തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസിൽ രണ്ടാം ദിവസ തെളിവെടുപ്പിനും ഭാവ വ്യത്യാങ്ങളില്ലാതെ പ്രതി അഫാൻ. കഴിഞ്ഞ ദിവസം മുത്തശി സൽമാ ബീവിയുടെ പാങ്ങോടുള്ള വീട്ടിലെത്തിച്ചാണ് ആദ്യം തെളിവെടുപ്പ് പൂർത്തിയാക്കിയത്.
തുടർന്ന് വെഞ്ഞാറമൂട്ടിലെ സ്വന്തം വീട്ടിലെത്തിച്ചപ്പോഴും അഫാൻ യാതൊരുവിധ ഭാവവും പ്രകടിപ്പിക്കാതെ കുഞ്ഞനുജനെയും പെൺസുഹൃത്ത് ഫർസാനെയും കൊലപ്പെടുത്തിയത് എങ്ങനെയെന്ന് വിശദീകരിച്ചു. തെളിവെടുപ്പിന്റെ രണ്ടാം ദിവസമായ ശനിയാഴ്ച അഫാനെ ആദ്യമെത്തിച്ചത് കൊലപാതം നടത്താൻ ഉപയോഗിച്ച ചുറ്റിക വാങ്ങിയ വെഞ്ഞാറമൂട് നഗരത്തിലെ ഹാർഡ് വെയർ ഷോപ്പിലാണ്.
അവിടെവച്ച് കടയുടമ അഫാനെ തിരിച്ചറിഞ്ഞു. പിന്നാലെ കൊലപാതകശേഷം പിതൃമാതാവ് സൽമ ബീവിയുടെ മല പണയംവച്ച പണമിടപാട് സ്ഥാപനത്തിലും തെളിവെടുപ്പിന് എത്തിച്ചു. അഫാൻ സ്ഥിരമായി ഈ സ്ഥാപനത്തിൽ സ്വർണ്ണം പണയംവയ്ക്കാറുണ്ടെന്ന് പൊലീസ് സ്ഥിരീകരിച്ചു.
അതേസമയം അഫാന് പെൺസുഹൃത്തായ ഫർസാനയോട് പ്രണയമായിരുന്നില്ലെന്നും പകയായിരുന്നെന്നും പോലീസിന് മൊഴി നൽകി. ഫർസാന മാല തിരിച്ചു ചോദിച്ചതാണ് പകയ്ക്ക് കാരണം. പിതാവ് അബ്ദുൾ റഹീമിന്റെ കാർ പണയം വച്ചത് പെൺ സുഹൃത്തായ ഫർസാനയുടെ സ്വർണ്ണമാല തിരിച്ചെടുപ്പിക്കാനായിരുന്നുവെന്നും അഫാൻ മൊഴി നൽകി. പേരുമലയിലെ വീട്ടിൽ കഴിഞ്ഞ ദിവസം തെളിവെടുപ്പിനായി പ്രതിയെ എത്തിച്ചപ്പോഴായിരുന്നു ഇക്കാര്യം പറഞ്ഞത്. തന്റെ പേരിൽ ഉണ്ടായിരുന്ന കാർ നഷ്ടമായതായി അഫാന്റെ പിതാവ് നേരത്തെ പോലീസിനോട് പറഞ്ഞിരുന്നു. നെടുമങ്ങാട് റജിസ്ട്രേഷനുള്ള കാറാണ് നഷ്ട്ടമായതെന്നും അബ്ദുൾ റഹീം അന്വേഷണ സംഘത്തോട് വ്യക്തമാക്കിയിരുന്നു.
പ്രതി അഫാനും കുടുംബത്തിനും വലിയ കടബാധ്യതയുണ്ടായിരുന്നതായി പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. 70 ലക്ഷം രൂപയുടെ കടബാധ്യതയാണ് കുടുംബത്തിന് ഉണ്ടായിരുന്നത്. മുൻപ് കുടുംബം നടത്തിയ ചില ബിസിനസുകൾ കട ബാധ്യത കൂട്ടി. ഉമ്മ ചിട്ടി തുടങ്ങിയതും പിന്നീട് അത് തകർന്നതും സാമ്പത്തിക ബാധ്യത കൂട്ടി.
കൂടാതെ അറിയാൽ വയ്യാത്ത പലതരം ബിസിനസുകൾ അഫാൻ നടത്തിയിരുന്നു. മുട്ടക്കച്ചവടം, കോഴി വളർത്തൽ തുടങ്ങി വാഹനക്കച്ചവടങ്ങളിലേക്കും അഫാൻ ശ്രമിച്ചു. ഈ ബിസിനസുകളെല്ലാം പൊളിഞ്ഞതാണ് അഫാന് വലിയ കടബാധ്യതയുണ്ടാക്കിയത്. അതേസമയം കടബാധ്യത ഇതിലും കൂടുതലുണ്ടോ എന്ന കാര്യത്തിൽ പോലീസ് അന്വേഷണം നടത്തും.