തായ്ലൻഡിനെ ഏറെ പിടിച്ച് കുലുക്കിയ ലൈംഗിക ആരോപണ കേസിൽ യുവതി അറസ്റ്റിൽ. തായ്‌ലൻഡിലെ ഒരു കൂട്ടം ബുദ്ധ സന്യാസിമാരെ ലൈംഗിക ബന്ധത്തിന് പ്രേരിപ്പിക്കുകയും പിന്നീട് ഈ അടുപ്പം മറച്ച് വയ്ക്കാൻ ബ്ലാക്ക് മെയിൽ ചെയ്ത് 101 കോടി രൂപ തട്ടുകയും ചെയ്ത വിലാവൻ എംസാവത്തിനെ (30) യാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഥേരവാദ ബുദ്ധ വിഭാഗത്തിൽപ്പെട്ട തായ്‍ലൻഡിലെ ബുദ്ധ സന്യാസിമാരെയാണ് ഇവർ വലയിലാക്കിയത്. ഈ സന്യാസിമാർ ബ്രഹ്മചാരികളായിരിക്കണമെന്നാണ് മതം അനുശാസിക്കുന്നത്.
അതേസമയം ബുദ്ധ സന്യാസിമാർക്കെതിരെ ലൈംഗിക ആരോപണം ഉയർന്നതിനെ തുടർന്ന് സന്യാസിമാരുടെ ബ്രഹ്മചര്യാ നിയമ ലംഘനം തായ്‍ലൻഡിൽ വലിയ ചർച്ചയായി മാറി. രാജ്യത്തെ ബുദ്ധമത സ്ഥാപനങ്ങൾ ആഴ്ചകളോളം വലിയ പ്രതിസന്ധി നേരിട്ടു. വിവാദം ബുദ്ധമത സ്ഥാപനങ്ങളുടെ ദൈനംദിന പ്രവർത്തനത്തെ പോലും ബാധിച്ചു. ആരോപണം ഉയർന്ന ഒമ്പത് മഠാധിപതികളെയും നിരവധി മുതിർന്ന സന്യാസിമാരെയും അവരുടെ ആചാര വസ്ത്രം അഴിച്ചുമാറ്റി സന്യാസത്തിൽ നിന്ന് പുറത്താക്കിയതായി റോയൽ തായ് പോലീസ് സെൻട്രൽ ഇൻവെസ്റ്റിഗേഷൻ ബ്യൂറോ അറിയിച്ചു.
അതേസമയം തായ്‍ലൻഡിൻറെ തലസ്ഥാനമായ ബാങ്കോക്കിന് വടക്കുള്ള നോന്തബുരി പ്രവിശ്യയിലുള്ള വീട്ടിൽ നിന്നാണ് വിലാവൻ എംസാവത്തിനെ പോലീസ് അറസ്റ്റ് ചെയ്തത്. ഇവർക്കെതിരെ പണം തട്ടിയെടുക്കൽ, കള്ളപ്പണം വെളുപ്പിക്കൽ, മോഷ്ടിച്ച വസ്തുക്കൾ സ്വീകരിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് പോലീസ് ചുമത്തിയിരിക്കുന്നത്. വടക്കൻ തായ്‌ലൻഡിലെ ഒരു ബുദ്ധ ക്ഷേത്രത്തിൻറെ ബാങ്ക് അക്കൗണ്ടിൽ നിന്നും ഒരു മുതിർന്ന സന്യാസി ഇവർക്ക് പണം കൈമാറിയതായി പോലീസ് പറഞ്ഞു. എന്നാൽ അറസ്റ്റിന് മുമ്പ് ഒരു പ്രാദേശിക മാധ്യമത്തോട് സംസാരിക്കവെ വിലാവൻ തനിക്ക് ഒരു ബുദ്ധ സന്യാസിയുമായി ബന്ധമുണ്ടെന്നും അദ്ദേഹത്തിന് പണം കൈമാറിയിട്ടുണ്ടെന്നും പറഞ്ഞിരുന്നു. ഇക്കാര്യത്തിലും അന്വേഷണം നടക്കുന്നുണ്ട്.