വാഷിങ്ടൺ: ബ്രിട്ടീഷ് പ്രധാനമന്ത്രി കെയിർ സ്റ്റാമറും ഫ്രഞ്ച് പ്രസിഡൻറ് ഇമ്മാനുവൽ മാക്രോണും യുക്രൈൻ യുദ്ധം അവസാനിപ്പിക്കാൻ ഒന്നും ചെയ്തിലെന്ന് യുഎസ് പ്രസിഡൻറ് ഡൊണാൾഡ് ട്രംപ്. വൈറ്റ് ഹൗസിൽ ഇരുവരുമായി കൂടിക്കാഴ്ച നടത്താനിരിക്കെയാണ് ട്രംപിൻറെ പരാമർശം. ഫ്രഞ്ച് പ്രസിഡൻറ് ഇമ്മാനുവൽ മക്രോൺ ചൊവ്വാഴ്ച്ചയും യുകെ പ്രധാനമന്ത്രി സ്റ്റാർമർ വ്യാഴാഴ്ചയുമാണ് വൈറ്റ് ഹൗസിലെത്തുക. യുക്രൈൻ – റഷ്യ വിഷയം തന്നെയാണ് പ്രധാന അജണ്ട. ട്രംപിൻറെ വ്യാപാര തീരുവ നയത്തിലും ചർച്ചകളുണ്ടാകുമെന്നും നേതാക്കൾ വ്യക്തമാക്കിയിട്ടുണ്ട്.
അടിക്ക് തിരിച്ചടി!! ഇങ്ങോട്ട് എത്ര തീരുവ ചുമത്തുന്നുവോ അതേ അളവിൽ അങ്ങോട്ടും- നയം വ്യക്തമാക്കി ട്രംപ്
ഇതിനിടെയാണ് ട്രംപിന്റെ പരാമർശം. ‘മാക്രോൺ എൻറെ നല്ല സുഹൃത്താണ്, കെയിർ സ്റ്റാമറെ ഞാൻ കണ്ടിട്ടുണ്ട്, അദ്ദേഹം ഒരു നല്ല വ്യക്തിയാണ്. പക്ഷേ യുദ്ധം അവസാനിപ്പിക്കാൻ ഒന്നും ചെയ്തില്ല’. യുക്രൈൻ പ്രസിഡൻറ് വ്ലാദിമിർ സെലൻസ്കിയും ട്രംപും തമ്മിൽ ഭിന്നത രൂക്ഷമായ സാഹചര്യത്തിലാണ് ഇത്തരം ഒരു കൂടിക്കാഴ്ച തീരുമാനിച്ചത്. യുദ്ധം അവസാനിപ്പിക്കുന്നതിൽ സെലൻസ്കിക്ക് പങ്കുണ്ടെന്ന് കരുതുന്നില്ലെന്നും സെലൻസ്കി ചർച്ചകളിൽ പങ്കെടുക്കുന്നത് പ്രാധാന്യമുള്ള കാര്യമല്ലെന്നും ട്രംപ് നേരത്തെ പറഞ്ഞിട്ടുണ്ട്.
റഷ്യ – യുക്രൈൻ യുദ്ധം അവസാനിപ്പിക്കാനുള്ള സമാധാന ചർച്ചകൾക്ക് നേതൃത്വം നൽകാനുള്ള അമേരിക്കയുടെ ഏകപക്ഷീയ നീക്കത്തിൽ പ്രതിഷേധം പരസ്യമാക്കി യൂറോപ്യൻ രാജ്യങ്ങൾ രംഗത്തെത്തിയിരുന്നു. അമേരിക്കയുടെ ഏകപക്ഷീയമായ നീക്കത്തെ വിമർശിച്ച യൂറോപ്യൻ രാജ്യങ്ങളിലെ നേതാക്കൾ, വിഷയം ചർച്ച ചെയ്യാൻ പാരിസിൽ പ്രധാന യൂറോപ്യൻ രാജ്യങ്ങളുടെ അടിയന്തര യോഗം ചേരാനടക്കം തീരുമാനിച്ചിരുന്നു. ഫ്രാൻസ്, ജർമ്മനി, ഇറ്റലി, ഇംഗ്ലണ്ട്, പോളണ്ട് രാജ്യങ്ങളെല്ലാം തന്നെ അമേരിക്കയുടെ ഏകപക്ഷീയ നീക്കത്തിൽ കടുത്ത പ്രതിഷേധം വ്യക്തമാക്കിയിട്ടുണ്ട്. ഇതിന് പിന്നാലെയാണ് യൂറോപ്യൻ നേതാക്കൾ ചർച്ചയ്ക്കായി കൂട്ടത്തോടെ വൈറ്റ് ഹൗസിലേക്ക് എത്തുന്നത്.