മാനന്തവാടി : പഞ്ചാരകൊല്ലിയിൽ സ്ത്രീയെ ആക്രമിച്ച് കൊന്ന നരഭോജി കടുവയെ പിടികൂടാനായി ഇറങ്ങിയ ദൗത്യ സംഘത്തിന് നേരെ കടുവാ ആക്രമണം. ഒരു ആർആർടി സംഘാംഗത്തിന് പരുക്കേറ്റു. മാനന്തവാടി ആർആർടി അംഗം ജയസൂര്യയ്ക്കാണ് പരുക്കേറ്റത്. ഉൾക്കാട്ടിൽ വച്ചാണ് ആക്രമണം ഉണ്ടായത്. രാധ കൊല്ലപ്പെട്ട തറാട്ട് ഭാഗത്ത് കടുവാ തെരച്ചിലിന് ഇറങ്ങിയ സംഘാംഗത്തിനാണ് പരുക്കേറ്റത്. ഇദ്ദേഹത്തെ മാനന്തവാടി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. കൈക്കും ശരീരത്തിന്റെ പലഭാഗങ്ങളിലും പരുക്കുണ്ട്.
കടുവയെ കണ്ടെത്താൻ അരുൺ സക്കറിയയുടെ നേതൃത്വത്തിലുള്ള സംഘം പഞ്ചാരക്കൊല്ലിയിലെ വനപ്രദേശങ്ങളിലേക്ക് പോയിരുന്നു. സ്ഥലത്ത് കടുവയെ കണ്ടുവെന്ന സൂചനയുടെ അടിസ്ഥാനത്തിലാണ് സംഘമിവിടെയെത്തിയത്. 3 വെറ്റിനറി ഡോക്ടർമാരുടെ കീഴിലുളള മയക്കുവെടി സംഘമടക്കം 7 ടീമുകളാണ് കടുവയുടെ കൽപ്പാട്, കടുവ കിടന്ന സ്ഥലം എന്നിവ തേടിയാണ് തെരച്ചിൽ നടക്കുന്നത്. എട്ടു പേരടങ്ങുന്ന സംഘമായി തിരിഞ്ഞായിരുന്നു പരിശോധന. അതിനിടയിലാണ് ആക്രമണം ഉണ്ടായത്.
പലതവണ കൂടിനു സമീപം വരെ കടുവ എത്തിയെങ്കിലും കൂട്ടിലേക്ക് കയറിയിരുന്നില്ല. കടുവയെ കണ്ടെത്തിയാൽ നിയമപ്രകാരമുള്ള നടപടിയുമായി മുന്നോട്ട് പോകുമെന്നും വെടിവെക്കേണ്ട സാഹചര്യമുണ്ടായാൽ വെടിവയ്ക്കുമെന്നും മന്ത്രി ഒആർ കേളു വ്യക്തമാക്കി.