ശബരിമല: ശബരിമല ക്ഷേത്രത്തിലെത്തിയശേഷം ഉണ്ണികൃഷ്ണൻ പോറ്റി വലിയ തോതിൽസ്വത്ത് സമ്പാദനം നടത്തിയെന്ന് ഇഡിയ്ക്ക് ബോധ്യമായി. ഇത് കള്ളപ്പണത്തിന്റെ കീഴിൽ വരുമെന്നാണ് ഇ.ഡി. പറയുന്നത്.
കഴിഞ്ഞദിവസം നടന്ന റെയ്ഡിൽ ഉണ്ണികൃഷ്ണൻ പോറ്റിയുടെ വീട്ടിൽ സ്വത്തുവിവരങ്ങളുടെ വിശദാംശങ്ങൾ ശേഖരിച്ചിട്ടുണ്ട്. സ്വർണ്ണക്കടത്തുകേസ് പ്രതികളായ എ. പത്മകുമാറിന്റേയും എൻ. വാസുവിന്റേയും അടക്കം സ്വത്തുക്കൾ കണ്ടുകെട്ടാനൊരുങ്ങി ഇ.ഡി. ഇതുമായി ബന്ധപ്പെട്ടുള്ള നടപടികൾ ആരംഭിച്ചു. എൻ. വാസു, പദ്മകുമാർ ഉൾപ്പെടെയുള്ള പ്രതികളുടെ സ്വത്തുവിവരങ്ങൾ ഇതിനകം തന്നെ ഇ.ഡി. ശേഖരിച്ചിട്ടുണ്ട്. വൈകാതെ തന്നെ താത്കാലിക കണ്ടുകെട്ടൽ നടപടികളിലേക്ക് ഇ.ഡി. കടക്കുമെന്നാണ് വിവരം.
ആദ്യ ഘട്ട റെയ്ഡ് ഇതിനകം പൂർത്തിയായി. സ്പോൺസർഷിപ്പ് ക്രമക്കേട് വൻതോതിൽ ശബരിമലയിൽ നടന്നിട്ടുണ്ടെന്നാണ് റെയ്ഡിൽ ഇ.ഡി.യ്ക്ക് വ്യക്തമായത്. ഉണ്ണികൃഷ്ണൻ പോറ്റി സ്പോൺസർ കോർഡിനേറ്ററായി പ്രവർത്തിച്ചു. പലരേയും കൊണ്ടു വരികയും സംഭാവന സ്വീകരിക്കുകയും ചില ജോലികൾ ചെയ്യിക്കുകയും ഇതിൽ നിന്നടക്കം ഇവർ സാമ്പത്തിക ലാഭമുണ്ടാക്കുകയും ചെയ്തു എന്നാണ് ഇ.ഡി. നിഗമനം.
കഴിഞ്ഞ ദിവസം മൂന്ന് സംസ്ഥാനങ്ങളിലെ പലയിടങ്ങളിലായി ഇ.ഡി. വ്യാപക റെയ്ഡ് നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സ്വത്തുക്കൾ കണ്ടുകെട്ടാനുള്ള നീക്കത്തിലേയ്ക്ക് കടന്നത് . അതുകൂടാതെ ഉണ്ണികൃഷ്ണൻ പോറ്റി, സ്മാർട്ട് ക്രിയേഷൻസ്, ഗോവർദ്ധൻ, എ. പദ്മകുമാർ, എൻ. വാസു എന്നിവരുമായി ബന്ധപ്പെട്ട കൂടുതൽ വിവര ശേഖരണത്തിനായുള്ള അന്വേഷണം ഊർജ്ജിതപ്പെടുത്തിയിട്ടുണ്ട്.














































