കോട്ടയം: ബിജെപി ഭരിക്കുന്ന മുത്തോലി പഞ്ചായത്ത് ആശമാര്‍ക്ക് 7000 രൂപവീതം ഓണറേറിയം അധികമായി നല്‍കുമെന്നു പ്രഖ്യാപിച്ചത് വന്‍ ചര്‍ച്ചയായി. ബജറ്റില്‍ പ്രഖ്യാപനമില്ലെങ്കിലും ബജറ്റ് ചര്‍ച്ചയിലാണു പഞ്ചായത്ത് പ്രസിഡന്റും രണ്‍ജിത് ജി. മീനാഭവന്‍ ഇക്കാര്യം പറഞ്ഞത്. പാല നിയമസഭ മണ്ഡലത്തില്‍ മുനിസിപ്പാലിറ്റിയോടു ചേര്‍ന്നു കിടക്കുന്നതാണു മുത്തോലി പഞ്ചായത്ത്.
ബജറ്റ് ചര്‍ച്ചയില്‍ ആശ വര്‍ക്കര്‍മാര്‍ക്കു കൂടുതല്‍ വേതനം നല്‍കാന്‍ അംഗീകാരം നേടിയിട്ടുണ്ടെന്നും ഈ വര്‍ഷം വരാനുള്ള തുക കൂടി കണക്കാക്കിയാണു അവതരിപ്പിച്ചതെന്നും രണ്‍ജിത്ത് പറയുന്നു. 13 വാര്‍ഡുകളിലായി 13 ആശ വര്‍ക്കര്‍മാരാണു മുത്തോലി പഞ്ചായത്തിലുള്ളത്. 7000 രൂപവച്ച് 12 മാസത്തേക്ക് 84,000 രൂപ ഒരു ആശവര്‍ക്കര്‍ക്കു ലഭിക്കും. 12 ലക്ഷം അധികമായി ഒരുവര്‍ഷം എല്ലാവര്‍ക്കുമായി ചെലവാകും.
എന്നാല്‍, ഇതിനുള്ള പണത്തിന്റെ കണക്കുകള്‍ ബജറ്റില്‍ ലഭ്യമല്ലെന്നാണു വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നത്. പഞ്ചായത്തുകള്‍ക്കു തനതു വരുമാനവും ഗ്രാന്റുകളും സഹായങ്ങളുമുണ്ട്. സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന പദ്ധതി സഹായം, ജനറല്‍ പര്‍പ്പസ് ഫണ്ട് തുടങ്ങിയവയും ധനകാര്യ കമ്മീഷന്‍ അവാര്‍ഡ് പ്രകാരം ലഭിക്കുന്ന പണവും എല്ലാം ഗ്രാന്റുകളും സഹായങ്ങളും എന്ന ഗണത്തിലാണ് വരിക.
കൂടാതെ സ്റ്റേറ്റ് സ്‌പോണ്‍സേഡ് സ്‌കീമുകള്‍, കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ എന്നിവയ്ക്കുള്ള സഹായങ്ങളും പഞ്ചായത്ത് ബജറ്റിന്റെ ഭാഗമാണ്. ഇവയൊന്നും അണ്‍ ടൈഡ് ആയിട്ടുള്ള ഫണ്ടുകളല്ല. ഇപ്പോള്‍ ഹെല്‍ത്ത് ഗ്രാന്റ് എടുത്ത് ഗ്രാമ പഞ്ചായത്തിനോ ഏതെങ്കിലും തദ്ദേശ ഭരണ സ്ഥാപനത്തിനോ കുറച്ച് ആശമാര്‍ക്ക് കൊടുത്തുകളയാം എന്നു തീരുമാനിക്കാനാകുമോ?
മുത്തോലിയുടെ തനതു വരുമാനവും അനിവാര്യ ചെലവുകളും തമ്മിലുള്ള ബന്ധം ( 2025-2026 ബിഇ) എങ്ങനെയെന്ന് നോക്കാം.
ഠ ആകെ തനതു ഫണ്ട്: 1,71,31,000
ഠ ടോട്ടല്‍ എസ്റ്റാബ്ലിഷ്‌മെന്റ് എക്‌സ്പന്‍സ്: (ശമ്പള- അലവന്‍സ് ചെലവുകള്‍): 1,81,00,000
ഠ അഡ്മിനിസ്‌ട്രേറ്റീവ് എക്‌സ്പന്‍സ് (ഭരണ ചെലവുകള്‍): 26,98,000
ഠ ഓപ്പറേഷന്‍സ് ആന്‍ഡ് മെയിന്റനന്‍സ്: 65,00,000
ഠ ഇന്ററസ്റ്റ് ആന്‍ഡ് ഫിനാന്‍സ് ചാര്‍ജ്: 25,000ഠ അനിവാര്യ ചെലവുകള്‍ ആകെ: 2,73,23,000
സര്‍ക്കാര്‍ കണക്കുപോലെ കമ്മിയുടെ കണക്കു പറയുക സാധ്യമല്ലെങ്കിലും 1.71 കോടി തനതു വരുമാനവും 2.73 കോടി അനിവാര്യ ചെലവുമുള്ള മുത്തോലി പഞ്ചായത്ത് എങ്ങനെ പണം നല്‍കുമെന്നു കണ്ടറിയണം.
തനതുവരുമാനമെന്ന നിലയ്ക്കു ലഭിക്കുന്ന തൊഴില്‍ നികുതി, കെട്ടിട നികുതി, മറ്റു ഫീസുകള്‍ എന്നിവ ഇത്തരത്തില്‍ ചെലവാക്കാനാകില്ലെന്നും എജി ഓഡിറ്റില്‍ സെക്രട്ടറി കണക്കു പറയേണ്ടിവരുമെന്നും വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു. പ്രഖ്യാപനങ്ങള്‍ നടപ്പാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ സര്‍ക്കാരിന്റെ തലയില്‍ കെട്ടിവയ്ക്കാനുള്ള നീക്കമാണെന്നും ഒരു വിഭാഗം സംശയിക്കുന്നു.