മറയൂർ: മൂന്നാറിൽ പാഞ്ഞെത്തിയ പടയപ്പയുടെ ആക്രമണത്തിൽ നിന്ന് ഒരു കുടുംബം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ഇവർ സഞ്ചരിച്ചിരുന്ന കാർ ഭാഗികമായി പടയപ്പ തകർത്തു. മറയൂർ കൂടവയൽ തെക്കേൽ വീട്ടിൽ അനീഷിൻറെ കാറാണ് ബുധനാഴ്ച രാത്രി പടയപ്പ മൂന്നാർ മറയൂർ അന്തസംസ്ഥാന പാതയിൽ കന്നിമല ഫാക്ടറിക്ക് സമീപം വച്ച് ആക്രമിച്ചത്.
കോട്ടയത്ത് ആശുപത്രിയിൽ പോയി തിരികെ മറയൂരിലേക്ക് വരികയായിരുന്നു കുടുംബം. അനീഷിനോടൊപ്പം ഭാര്യാ മാതാവ് ചിന്നമ്മ, മകൾ അനീഷ്യ, സുഹൃത്ത് റോബിൻസൺ എന്നിവർ ഉണ്ടായിരുന്നു. കനത്ത മഞ്ഞിൽ റോഡിൽ നിന്ന പടയപ്പയെ അടുത്തെത്തിയപ്പോഴാണ് കണ്ടത്. പെട്ടന്ന് കാർ പിന്നിലേക്ക് എടുത്തപ്പോൾ പാതയോരത്ത് ഉണ്ടായിരുന്ന വൈദ്യുതി പോസ്റ്റിൽ ഇടിച്ചു നിന്നു. ഇതോടെ കാറിന്റെ മുൻവശത്തും വശങ്ങളിലും പടയപ്പ തുമ്പികൈ കൊണ്ടും കൊമ്പുകൾ കൊണ്ടും അക്രമിച്ചു. പിന്നീട്കാറിന് സമീപം അല്പനേരം നിന്നശേഷം മൂന്നാർ ഭാഗത്തിലേക്ക് പോയി.
മറ്റൊരിടത്ത് പഞ്ചായത്തിന്റെ നല്ലതണ്ണി കല്ലാറിലുള്ള മാലിന്യസംസ്കരണ കേന്ദ്രത്തിൽ രണ്ട് കാട്ടാനകൾ ഏറ്റുമുട്ടി. വ്യാഴാഴ്ച രാവിലെയാണ് സംഭവം. ഒറ്റക്കൊമ്പനും പ്രദേശത്ത് പുതുതായി എത്തിയ മറ്റൊരു കാട്ടാനയുമാണ് കൊമ്പുകോർത്തത്. മാലിന്യപ്ലാന്റിന് സമീപത്ത് പച്ചക്കറിമാലിന്യങ്ങൾ തിന്നുകൊണ്ടിരുന്ന ഒറ്റക്കൊമ്പന്റെ സമീപത്തേക്ക് മറ്റൊരാന എത്തിയതാണ് പ്രകോപനത്തിന് കാരണമായത്. ഏറെനേരം പരസ്പരം കൊമ്പുകോർത്ത ആനകൾ പിന്നീട് പിൻവാങ്ങി.
ആനകൾക്ക് പരുക്കില്ലെന്നാണ് അറിയുന്നത്. നേരത്തേ പടയപ്പയും ഒറ്റക്കൊമ്പനും പ്രദേശത്ത് ഏറ്റുമുട്ടിയിരുന്നു. ഇതേ തുടർന്ന് ഒറ്റക്കൊമ്പന് നിസ്സാര പരുക്കേറ്റിരുന്നു. പ്ലാന്റിന് വെളിയിൽ കൂട്ടിയിടുന്ന പച്ചക്കറിമാലിന്യം തിന്നുന്നതിനാണ് ആനകൾ പ്രദേശത്തെത്തുന്നത്. കാട്ടാനകൾ പ്ലാന്റിലെ തൊഴിലാളികൾക്ക് ഭീഷണിയാണ്. പ്ലാന്റിൽ നിരീക്ഷണ ക്യാമറ സ്ഥാപിക്കാൻ തീരുമാനിച്ചിട്ടുണ്ട്.
അതേ സമയം മസ്തകത്തിൽ മുറിവേറ്റ നിലയിൽ അതിരപ്പിള്ളിയിൽ കണ്ടെത്തിയ കാട്ടാനയെ മയക്കുവെടിവച്ചു. ഡോ. അരുൺ സക്കറിയയുടെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘമാണ് മയക്കുവെടി വച്ചത്. നാല് തവണയാണ് വെടിവെച്ചതെങ്കിലും അതിൽ ഒരെണ്ണമാണ് ആനയ്ക്ക് ഏറ്റത്. ആനയുടെ പിൻകാലിലാണ് മയക്കുവെടിയേറ്റത്. മയക്കുവെടിയേറ്റ് ആന മയങ്ങുന്നതിനനുസരിച്ച് ഡോ. അരുൺ സഖറിയയും സംഘവും തുടർ ചികിത്സകൾ നൽകും. ദിവസങ്ങൾ നീണ്ട ദുഷ്‌കരമായ ദൗത്യത്തിനൊടുവിലാണ് ആനയ്ക്ക് മയക്കുവെടിവെച്ചത്. തുടർന്ന് ആനയ്ക്ക് ചികിത്സ നൽകി കാട്ടിൽവിടാനാണ് തീരുമാനം.