കണ്ണൂർ: ടിപി ചന്ദ്രശേഖരൻ വധക്കേസ് നാലാം പ്രതി ടികെ രജീഷിന് വീണ്ടും പരോൾ അനുവദിച്ച് ഉത്തരവ്. ഇത്തവണ 15 ദിവസത്തേക്കാണ് ജയിൽ വകുപ്പ് പരോൾ അനുവദിച്ചത്. പ്രതികൾക്ക് അനുവദിക്കപ്പെട്ടിട്ടുള്ള സ്വാഭാവിക പരോളാണിത് എന്നാണ് ജയിൽ അധികൃതരുടെ വിശദീകരണം.
അതേസമയം കഴിഞ്ഞ മൂന്ന് മാസത്തിനിടെ രജീഷിന് രണ്ടാം തവണയാണ് പരോൾ അനുവദിക്കുന്നത്. 30 ദിവസത്തെ പരോളാണ് നേരത്തെ അനുവദിച്ചിരുന്നത്. ആയുർവേദ ചികിത്സയുടെ പേരിൽ പരോളിലിറങ്ങിയ പ്രതി ഈ മാസം ഏഴിനാണ് ജയിലിൽ തിരിച്ചെത്തിയത്. ഇങ്ങനെയിരിക്കെയാണ് വീണ്ടും പരോൾ അനുവദിച്ചിരിക്കുന്നത്. എറണാകുളത്തെ വിലാസമാണ് നൽകിയിരിക്കുന്നത് എന്നതിനാൽ അങ്ങോട്ട് പോകാനാണ് രജീഷിന്റെ തീരുമാനം. ഈക്കാലയളവിൽ കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ പ്രവേശിക്കാൻ രജീഷിന് വിലക്കുള്ളതുകൊണ്ടാണിത്.


















































