ്ഥാനതലത്തിൽ പോലീസ്, എക്സൈസ്, രഹസ്യാന്വേഷണ വിഭാഗങ്ങൾ എന്നിവയുടെ ഏകോപനത്തോടെ പ്രവർത്തിക്കുന്ന പ്രത്യേക കർമപദ്ധതിയായാണ് ‘ഓപ്പറേഷൻ തൂഫാൻ’ നടപ്പാക്കുന്നത്.

















































