കണ്ണൂർ: കണ്ണൂർ പയ്യന്നൂരിൽ പോലീസിന് നേരെ ബോംബറിഞ്ഞ കേസിൽ സിപിഎമ്മുകാരായ പ്രതികൾ കുറ്റക്കാരാണെന്ന് കോടതി. സിപിഎം പ്രവർത്തകരായ ടി സി വി നന്ദകുമാർ, വി കെ നിഷാദ് എന്നിവരെയാണ് കുറ്റക്കാരാണെന്നാണ് കോടതി കണ്ടെത്തിയത്. ഐപിസി 307 സ്ഫോടക വസ്തു നിയമത്തിലെ മൂന്ന്, നാല് വകുപ്പുകൾ പ്രകാരം കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തുകയായിരുന്നു. പ്രതികൾക്കെതിരെ വധശ്രമക്കുറ്റവും സ്ഫോടക വസ്തു നിരോധന നിയമവും തെളിഞ്ഞു. പ്രതികളുടെ ശിക്ഷ നാളെ വിധിക്കും.
അതേസമയം കേസിലെ പ്രതികളിലൊരാളായ വികെ നിഷാദ് പയ്യന്നൂർ നഗരസഭയിൽ 46-ാം വാർഡിൽ എൽഡിഎഫ് സ്ഥാനാർത്ഥിയാണ്. പയ്യന്നൂർ നഗരസഭയിലെ മത്സരിക്കുന്ന ഡിവൈഎഫ്ഐ ബ്ലോക്ക് പ്രസിഡൻറ് നിഷാദ്, നന്ദകുമാർ എന്നിവർ കുറ്റക്കാരാണെന്നാണ് തളിപ്പറമ്പ് അഡീഷണൽ കോടതി കണ്ടെത്തിയത്. 2012 ഓഗസ്റ്റ് ഒന്നിനാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ഷുക്കൂർ വധക്കേസിൽ പി ജയരാജൻ അറസ്റ്റിലായതിനെ തുടർന്ന് പയ്യന്നൂർ ടൗണിൽ വെച്ച് പോലീസിനെതിരെ നിഷാദ് അടക്കമുള്ള പ്രതികൾ ബോംബ് എറിയുകയായിരുന്നു. തളിപ്പറമ്പ് അഡീഷണൽ സെഷൻസ് കോടതി ജഡ്ജി കെ എൻ പ്രശാന്തിന്റെതാണ് ഉത്തരവ്.

















































