ഏകദിനത്തിൽ രോഹിത് ശർമയുടേയും വിരാട് കോലിയുടേയും മടങ്ങിവരവ് ക്രിക്കറ്റ് ആരാധകർ ആഘോഷമാക്കുമ്പോൾ മലയാളികൾക്ക് ആഘോഷിക്കാൻ രണ്ടു വർഷത്തിനു ശേഷം സഞ്ജു സാംസണിന്റെ തിരിച്ചുവരവ്. കഴിഞ്ഞ ഏഷ്യ കപ്പിലെ ഗംഭീര പ്രകടനമാണ് മലയാളി താരത്തിനു ഏകദിന ക്രിക്കറ്റിലേക്കു വഴിതുറക്കുന്നതെന്ന് സൂചന. ഏഷ്യാക്കപ്പിൽ 7 മത്സരങ്ങളിൽ നിന്നുള്ള 4 ഇന്നിങ്‌സുകളിലായി 132 റൺസാണ് അദ്ദേഹം അടിച്ചെടുത്തത്. കൂടാതെ പാക്കിസ്ഥാനെതിരെയുള്ള ഫൈനൽ മത്സരത്തിൽ തിലക് വർമയോടൊപ്പം നിർണായകമായ പാർട്ണർഷിപ്പും അദ്ദേഹം പടുത്തുയർത്തി.
ഇതോടെ ഓസ്‌ട്രേലിയക്കെതിരെയുള്ള ഏകദിന പരമ്പരയിൽ ഇന്ത്യൻ സ്‌ക്വാഡിൽ സഞ്ജു സാംസൺ എത്തിയേക്കുമെന്ന് റിപ്പോർട്ട്. ഈ മാസം 19നാണ് ഏകദിന പരമ്പര ആരംഭിക്കുന്നത്. വിക്കറ്റ് കീപ്പർ ബാറ്റർ ഋഷഭ് പന്തിന്റെ പരുക്ക് ഭേദമാകാത്ത സാഹചര്യത്തിലാണ് സഞ്ജു സാംസണിന്റെ മടങ്ങിവരവിന് കളമൊരുങ്ങുന്നത്.
ആദ്യ വിക്കറ്റ് കീപ്പറായി കെ എൽ രാഹുലിനാണ് അവസരം ലഭിക്കുക. രണ്ടാം വിക്കറ്റ് കീപ്പർ റോളിലേക്കാണ് സഞ്ജുവിന് ക്ഷണം. ദ്രുവ് ജുറെലാണ് പരിഗണനയിലുള്ള മറ്റൊരു വിക്കറ്റ് കീപ്പർ. ബാക്കപ്പ് ഓപ്പണറായി അഭിഷേക് ശർമയെയും പരിഗണിക്കുന്നുണ്ടെന്ന് റിപ്പോർട്ടുണ്ട്.
രണ്ടു വർഷങ്ങൾക്കു ദക്ഷിണാഫ്രിക്കയ്ക്കെതിരെയാണ് സഞ്ജു അവസാനമായി കളിച്ചത്. അന്ന് നിർണായക മത്സരത്തിൽ തിലക് വർമയൊഴികെ മറ്റാരും ശോഭിക്കാതിരുന്ന സമയത്ത് 114 പന്തിൽ ആറ് ഫോറും മൂന്ന് സിക്സറുകളുമടക്കം 108 റൺസാണ് സഞ്ജു അടിച്ചുകൂട്ടിയത്. കൂടാതെ കളിയിലെ താരവുമായി. അതേസമയം ഇതുവരെ കളിച്ച 16 ഏകദിനങ്ങളിൽ 14 ഇന്നിങ്സുകളിൽ നിന്നായി 16.66 ശരാശരിയിൽ 510 റൺസാണ് താരം അടിച്ചുകൂട്ടിയിട്ടുള്ളത് അതിൽ 3 അർദ്ധ സെഞ്ചുറിയും ഒരു സെഞ്ചുറിയും ഉൾക്കൊള്ളുന്നു. സ്ട്രൈക്ക് റേറ്റ് 99.6.