ഗാന്ധിനഗർ: ഗുജറാത്തിലെ സോമനാഥ് ജില്ലയിൽ ബിഎൽഒ ജീവനൊടുക്കി. അരവിന്ദ് വാധേർ (40) എന്ന അധ്യാപകനാണ് മരിച്ചത്. തനിക്ക് എസ്ഐആർ പൂർത്തിയാക്കാത്തതിലുള്ള സമ്മർദം താങ്ങാനാവുന്നില്ല, അതിനാൽ ജീവനൊടുക്കുന്നതെന്ന് ഇദ്ദേഹം ഭാര്യയ്ക്ക് എഴുതിയ ആത്മഹത്യ കുറിപ്പിൽ പറയുന്നു.
‘‘എനിക്ക് ഈ എസ്ഐആർ ജോലി ചെയ്തുതീർക്കാനാവുന്നില്ല. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഞാൻ അങ്ങേയറ്റം ക്ഷീണിതനാണ്. പ്രയാസത്തിലുമാണ്. പ്രിയപ്പെട്ട ഭാര്യ സംഗീതയോടും മകൻ കൃഷയ്യോടും ഞാൻ ക്ഷമചോദിക്കുന്നു, എസ്ഐആർ ഡോക്യുമെന്റുകൾ എന്റെ ബാഗിലുണ്ട്, അത് സ്കൂളിൽ നൽകണം- ’’ –ആത്മഹത്യ കുറിപ്പിൽ അരവിന്ദ് വാധേർ പറഞ്ഞു.
അതേസമയം എസ്ഐആർ ജോലികൾ ബിഎൽഒമാർക്ക് കടുത്ത ജോലി സമ്മർദം നൽകുന്നതിനിടെയാണ് വീണ്ടും ആത്മഹത്യ. രാജ്യത്താകെ 9 തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ അടുത്തിടെ മരിച്ചെന്നാണ് കണക്ക്. ഇതിൽ 4 പേർ ജോലി സമ്മർദം ചൂണ്ടിക്കാട്ടി ജീവനൊടുക്കുകയായിരുന്നു. പയ്യന്നൂരിൽ ബിഎൽഒ അനീഷ് ജോർജ് ജീവനൊടുക്കിയത് എസ്ഐആറിന്റെ ഭാഗമായി ജോലി സമ്മർദത്തെ തുടർന്നായിരുന്നു.


















































