മുംബൈ: മുംബൈ ഇന്ത്യൻസ് ക്യാംപിലെ പരിശീലനത്തിനിടെ തോളത്ത് കയ്യിട്ട് ക്യാപ്റ്റൻ പാണ്ഡ്യയെ കണ്ട് ഞെട്ടി മലയാളി സ്പിന്നർ വിഘ്നേഷ് പുത്തൂർ. മുംബൈ ഇന്ത്യൻസ് ടീമിലെ പരിശീലന സെഷനിടെയാണ് ടീം ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയും ചർച്ചയിൽ പങ്കെടുക്കാനെത്തിയത്. താരങ്ങൾക്കു പിന്നിൽനിന്ന പാണ്ഡ്യ വിഘ്നേഷിന്റെ തോളത്ത് കയ്യിടുകയായിരുന്നു. തന്റെ ദേഹത്തുകയ്യിട്ട് ആരാണ് നിന്നതെന്നറിയാൻ ചെരിഞ്ഞുനോക്കിയ മലയാള പയ്യൻ ഞെട്ടി. സാക്ഷാൽ ഹാർദിക് പാണ്ഡ്യ… ഇതുകണ്ടതോടെ വിഘ്നേഷിന്റെ കണ്ണു തള്ളുന്നതു ദൃശ്യങ്ങളിൽ വ്യക്തമാണ്.
ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്സിനെതിരായ ആദ്യ മത്സരത്തിൽ തന്നെ ഇംപാക്ട് പ്ലേയറായി അവസരം ലഭിച്ച വിഘ്നേഷ് മൂന്നു വിക്കറ്റുകൾ വീഴ്ത്തിയിരുന്നു. സ്ലോ ഓവർ നിരക്കിന്റെ പേരിൽ വിലക്കു നേരിടുന്നതിനാൽ പാണ്ഡ്യ ചെന്നൈയ്ക്കെതിരെ കളിച്ചിരുന്നില്ല. സൂര്യകുമാർ യാദവായിരിന്നു ഈ മത്സരത്തിൽ മുംബൈ ഇന്ത്യൻസിന്റെ ക്യാപ്റ്റൻ.
അതേസമയം രോഹിത് ശർമയ്ക്കു പകരം മുംബൈ ഇന്ത്യൻസിന്റെ ഇംപാക്ട് സബ്സ്റ്റിറ്റ്യൂട്ടായി കളത്തിലിറങ്ങിയ മലയാളി താരം വിഘ്നേഷ് പുത്തൂർ നേടിയതു ചെന്നൈ സൂപ്പർ കിങ്സിന്റെ 3 വിലപ്പെട്ട വിക്കറ്റുകളാണ്. ചൈനാമാൻ ബോളറായ വിഘ്നേഷ് ബോൾ ചെയ്ത ആദ്യ ഓവറിൽ കൂടാരം കയറ്റിയത് ചെന്നൈ ക്യാപ്റ്റൻ ഋതുരാജ് ഗെയ്ക്‌വാദ്. രണ്ടാം ഓവറിൽ ശിവം ദുബെയും പിന്നാലെ ദീപക് ഹൂഡയും വിഘ്നേഷിന്റെ ഇടംകൈ ലെഗ്സ്പിന്നിനു മുന്നിൽ കീഴടങ്ങുകയായിരുന്നു.
കേരളത്തിനു വേണ്ടിയോ, ഇന്ത്യയ്ക്കു വേണ്ടിയോ കളിച്ചു പരിചയമില്ലാത്ത വിഗ്നേഷ് 4 ഓവറിൽ 32 റൺസ് വഴങ്ങി 3 വിക്കറ്റ് സ്വന്തമാക്കി തന്റെ വരവറിയിച്ചു. ആദ്യ മൂന്ന് ഓവറിൽ 17 റൺസ് വഴങ്ങി മൂന്നു വിക്കറ്റ് എന്ന നിലയിലായിരുന്നു വിഘ്നേഷ്. താരത്തിന്റെ അവസാന ഓവറിൽ രചിൻ രവീന്ദ്ര രണ്ടു സിക്സുകൾ ഉൾപ്പെടെ 15 റൺസ് അടിച്ചതോടെയാണ് നാല് ഓവറിൽ 32 റൺസ് വഴങ്ങി 3 വിക്കറ്റ് എന്ന നിലയിലേക്കെത്തിയത്.
Vignesh Puthur 😂 pic.twitter.com/CkiVXOHwXs
— Nenu (@Nenu_yedavani) March 24, 2025