ന്യൂഡൽഹി: ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ മമതാ ബാനർജിക്ക് മുന്നറിയിപ്പ് നൽകി ബിജെപിയുടെ മുതിർന്ന നേതാവ് സുവേന്ദു അധികാരി. ഡൽഹി തങ്ങൾ പിടിച്ചെടുത്തു, അവിടെ ജയിച്ചെന്നും അടുത്തവർഷം ബംഗാളിലെ ഊഴമാണെന്നും മാധ്യമപ്രവർത്തകരോട് പ്രതികരിക്കവെ അദ്ദേഹം പറഞ്ഞു.
ഇതിനു സമാനമായ പ്രതികരണമാണ് ബിജെപി നേതാവായ സുകാന്ത മജുംദാറും നടത്തിയത്. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ ബംഗാളിലെ ജനങ്ങളും ബിജെപിക്ക് വോട്ട് ചെയ്യുമെന്ന് മജുംദാർ പറഞ്ഞു. ബിജെപിയുടെ വിജയത്തിൽ ഡൽഹിയിലെ ബംഗാളി സമൂഹത്തോട് ഇരുനേതാക്കളും നന്ദിപറഞ്ഞു. ഇത്തവണ ഡൽഹി തിരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസ് ആംആദ്മി പാർട്ടിയെ പിന്തുണച്ചിരുന്നു.
അതേസമയം 27 വർഷങ്ങൾക്കു ശേഷമാണ് അരവിന്ദ് കെജ്‌രിവാളിന്റെ നേതൃത്വത്തിലുള്ള ആം ആദ്മി പാർട്ടിയെ അട്ടിമറിച്ച് ബിജെപി ഡൽഹിയിൽ വീണ്ടും അധികാരത്തിലെത്തിയിരിക്കുന്നത്. ബിജെപിക്ക് 48 സീറ്റുകളും എഎപിക്ക് 22 സീറ്റുകളുമാണ് ലഭിച്ചത്.