ആലപ്പുഴ: ചെങ്ങന്നൂർ നിയോജകമണ്ഡലത്തിലെ തദ്ദേശസ്ഥാപനങ്ങളിൽ സിപിഎമ്മിനുണ്ടായ പരാജയത്തിൽ ലോക്കൽ സെക്രട്ടറിമാരെ പഴിച്ച് മന്ത്രി സജി ചെറിയാൻ. എന്നാൽ, പ്രധാന കുറ്റക്കാരൻ മന്ത്രിയാണെന്നാണ് ലോക്കൽ സെക്രട്ടറിമാർ ഉൾപ്പെടെയുള്ളവരുടെ ആരോപണം.തദ്ദേശ തിരഞ്ഞെടുപ്പിൽ മണ്ഡലത്തിലെ 10 ഗ്രാമപ്പഞ്ചായത്തുകളിൽ മാന്നാറിലും വെൺമണിയിലും മാത്രമാണ് ഭരണം നേടാനായത്. 2020-ൽ പത്തിടത്തും ജയിച്ചിരുന്നു.ലോക്കൽ സെക്രട്ടറിമാരുടെ ഉദാസീനതയാണ് പരാജയകാരണമെന്ന് മന്ത്രി ഏരിയ നേതാക്കളോടു പറഞ്ഞിരുന്നു.
ഇതനുസരിച്ചുള്ള റിപ്പോർട്ടാണ് ഏരിയ നേതൃത്വം ജില്ലക്കമ്മിറ്റിക്കു നൽകിയത്. എന്നാൽ, ലോക്കൽ സെക്രട്ടറിമാരുടെ വിമർശനം ഉൾപ്പെടുത്തിയില്ല. മന്ത്രിയുടെ തട്ടകമായ ചെങ്ങന്നൂരിലുണ്ടായ തിരിച്ചടിയെക്കുറിച്ച് പാർട്ടി ഏരിയ കമ്മിറ്റി യോഗം ചർച്ചചെയ്തിരുന്നു. ലോക്കൽ സെക്രട്ടറിമാർ ഉൾപ്പെടെയുള്ളവർ മന്ത്രിയുടെ നടപടിയെ യോഗത്തിൽ രൂക്ഷമായി വിമർശിച്ചു. മന്ത്രി തൻപ്രമാണിത്തം കാണിച്ചതാണ് തിരിച്ചടിക്കു കാരണമെന്നായിരുന്നു പ്രധാന വിമർശനം.
പ്രവർത്തനപാരമ്പര്യവും ജനകീയതയും അടിസ്ഥാനമാക്കി സ്ഥാനാർഥികളെ തീരുമാനിക്കാൻ അനുവദിച്ചില്ല. ബന്ധുവിനു വരെ മറ്റുള്ളവരെ മറികടന്നു സീറ്റു നൽകി. ഇതെല്ലാം തിരിച്ചടിക്കു കാരണമായെന്നായിരുന്നു വിലയിരുത്തൽ. വോട്ടുകളുടെ എണ്ണത്തിൽ മേൽക്കൈ നിലനിർത്തിയെങ്കിലും പഞ്ചായത്തുകളിൽ തിരിച്ചടിയുണ്ടായി. പാർട്ടി ശക്തികേന്ദ്രമായ മുളക്കുഴയിൽ കേവല ഭൂരിപക്ഷമില്ല. ചെറിയനാട്ടിൽ കോൺഗ്രസും സി.പി.എമ്മും തുല്യനിലയിലാണ്. 65 വർഷമായി സി.പി.എം. ഭരിക്കുന്ന ബുധനൂരിൽ ബി.ജെ.പി. അധികാരം പിടിച്ചെടുത്തു. ചെങ്ങന്നൂർ നഗരസഭയിൽ സീറ്റുകൾ വർധിപ്പിക്കാനായെങ്കിലും അധികാരത്തിനു പുറത്താണ്. മന്ത്രിയുടെ സ്വന്തം പഞ്ചായത്തായ മുളക്കുഴയിൽ കേവല ഭൂരിപക്ഷം നേടാൻ കഴിഞ്ഞില്ല.


















































