ലക്നൗ: കാൺപുരിൽ ഭാര്യയെ മുറിയിൽ പൂട്ടിയിട്ട് പാമ്പിനെ കൊണ്ട് കൊല്ലാൻ ശ്രമം. സ്ത്രീധനത്തിന്റെ പേരിൽ രേഷ്മയെന്ന യുവതിയെ ഭർത്താവ് ഷാനവാസ് നിരന്തരം പീഡിപ്പിക്കുമായിരുന്നു. അവസാന ശ്രമമെന്ന നിലയിൽ യുവതിയെ മുറിയിൽ പൂട്ടിയിട്ട ശേഷം വിഷപ്പാമ്പിനെ തുറന്നുവിടുകയായിരുന്നു. സ്ത്രീധന പീഡനത്തെ ചൊല്ലി നടന്ന തർക്കത്തിനൊടുവിലാണ് സംഭവം. പാമ്പിന്റെ കടിയേറ്റ രേഷ്മയുടെ ആരോഗ്യനില ഗുരുതരമാണ്. സംഭവത്തിൽ ഷാനവാസ് ഉൾപ്പെടെ ഏഴു പേർക്കെതിരെ പോലീസ് കേസെടുത്തു.
അതേസമയം വേദനകൊണ്ടു പുളഞ്ഞ യുവതി നിലവിളിക്കുകയും സഹായത്തിനായി ഭർതതൃവീട്ടുകാരോട് അപേക്ഷിക്കുകയും ചെയ്തെങ്കിലും ഭർതൃവീട്ടുകാർ പുറത്തിരുന്ന് ചിരിക്കുകയായിരുന്നുവെന്ന് യുവതിയുടെ വീട്ടുകാർ നൽകിയ പരാതിയിൽ പറയുന്നു. പിന്നീട് രേഷ്മ സഹോദരിയെ ഫോണിൽ വിളിച്ചു കാര്യം അറിയിക്കുകയായിരുന്നു. സഹോദരി എത്തിയപ്പോഴേക്കും അവശനിലയിലായിരുന്നു രേഷ്മ.
2021ലായിരുന്നു ഷാനവാസിന്റെയും രേഷ്മയുടെയും വിവാഹം. വിവാഹശേഷം ഒന്നര ലക്ഷം രൂപ ഷാനവാസിന്റെ കുടുംബത്തിനു നൽകിയിരുന്നു. എന്നാൽ അഞ്ചു ലക്ഷം വേണമെന്നായിരുന്നു ആവശ്യം. ഇക്കാര്യം ആവശ്യപ്പെട്ട് പലതവണ രേഷ്മയെ കഴുത്തുഞെരിച്ച് കൊല്ലാൻ ഷാനവാസ് ശ്രമിച്ചിരുന്നുവെന്ന് രേഷ്മയുടെ കുടുംബം പോലീസിനു നൽകിയ പരാതിയിൽ പറയുന്നു.