തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട സിപിഎം വ്യാപകമായി അക്രമം അഴിച്ചുവിടുകയാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശൻ. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ മണ്ഡലത്തിൽ മുഖംമൂടി ധരിച്ചെത്തിയ സിപിഎം സംഘം കോൺഗ്രസ് ബൂത്ത് പ്രസിഡൻ്റായ റിട്ടയേർഡ് അധ്യാപകനെയും യുഡിഎഫ് സ്ഥാനാർത്ഥിയെയും ആക്രമിച്ച് പരുക്കേൽപിച്ചു. പരാജയത്തിന് പിന്നാലെ പാനൂരിൽ വീണ്ടും ആക്രമണമുണ്ടായി. ഇതിനൊക്കെ സിപിഎമ്മിന് ശക്തമായ തിരിച്ചടി കിട്ടും. അണികളോട് ആയുധം താഴെവെക്കാൻ മുഖ്യമന്ത്രി പറയണമെന്നും വിഡി സതീശൻ പറഞ്ഞു.
ഈ അക്രമം കൊണ്ട് കോൺഗ്രസിനെയോ, യുഡിഎഫിനെയോ തകർക്കാമെന്നു കരുതേണ്ട. ഇനിയും ഞങ്ങളുടെ പ്രവർത്തകരെ ആക്രമിച്ചാൽ തിരിച്ചടി നൽകും. കേരളത്തിലെ ജനങ്ങൾ ഏറ്റവും കൂടുതൽ വെറുക്കുന്ന രാഷ്ട്രീയ പ്രസ്ഥാനമായി സിപിഎം ഇപ്പോൾ മാറിയെന്നും വി.ഡി. സതീശൻ പറഞ്ഞു. ആയുധവുമായി കോൺഗ്രസിനെയും യുഡിഎഫിനെയും തോൽപ്പിക്കാമെന്ന് സിപിഎം കരുതേണ്ട. അണികളോട് ആയുധം താഴെ വയ്ക്കാൻ മുഖ്യമന്ത്രി പറയണം. മുഖ്യമന്ത്രിയുടെ ജില്ലയിലെ അണികളാണ് ഈ തോന്ന്യാസം ചെയ്യുന്നത്. ആഭ്യന്തര വകുപ്പിൻ്റെ കൂടി ചുമതലയുള്ള ആളാണ് മുഖ്യമന്ത്രിയെന്നത് മറക്കരുതെന്നും കുറ്റവാളികൾക്കെതിരെ പോലീസ് നടപടിയെടുത്തേ മതിയാകൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം തദ്ദേശ തിരഞ്ഞെടുപ്പു ഫലപ്രഖ്യാപനത്തിന് പിന്നാലെ കാസർകോടും കണ്ണൂരിലും കോഴിക്കോട്ടും തിരുവനന്തപുരത്തും അക്രമസംഭവങ്ങൾ അരങ്ങേറിയിരുന്നു. കണ്ണൂർ പാറാട് വടിവാളുമായി സിപിഎം പ്രകടനം നടത്തി. കുന്നോത്ത്പറമ്പ് പഞ്ചായത്തിലെ തോൽവിക്ക് പിന്നാലെയായിരുന്നു പ്രകടനം. എൽഡിഎഫ് വിജയാഹ്ലാദ പ്രകടനത്തിനിടെ കോഴിക്കോട് വളയത്ത് ബിജെപി സ്ഥാനാർഥിയുടെ വീടിന് നേരെ സ്‌ഫോടകവസ്തു എറിഞ്ഞതായും പരാതിയുയരുന്നുണ്ട്.



















































