ന്യൂഡൽഹി: ഇന്ത്യയ്ക്കുനേരായ ആക്രമണം തുടങ്ങിയിട്ടേയുള്ളു, വീണ്ടും വ്യാപിപ്പിക്കുമെന്ന ആക്രമണ ഭീഷണിയുമായി പാക്കിസ്ഥാൻ. ഇപ്പോഴത്തെ ഏറ്റുമുട്ടൽ കൂടുതൽ വ്യാപിക്കുമെന്ന് പാകിസ്ഥാൻ പ്രതിരോധമന്ത്രി കാജാ ആസിഫ് അൽ ജസീറ ചാനൽ അഭിമുഖത്തിലാണ് വെളിപ്പെടുത്തിയത്. ഇന്ത്യ 78 യുദ്ധ വിമാനങ്ങൾ ഉപയോഗിച്ചാണ് ഓപ്പറേഷൻ സിന്ദൂർ നടപ്പാക്കിയതെന്നും കാജാ ആസിഫ് അഭിമുഖത്തിൽ ആരോപിച്ചു.
എന്നാൽ പാക്കിസ്ഥാൻറെ ഏത് ഹീനമായ നീക്കത്തെയും ചെറുത്ത് ശക്തമായി തിരിച്ചടിക്കുമെന്ന് ഇന്ത്യൻ സൈന്യം വ്യക്തനാക്കി. ഇന്ത്യയുടെ പരമാധികാരവും അഖണ്ഡതയും സംരക്ഷിക്കാൻ ആവശ്യമായതെല്ലാം ചെയ്യുമെന്നും ഇന്ത്യൻ ആർമി എക്സിൽ കുറിച്ചു. കൂടാതെ നിയന്ത്രണ രേഖയിലടക്കമുണ്ടായ വെടിവെയ്പ്പിന് ശക്തമായ തിരിച്ചടി ഇന്ത്യ നൽകിയെന്നും സൈന്യം വ്യക്തമാക്കി.
അതേസമയം ഇന്നലെ രാത്രി മുതൽ ഇന്ന് പുലർച്ച വരെയും പടിഞ്ഞാറൻ അതിർത്തി മേഖലകളിലെ വിവിധയിടങ്ങളിൽ ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ചുകൊണ്ട് പാകിസ്ഥാൻ സൈന്യം ആക്രമണം നടത്തിയെന്നും അതെല്ലാം തകർത്തുവെന്നും സൈന്യം എക്സിൽ കുറിച്ചു. ആക്രമണത്തിന് പുറമെ ജമ്മു കശ്മീരിൽ വിവിധ ഭാഗങ്ങളിൽ നിയന്ത്രണ രേഖയിലെ വെടിനിർത്തൽ ലംഘിച്ചുകൊണ്ട് ഷെല്ലാക്രമണവും വെടിവെയ്പ്പും തുടർന്നുവെന്നും ഇതിനും കനത്ത മറുപടി നൽകിയെന്നും സൈന്യം അറിയിച്ചു. പാകിസ്ഥാൻറെ ഡ്രോണുകളെല്ലാം തന്നെ കൃത്യമായി തകർത്തുകൊണ്ട് ശക്തമായ മറുടിയാണ് നൽകിയത്. ഇന്ത്യയുടെ അഖണ്ഡതയും പരമാധികാരവും സംരക്ഷിക്കാൻ ഇന്ത്യൻ സൈന്യം പ്രതിജ്ഞാബദ്ധമാണ്. എല്ലാത്തരം നീക്കങ്ങളെയും ശക്തമായി പ്രതിരോധിച്ച് തിരിച്ചടിക്കുമെന്നും സൈന്യം വ്യക്തമാക്കി.
ജമ്മുവിൽ ഇന്നു പുലർച്ചെയുണ്ടായ പാകിസ്ഥാന്റെ ഡ്രോൺ ആക്രമണത്തെയും ഇന്ത്യ ശക്തമായി പ്രതിരോധിച്ചു. പൂഞ്ചിലും രജൗരിയിലും അടക്കം നിയന്ത്രണരേഖയിലുടനീളം പുലർച്ചെയും കനത്ത ഷെല്ലിംഗ് നടന്നു. പാക്കിസ്ഥാന്റെ ഷെല്ലാക്രമണത്തിൽ ഉറിയിൽ നിരവധി വീടുകൾ തകർന്നു. ഉറിയിലും പൂഞ്ചിലുമായി 2 പേർ ഷെല്ലാക്രമണത്തിൽ കൊല്ലപ്പെട്ടു. ജമ്മുവിലെ സർവകലാശാലയ്ക്ക് നേരെയും ഡ്രോൺ ആക്രമണം നടന്നു. ഇതേതുടർന്ന് ജമ്മുവിൽ മുഖ്യമന്ത്രി ഒമർ അബ്ദുള്ള ഉന്നതതലയോഗം വിളിച്ചു. സാംബയിലെ നുഴഞ്ഞുകയറ്റ ശ്രമം സൈന്യം തകർത്തു. 7 ജയ്ഷെ ഭീകരരെ സുരക്ഷാ സേന വധിച്ചു. സുരക്ഷാസേനയുടെ കയ്യിൽ നിന്നും രക്ഷപെട്ട 5 ഭീകരർക്കായി തിരച്ചിൽ ശക്തമാക്കി.