കൊച്ചി ∙ തീർഥാടകർ ഉപേക്ഷിക്കുന്ന വസ്ത്രങ്ങളാൽ പമ്പ മലിനമാകുന്ന സാഹചര്യത്തിൽ നിർദേശങ്ങൾ പുറപ്പെടുവിച്ച് ഹൈക്കോടതി. പമ്പയിൽ വസ്ത്രങ്ങൾ ഉപേക്ഷിക്കുന്നത് ആചാരമല്ലെന്ന് ഭക്തരെ ബോധ്യപ്പെടുത്തണമെന്ന് കോടതി വ്യക്തമാക്കി. ഇക്കാര്യത്തില്‍ വ്യാപക പ്രചാരണം നടത്തണമെന്നും ദേവസ്വം ബോർഡിന് ജസ്റ്റിസുമാരായ എ.വിജയരാഘവൻ, കെ.വി.ജയകുമാർ എന്നിവരുടെ ബെഞ്ച് പറഞ്ഞു.
കുളിക്കാനിറങ്ങുന്ന തീർഥാടകർ ഉപേക്ഷിക്കുന്ന വസ്ത്രങ്ങൾ കൊണ്ട് പമ്പാ നദി മലിനമാകുന്ന സാഹചര്യത്തിലാണ് കോടതിയുടെ ഇടപെടൽ. ലോഡ് കണക്കിനു തുണികളാണ് നദിയിൽ നിന്നു ദിവസവും ശേഖരിക്കുന്നത്. ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള തീർഥാടകരാണ് പമ്പയിൽ വസ്ത്രങ്ങൾ ഉപേക്ഷിക്കുന്നത്. അവർ ഇതൊരു ആചാരമായിട്ടാണ് കാണുന്നത്. എന്നാൽ ഇങ്ങനെ ഒരാചാരമില്ല എന്ന് വ്യാപകമായി ബോധവൽക്കരണം നടത്താനാണ് കോടതി നിർദേശം. ബോധവൽക്കരണ ദൃശ്യങ്ങൾ പമ്പാ തീരത്ത് പ്രദർശിപ്പിക്കണമെന്നും കോടതി നിർദേശിച്ചു. ഇതിനു പുറമെ പമ്പ മലിനമാക്കരുതെന്നും നദിയിൽ തുണി ഉപേക്ഷിക്കരുതെന്നുമുള്ള ശബ്ദ സന്ദേശങ്ങൾ കെഎസ്ആർടിസി ബസുകളിലൂടെ പ്രചരിപ്പിക്കണമെന്നും കോടതി നിര്‍ദേശിച്ചു.
ഉപേക്ഷിക്കുന്ന വസ്ത്രങ്ങൾ നദിയിൽ അടിഞ്ഞു കൂടുകയാണെന്ന റിപ്പോർട്ടുകൾ നേരത്തേ പുറത്തുവന്നിരുന്നു. ഇത് വെള്ളം മലിനമാക്കുന്നു. നദിയിൽ ഉപേക്ഷിക്കുന്ന വസ്ത്രങ്ങൾ ശേഖരിക്കാനുള്ള അവകാശം ദേവസ്വം ബോർഡ് വലിയ തുകയ്ക്ക് ലേലത്തിൽ കൊടുത്തിട്ടുണ്ടെങ്കിലും നദിയുടെ അടിത്തട്ടിൽ അടിയുന്ന തുണി ഇവർ ശേഖരിക്കുന്നില്ല. വെള്ളത്തിനു മുകളിലൂടെ ഒഴുകി വരുന്ന തുണി മാത്രമാണ് ശേഖരിക്കുന്നത്. സംഭരിക്കുന്ന തുണികൾ സ്നാനഘട്ടത്തിലെ പടിക്കെട്ടിൽ കൂട്ടിയിട്ടിരിക്കുന്നതു മൂലം ചെളിയും തുണിയുമടിഞ്ഞ് പടിക്കെട്ടുകൾ വൃത്തിഹീനമാവുകയും ചെയ്യുന്നുണ്ട്.


















































