ജെയ്പുർ: അച്ഛനും അമ്മയ്ക്കും കുടുംബത്തിനുമൊപ്പം അമ്പലത്തിൽ എത്തിയ ഏഴുവയസുകാരനെ കടുവ കടിച്ചുകൊന്നു. മുത്തശ്ശനും അമ്മാവനും നോക്കി നിൽക്കെയാണ് സംഭവം. രാജസ്ഥാനിലെ രൺതംഭോർ ദേശീയ പാർക്കിനുള്ളിലാണ് ദാരുണസംഭവമുണ്ടായത്. കാർത്തിക് സുമൻ എന്ന കുട്ടിയാണ് കൊല്ലപ്പട്ടത്. പാർക്കിൽ മുത്തശ്ശിയുടെ കൈ പിടിച്ച് ഇരുന്ന കുട്ടിയെ കാട്ടിൽ നിന്നും ചാടി വീണ കടുവ കഴുത്തിൽ കടിച്ചെടുത്ത് ഓടുകയായിരുന്നു. നടുങ്ങിപ്പോയ തനിക്ക് ഒന്നും ചെയ്യാൻ കഴിഞ്ഞില്ലെന്നും എന്താണ് സംഭവിച്ചതെന്ന് തിരിച്ചറിഞ്ഞപ്പോഴേക്കും കാർത്തികുമായി കടുവ കുറ്റിക്കാട്ടിലേക്ക് മറഞ്ഞിരുന്നുവെന്നും മുത്തശ്ശി പോലീസിനോട് പറഞ്ഞു.
ബുന്ദി ജില്ലയിൽ നിന്നുമാണ് കാർത്തികും കുടുംബവും ക്ഷേത്ര ദർശനത്തിനായി എത്തിയത്. പിന്നീട് സമീപത്തെ പാർക്കിലിരിക്കെയാണ് സംഭവം.
കുട്ടിയെ കടുവ പിടിച്ചുവെന്ന വിവരം അറിഞ്ഞെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥരാണ് മൃതദേഹം വീണ്ടെടുത്തത്. പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം കുടുംബാംഗങ്ങൾക്ക് കൈമാറി. അതേസമയം കാർത്തികിനെ കൊന്ന നരഭോജിക്കടുവയെ ഇനിയും കണ്ടെത്താനായില്ല. പ്രദേശത്ത് മൂന്ന് പെൺകടുവകളുണ്ടെന്നും നിരീക്ഷിച്ച് വരികയാണെന്നും വനംവകുപ്പ് അധികൃതർ അറിയിച്ചു.
ഏഴുവയസുകാരൻ കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത് വലിയ ആശങ്ക ഉണ്ടാക്കിയിട്ടുണ്ട്. ത്രിനേത്ര ഗണേശ ക്ഷേത്രത്തിലേക്കെത്തുന്ന ഭക്തരുടെ സുരക്ഷ ഉറപ്പാക്കണമെന്ന് മന്ത്രി കിരോഡി ലാൽ മീണ ആവശ്യപ്പെട്ടു.
രൺതംഭോറിൽ മാത്രം എഴുപതിലേറെ കടുവകളാണുള്ളത്. 1520 ചതുരശ്ര കിലോമീറ്റർ പ്രദേശമാണ് സാധാരണഗതിയിൽ ഒരു പെൺകടുവയുടെ വിഹാര കേന്ദ്രം. ആൺകടുവയാണെങ്കിൽ ഇതിന്റെ പത്തിരട്ടി സ്ഥലത്താണ് വിഹരിക്കുക. കേവലം 300 ചതുരശ്ര കിലോമീറ്റർ മാത്രമാണ് ഉദ്യാനത്തിന്റെ കേന്ദ്രഭാഗമെന്നതിനാൽ കടുവകൾ നാട്ടിലേക്കിറങ്ങുകയാണെന്നും ഇതാണ് പ്രശ്‌നത്തിന് കാരണമെന്നും റിപ്പോർട്ടുകളുണ്ട്.