കൊച്ചി: പാർട്ടിയിൽ ആരെങ്കിലും മദ്യപിച്ചാൽ അവരെ പാർട്ടിയിൽ നിന്നു പുറത്താക്കുമെന്ന നിലപാടിൽ മാറ്റം വരുത്തി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. മദ്യപിക്കുന്നവർക്ക് പാർട്ടിയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കാമെന്നും എന്നാൽ പാർട്ടി നേതൃത്വത്തിൽ നിൽക്കുന്നവരും പ്രവർത്തകരും മദ്യപിക്കരുതെന്നാണ് പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു. പാർട്ടി ബന്ധുക്കൾക്കും അനുഭാവികൾക്കും മദ്യപിക്കുന്നതിന് തടസമില്ല. ഇതൊരു സുപ്രഭാതത്തിൽ ഉണ്ടായ വെളിപാടല്ലെന്നും അദ്ദേഹം കൊല്ലത്ത് മാധ്യമപ്രവർത്തകരോട് പറഞ്ഞു.
അതേസമയം കഴിഞ്ഞ ദിവസത്തെ എംവി ഗോവിന്ദന്റെ പ്രസ്താവന ഇങ്ങനെയായിരുന്നു. “തങ്ങളാരും ഒരു തുള്ളിപോലും ഇതുവരെ കഴിച്ചിട്ടില്ല. ബാലസംഘത്തിലൂടെയും വിദ്യാർഥി പ്രസ്ഥാനത്തിലൂടേയും യുവജന പ്രസ്ഥാനത്തിലൂടേയും വരുമ്പോൾ ആദ്യത്തെ പ്രതിജ്ഞ വ്യക്തി ജീവിതത്തിൽ ഇതുപോലുള്ള മുഴുവൻ കാര്യങ്ങളും ഒഴിവാക്കുമെന്നാണ്. നവോത്ഥാന പ്രസ്ഥാനത്തിന്റേയും ദേശീയ പ്രസ്ഥാനത്തിന്റേയും അതിന്റെ തുടർച്ചയായി വന്ന കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെയും മൂല്യങ്ങൾ ചേർത്തുകൊണ്ടാണ് തങ്ങളെല്ലാം പ്രവർത്തിക്കുന്നത്.
അഭിമാനത്തോടെയാണ് താനിത് ലോകത്തോട് പറയുന്നത്. അങ്ങനെയുള്ള ലക്ഷക്കണക്കിന് കമ്മ്യൂണിസ്റ്റ് പാർട്ടി മെമ്പർമാരുള്ള നാടാണ് കേരളം. അപ്പോൾ മദ്യപാനത്തെ ശക്തിയായി എതിർക്കുക. സംഘടനാപരമായ പ്രശ്‌നമാക്കി നടപടിയെടുത്ത് പുറത്താക്കുക. അല്ലെങ്കിൽ ഒഴിവാക്കുകയോ തിരുത്തിക്കുകയോ ചെയ്യുക. ആ നിലപാട് ഞങ്ങൾ സ്വീകരിച്ചിട്ടുണ്ട്. ഇനിയും സ്വീകരിക്കും”.
അതേസമയം സംസ്ഥാന സമ്മേളനത്തിൽ പ്രായപരിധി നിബന്ധന കർശനമായി നടപ്പാക്കുമെന്ന് അദ്ദേഹം പറഞ്ഞു. പ്രായ പരിധി 75 വയസ് കഴിഞ്ഞവർ മാത്രം പുറത്തു പോകും. 75 തികയാത്തവരുടെ കാര്യം പാർട്ടി കോൺഗ്രസ് തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം പ്രായപരിധിയിലെ ഇളവ് സംബന്ധിച്ച സംസ്ഥാന ഘടകങ്ങൾക്ക് തീരുമാനിക്കാമെന്ന് പിബി അംഗം പ്രകാശ് കാരാട്ടും പ്രതികരിച്ചു. ഓരോ സംസ്ഥാനത്തും ഓരോ പ്രായപരിധിയാണ് നിശ്ചയിച്ചിരിക്കുന്നത്. നവകേരള രേഖയെ കുറിച്ച് അറിയില്ല. സംസ്ഥാന സമിതിയാണ് അക്കാര്യം പരിഗണിക്കുന്നതെന്നും പ്രകാശ് കാരാട്ട് പ്രതികരിച്ചു.
















































