കൊച്ചി: കൊച്ചി സ്വദേശിയിൽനിന്ന് സൈബർ തട്ടിപ്പിലൂടെ 25 കോടി രൂപ കൈവശപ്പെടുത്തിയ സംഭവത്തിൽ മുഖ്യ ആസൂത്രകർ മലയാളികളാണെന്ന സംശയം ബലപ്പെടുന്നു. പണത്തിൽ ഒരു പങ്ക് എത്തിയ കൊല്ലം സ്വദേശിനിയായ യുവതിയെ പിടികൂടുകയും കേസിൽ ഇനിയും മലയാളികളുണ്ടെന്ന് കണ്ടെത്തുകയും ചെയ്തിട്ടുണ്ട്.
കൊച്ചി സ്വദേശിയിൽ നിന്ന് കൈവശപ്പെടുത്തിയ 25 കോടി രൂപ പല അക്കൗണ്ടുകളിലേക്കാണ് കൈമാറ്റം ചെയ്തിട്ടുള്ളത്. തട്ടിപ്പിന്റെ ആസൂത്രണം കാലിഫോർണിയയിലാണെന്നും ഇടപാടുകാരെ സമീപിക്കുന്ന കോൾസെന്റർ സൈപ്രസിലാണെന്നും കണ്ടെത്തിയിരുന്നു. തട്ടിപ്പ് നടത്തിയ ട്രേഡിങ് കമ്പനിക്കെതിരേ മറ്റ് സംസ്ഥാനങ്ങളിലും പരാതി ലഭിച്ചിട്ടുണ്ട്. നേരത്തേയും രാജ്യാന്തരതലത്തിൽ നിരവധി സൈബർ തട്ടിപ്പുകളിൽ പ്രതിസ്ഥാനത്ത് വന്ന കമ്പനിയാണ് ഇതെന്നും വ്യക്തമായി.ഡാനിയേൽ എന്ന് പരിചയപ്പെടുത്തിയ, മലയാളം സംസാരിക്കുന്ന ഇടപാടുകാരനുമായി തട്ടിപ്പിനിരയായ കൊച്ചി സ്വദേശി ആശയവിനിമയം നടത്തിയിരുന്നു. ഈ പേര് വ്യാജമാണെന്നാണ് നിഗമനം.
കമ്പനി യഥാർഥമാണോ, ഓൺലൈൻ ട്രേഡിങ് നടത്തുന്നുണ്ടോ, ഇന്ത്യയിൽ രജിസ്‌ട്രേഷൻ ഉണ്ടോ എന്നതുൾപ്പെടെയുള്ള കാര്യങ്ങൾ പരിശോധിക്കുന്നണ്ട്.2023 മാർച്ച് മുതൽ 2025 വരെയുള്ള കാലയളവിലാണ് 25 കോടി രൂപ സൈബർ കൊള്ളസംഘം തട്ടിയെടുത്തത്. വ്യാജ വെബ്‌സൈറ്റ് വഴി ട്രേഡിങ് നടത്തിയാൽ ഉയർന്ന ലാഭം ലഭിക്കുമെന്ന് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. ബാങ്ക് അക്കൗണ്ടുകൾ വിലയ്ക്കുവാങ്ങിയുള്ള തട്ടിപ്പാണ് ഈ കേസിലും നടന്നിട്ടുള്ളത്. വാങ്ങിയ അക്കൗണ്ടിന്റെ പൂർണ നിയന്ത്രണം തട്ടിപ്പ് സംഘത്തിനായിരിക്കുമെങ്കിലും കേസുകളിൽ ആദ്യം പിടിയിലാകുന്നത് ബാങ്ക് അക്കൗണ്ട് ഉടമകളായിരിക്കും.