പാറ്റ്ന: ബിഹാറിലെ പൂർണിയ ജില്ലയിൽ 16കാരിയെ പട്ടാപ്പകൽ ബൈക്കിൽ രണ്ടംഗ സംഘം തട്ടിക്കൊണ്ടുപോയി. വ്യാഴാഴ്ച വൈകുന്നേരം അഞ്ചരയോടെ മാർക്കറ്റിൽ നിന്ന് വീട്ടിലേക്ക് മടങ്ങുമ്പോഴാണ് കുട്ടിയെ രണ്ടംഗ സംഘം കടത്തിക്കൊണ്ടുപോയത്.
മാർക്കറ്റിൽ നിന്ന് കുട്ടി വീട്ടിലേക്ക് നടന്നുപോകുന്നതിനിടെ ബൈക്കിലെത്തിയ രണ്ടംഗ സംഘം കുട്ടിയുടെ കുറച്ചു മുന്നിലായി ബൈക്ക് നിർത്തി. ഒരാൾ വാഹനത്തിൽ നിന്ന് ഇറങ്ങി പെൺകുട്ടിയെ ബൈക്കിൽ കയറ്റാൻ ശ്രമിച്ചു. ഇതിനിടെ പേടിച്ചുപോയ പെൺകുട്ടി ഓടിരക്ഷപെടാൻ ശ്രമിച്ചു. എന്നാൽ രണ്ടംഗ സംഘം ബൈക്കുമായി കുട്ടിയുടെ പിന്നാലെ പാഞ്ഞു. തുടർന്ന് കുട്ടിയെ ബൈക്കിൽ രണ്ടുപേരുടെയും നടുവിൽ ബലമായി ഇരുത്തിയതിന് ശേഷം സ്ഥലത്ത് നിന്നും പോവുകയായിരുന്നു.
സംഭവത്തിൻറെ സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചു. പെൺകുട്ടി വീട്ടിൽ തിരിച്ചെത്താത്തതിനെ തുടർന്ന് അമ്മ പോലീസിൽ പരാതി നൽകി. ഇതേത്തുടർന്ന് പോലീസ് തട്ടിക്കൊണ്ടുപോകലിന് കേസെടുത്തു. പെൺകുട്ടിക്കും പ്രതികൾക്കുമായി പോലീസ് തിരച്ചിൽ നടത്തുകയാണെന്നും കൂടുതൽ അന്വേഷണം നടക്കുകയാണെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.