കൊച്ചി/ന്യൂഡല്‍ഹി: അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന പ്രീമിയം ഹോം അപ്ലയന്‍സസ് വിപണിയിലെ വളര്‍ച്ച ത്വരിതപ്പെടുത്തുന്നതിനായി കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ് ബ്രാന്‍ഡായ കെല്‍വിനേറ്ററിനെ ഏറ്റെടുക്കുന്നതായി റിലയന്‍സ് റീട്ടെയില്‍ വെള്ളിയാഴ്ച പ്രഖ്യാപിച്ചു.
ഹോം അപ്ലയന്‍സസ് വിപണിയിലെ പ്രമുഖ ബ്രാന്‍ഡാണ് കെല്‍വിനേറ്റര്‍. യുഎസില്‍ ആരംഭം കുറിച്ച കമ്പനി മേഖലയിലെ ഇതിഹാസ ബ്രാന്‍ഡെന്ന നിലയില്‍ ശ്രദ്ധേയമാണ്. അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുന്ന കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ് വിപണിയില്‍ ഇതോടെ മേല്‍ക്കൈ നേടാനുള്ള പദ്ധതിയിലാണ് റിലയന്‍സ്.
റിലയന്‍സിനെ സംബന്ധിച്ചിടത്തോളം വളരെ സുപ്രധാനമായ നിമിഷമാണ് കെല്‍വിനേറ്ററിന്റെ ഏറ്റെടുക്കല്‍. വിശ്വാസ്യതയുള്ള ആഗോള ബ്രാന്‍ഡുകളെ ഇന്ത്യന്‍ ഉപഭോക്താക്കളിലെക്ക് എത്തിക്കുന്നതിന്റെ ഭാഗമായാണ് ഈ ഏറ്റെടുക്കല്‍. ഇന്നവേഷന് പേരുകേട്ട കമ്പനിയാണ് കെല്‍വിനേറ്റര്‍. ഞങ്ങളുടെ സമഗ്രമായ സേവന സംവിധാനങ്ങളും വിപണിയിലെ മുന്‍നിര വിതരണ ശൃംഖലയുമെല്ലാം പിന്തുണയ്ക്കുന്ന ഏറ്റെടുക്കലാണിത്,’ റിലയന്‍സ് റീട്ടെയ്ല്‍ വെഞ്ച്വേഴ്‌സ് ലിമിറ്റഡ് എക്‌സിക്യൂട്ടിവ് ഡയറക്റ്റര്‍ ഇഷ എം അംബാനി പറഞ്ഞു.
റിലയന്‍സ് റീട്ടെയ്‌ലിന്റെ വിപുലമായ റീട്ടെയ്ല്‍ ശൃംഖലയുമായി കെല്‍വിനേറ്ററിന്റെ ഇന്നവേഷനും മഹത്തായ പാരമ്പര്യവും ചേരുമ്പോള്‍ അതിവേഗത്തില്‍ വളര്‍ച്ച നേടാനാകുമെന്നാണ് പ്രതീക്ഷ. പ്രീമിയം ഹോം അപ്ലയന്‍സസ് വിപണിയില്‍ ഇതിലൂടെ മികച്ച നേട്ടം കൊയ്യാന്‍ റിലയന്‍സ് റീട്ടെയ്‌ലിനാകും.
ഓരോ ഇന്ത്യന്‍ കുടുംബത്തിലേക്കും ഉന്നത ഗുണനിലവാരത്തിലുള്ള, ആഗോള ബ്രാന്‍ഡഡ് ഉല്‍പ്പന്നങ്ങള്‍ എത്തിക്കുകയെന്ന ഉദ്ദേശ്യത്തിന്റെ ഭാഗമായാണ് ഏറ്റെടുക്കലെന്ന് റിലയന്‍സ് അറിയിച്ചു. ഇത് ഓരോ കുടുംബത്തിന്റെയും ജീവിതം കൂടുതല്‍ മികവുറ്റതാക്കും.