കണ്ണൂർ: സംസ്ഥാനത്ത് ബാറുകളിൽ വിജിലൻസിന്റെ വ്യാപക പരിശോധന. ഓപ്പറേഷൻ ബാർകോഡ് എന്ന പേരിൽ ബാറുകളിൽ നടത്തിയ പരിശോധനയിൽ പല ജില്ലയിലും ക്രമക്കേടുകൾ കണ്ടെത്തി. കണ്ണൂർ ജില്ലയിൽ ഇരിട്ടി, തളിപ്പറമ്പ്, പഴയങ്ങാടി, പയ്യന്നൂർ എന്നിവിടങ്ങളിലെ 4 ബാറുകളിൽ വിജിലൻസ് നടത്തിയ പരിശോധനയിൽ അളവിൽ ക്രമക്കേട് കണ്ടെത്തി.
പഴയങ്ങാടി പ്രതീക്ഷാ ബാറിൽ 60 മില്ലി പെഗ് അളവ് പാത്രത്തിനു പകരം 48 മില്ലിയുടെ അളവ്പാത്രവും 30 മില്ലിയുടെ പാത്രത്തിനു പകരം 24 മില്ലി അളവ്പാത്രവും ഉപയോഗിക്കുന്നതായി കണ്ടെത്തി. അളവിൽ കൃത്രിമം കണ്ടെത്തിയതിനെ തുടർന്ന് വിജിലൻസ് സംഘം ലീഗൽ മെട്രോളജി ഉദ്യോഗസ്ഥരെ സ്ഥലത്തേക്ക് വിളിച്ചു വരുത്തുകയും 25,000 രൂപ ഫൈൻ ഈടാക്കക്കുകയും ചെയ്തു. ബാറിലെത്തി രണ്ടോ മൂന്നോ പെഗ് കഴിച്ചതിനു ശേഷം അൽപം പൂസായിക്കഴിഞ്ഞാൽ മദ്യപാനികൾക്ക് മദ്യം വിളമ്പുന്നത് അളവിൽ കുറഞ്ഞ പാത്രത്തിലാണെന്നു വിജിലൻസിനു നേരത്തേ വിവരം ലഭിച്ചിരുന്നു.
അതേപോലെ ഇരിട്ടിയിലും തളിപ്പറമ്പിലും പയ്യന്നൂരിലും മദ്യക്കുപ്പിക്ക് പുറത്തുള്ള ക്യൂ ആർ കോഡ് സ്കാൻ ചെയ്ത് പരിശോധിച്ചതിൽ മറ്റ് സ്ഥലങ്ങളിലേക്ക് അനുവദിച്ച മദ്യമാണ് ഇത് എന്നും ബ്രാൻഡിലും ഇനത്തിലും വ്യത്യാസം ഉള്ളതായും കണ്ടെത്തി. എന്നാൽ ഇത് ക്യൂ ആർ കോഡുമായി ബന്ധപ്പെട്ട പ്രശ്നമാണ് എന്നാണ് പ്രാഥമിക നിഗമനം. ഇക്കാര്യത്തിൽ കൂടുതൽ പരിശോധനകൾ നടത്തും. തളിപ്പറമ്പ്, ഇരിട്ടി, കണ്ണൂർ എക്സെസ് സർക്കിൾ ഓഫിസുകളിൽ നിന്നും വിജിലൻസ് സംഘം വിവരങ്ങൾ ശേഖരിച്ചു. എക്സൈസ് ഉദ്യോഗസ്ഥരേയും വിജിലൻസ് സ്ഥലത്തേക്ക് വിളിച്ചു വരുത്തിയിരുന്നു.
പയ്യന്നൂരിൽ വിജിലൻസ് ഡിവൈഎസ്പി ബാബു പെരിങ്ങേത്ത്, ഇൻസ്പെക്ടർമാരായ സജീവ് തളിപ്പറമ്പിലും സുനിൽകുമാർ പഴയങ്ങാടിയിലും വിനോദ് ചന്ദ്രൻ ഇരിട്ടിയിലും പരിശോധനയ്ക്ക് നേതൃത്വം നൽകി.

















































