പട്ന∙ ബിഹാറിൽ ആഭ്യന്തര വകുപ്പ് ബിജെപിക്കു നൽകി മുഖ്യമന്ത്രി നിതീഷ് കുമാർ. ബിജെപി നേതാവായ ഉപമുഖ്യമന്ത്രി സാമ്രാട്ട് ചൗധരിക്കാണ് ആഭ്യന്തര വകുപ്പ് നൽകിയത്. മുഖ്യമന്ത്രിയായി തുടർന്ന രണ്ടു പതിറ്റാണ്ടിനിടെ ആദ്യമായാണ് നിതീഷ് കുമാർ നിർണായകമായ ആഭ്യന്തര വകുപ്പ് കയ്യൊഴിയുന്നത്.
ആഭ്യന്തര വകുപ്പിനെ ചൊല്ലി എൻഡിഎക്കുള്ളിൽ നേരത്തെ അഭിപ്രായ ഭിന്നതയുണ്ടായിരുന്നതായി റിപ്പോർട്ടുണ്ടായിരുന്നു. ആഭ്യന്തരം വിട്ടുകൊടുക്കാൻ ജെഡിയു തയാറായിരുന്നില്ല. മുഖ്യമന്ത്രിയായി നിതീഷ് കുമാർ സത്യപ്രതിജ്ഞ ചെയ്തതിനു തൊട്ടടുത്ത ദിവസമാണ് വകുപ്പ് ഉപമുഖ്യമന്ത്രിക്ക് നൽകിയത്. ക്രമസമാധാന ചുമതലയ്ക്കൊപ്പം സീമാഞ്ചൽ മേഖലയിലെ കുടിയേറ്റ പ്രശ്നം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ബിജെപിയുടെ തീരുമാനം നിർണായകമാകും.
ബിഹാർ നിയമസഭ തിരഞ്ഞെടുപ്പിൽ 202 സീറ്റ് നേടിയാണ് എൻഡിഎ സഖ്യം വീണ്ടും അധികാരത്തിലെത്തിയത്. 243 അംഗ നിയമസഭയിൽ ഇന്ത്യാ സഖ്യത്തിന് 35 സീറ്റു മാത്രമാണുള്ളത്. എൻഡിഎയിൽ 89 സീറ്റുമായി ബിജെപിയാണ് വലിയ ഒറ്റകക്ഷി.



















































