കണ്ണൂർ: എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ തുടരന്വേഷണം ആവശ്യപ്പെട്ട് ഭാര്യ മഞ്ജുഷ. അന്വേഷണ സംഘം ശരിയായ രീതിയിൽ അന്വേഷണം നടത്തിയില്ലെന്നാരോപിച്ചാണ് കണ്ണൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ മഞ്ജുഷ ഹർജി സമർപ്പിച്ചത്. തുടക്കം മുതൽ അന്വേഷണ സംഘം നീങ്ങിയത് നവീൻ ബാബു കൈക്കൂലി വാങ്ങിയെന്ന തരത്തിലാണെന്നു ഹർജിയിൽ പറയുന്നു. പക്ഷപാതപരമായ അന്വേഷണമാണ് നടത്തിയത്.
കൺമുന്നിലുള്ള തെളിവുകളെ നിരാകരിക്കുകയും പ്രതിക്ക് അനുകൂലമാക്കി തീർക്കുകയും ചെയ്തെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. അഭിഭാഷകനായ ജോൺ എസ്. റാഫ് മുഖേന സമർപ്പിച്ച ഹർജിയിൽ അന്വേഷണ സംഘത്തിന്റെ വീഴ്ചകൾ അക്കമിട്ട് രേഖപ്പെടുത്തിയത്.
പെട്രോൾ പമ്പ് തുടങ്ങാൻ നവീൻ ബാബുവിനു അപേക്ഷ നൽകിയ പ്രശാന്തന്റെ ആരോപണത്തിന് തെളിവില്ലെന്ന് പോലീസ് റിപ്പോർട്ടിൽ പറയുന്നുണ്ടെന്ന് ഹർജിയിൽ വ്യക്തമാക്കുന്നു. ലാൻഡ് റവന്യൂ ജോയിന്റ് കമ്മിഷണർ എ. ഗീത നടത്തിയ അന്വേഷണ റിപ്പോർട്ടിലും നവീൻ ബാബു കൈക്കൂലി വാങ്ങിയിട്ടില്ലെന്ന് പറയുന്നുണ്ട്. പെട്രോൾ പമ്പിന് അനുമതി നൽകുന്നതിൽ കാലതാമസം വരുത്തിയിട്ടില്ലെന്നും അവർ പറയുന്നു.
അതേപോലെ കലക്ടർക്ക് മുന്നിൽ തെറ്റുപറ്റിയെന്ന് നവീൻ ബാബു പറഞ്ഞുവെന്നത് കെട്ടിച്ചമച്ചതാണെന്നു കണ്ടെത്തി. 20 ലക്ഷം രൂപ നിക്ഷേപം ഉണ്ടെന്ന് പറയുന്ന പ്രശാന്തൻ, എഡിഎമ്മിനു കൈക്കൂലി നൽകാൻ സ്വർണം പണയം വച്ച് ഒരു ലക്ഷം രൂപ കടമെടുത്തു എന്നു പറയുന്നത് യുക്തിപരമല്ല. പ്രതിയുടെ ഫോൺ കൃത്യമായി പരിശോധിച്ചില്ല. പ്രശാന്തനും ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന പിപി ദിവ്യയും തമ്മിലുള്ള ബന്ധം ഒരിക്കൽ പോലും പോലീസ് അന്വേഷിച്ചില്ലെന്നും ഹർജിയിൽ പറയുന്നു.
അതേസമയം നവീൻ ബാബുവിന്റെ മരണത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന പി.പി. ദിവ്യ മാത്രമാണ് കേസിൽ പ്രതി. എഡിഎം നവീന‍് ബാബുവിന്റെ യാത്രയയപ്പ് യോഗത്തിൽ വിളിക്കാതെ എത്തിയ ദിവ്യ അദ്ദേഹത്തെ ആക്ഷേപിച്ചതിനെത്തുടർന്നാണ് ആത്മഹത്യ ചെയ്തതെന്നാണ് കുടുംബം ആരോപിക്കുന്നത്. നവീൻ ബാബു കൈക്കൂലിക്കാരനാണെന്ന തരത്തിലാണ് കലക്ടറുടെ സാന്നിധ്യത്തിൽ ദിവ്യ അന്ന് സംസാരിച്ചത്. ഇതേ തുടർന്നുണ്ടായ മനോവിഷമത്തിനാണ് എഡിഎം മരിച്ചതെന്നാണ് കുടുംബം ആരോപിക്കുന്നത്.