തൃശ്ശൂർ: കൊടകര കുഴൽപ്പണക്കേസിൽ പണം എത്തിച്ചത് ബിജെപിക്ക് വേണ്ടിയെന്ന ആരോപണം തള്ളി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. പണം എത്തിച്ചത് ബിസിനസ് ആവശ്യങ്ങൾക്കാണെന്നാണ് ഇ ഡി കുറ്റപത്രത്തിൽ പറയുന്നത്. ബിജെപിയുടെ പണമെന്നതിന് തെളിവില്ല. കലൂർ പിഎംഎൽഎ കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. കേസിൽ തുടരന്വേഷണത്തിന് സാധ്യതയില്ലെന്നും ഇ ഡി കോടതിയെ അറിയിച്ചു.
പോലീസ് കണ്ടെത്തൽ തള്ളിയുള്ള കുറ്റപത്രത്തിൽ ആകെ 23 പ്രതികളാണ് ഉള്ളത്. ആലപ്പുഴയിലുള്ള തിരുവതാംകൂർ പാലസ് പ്രോപ്പർട്ടി വാങ്ങുന്നതിന് ദർമരാജ്, ഡ്രൈവർ ഷംജീറിൻ്റെ പക്കൽ കൊടുത്തുവിട്ട 3.56 കോടി രൂപ കൊടകരയിൽ വച്ച് കൊള്ളയടിച്ചെന്നാണ് ഇഡിയുടെ കണ്ടെത്തൽ. പണത്തിൻ്റെ ഉറവിടം സംബന്ധിച്ച രേഖകൾ ദർമരാജ് ഹാജരാക്കിയിരുന്നു. പോലീസ് കണ്ടെത്തിയ കളവ് മുതലിന് പുറമെ 3 ലക്ഷം രൂപയും 8 ലക്ഷം രൂപയുടെ വസ്തുക്കളും ഇഡി കണ്ടുകെട്ടിയിരുന്നു.
അതേസമയം മുഹമ്മദ് അലി, സുജീഷ്, രഞ്ജിത്ത്, ദീപക്ക്, അരീഷ്, മാർട്ടിൻ, ലബീബ്, അഭിജിത്ത്, ബാബു, അബ്ദുൾ ഷാഹിദ്, മുഹമ്മദ് ഷുക്കൂർ, അബ്ദുൾ ബഷീർ, അബദുൾ സലാം, റഹിം, ഷിജിൽ, അബ്ദുൾ റഷീദ്, റൗഫ്, മുഹമ്മദ് ഷാഫി, എഡ്വിൻ , ദീപ്തി, സുൾഫിക്കർ, റഷീദ്, ജിൻഷാമോൾ എന്നിവരാണ് കേസിലെ പ്രതികൾ.
2021-ൽ നിയമസഭാ തിരഞ്ഞെടുപ്പ് കാലയളവിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്കായി കർണാടകയിൽ നിന്ന് കേരളത്തിൽ എത്തിച്ച പണം മോഷണം പോയതെന്നായിരുന്നു ആരോപണം. ഏപ്രിൽ മൂന്നിനായിരുന്നു സംഭവം. തൃശൂരിൽ നിന്ന് ബിജെപിയുടെ ആലപ്പുഴ ജില്ലാ ഓഫീസിലേക്ക് കൊണ്ടുപോയതെന്ന് ആരോപിച്ച പണം കൊടകരയിൽവെച്ച് വ്യാജ അപകടം സൃഷ്ടിച്ച് തട്ടിക്കൊണ്ടുപോവുകയായിരുന്നു. മൂന്നരക്കോടി രൂപയാണ് കവർന്നത്. സംഭവം നടന്ന് മൂന്ന് ദിവസത്തിന് ശേഷമാണ് പോലീസിൽ പരാതി നൽകിയത്. പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. സംഭവത്തിൽ ദുരൂഹത തോന്നിയതിനാൽ അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചു. കേസിൽ 23 പേരെ അറസ്റ്റ് ചെയ്തിരുന്നു.
അതേസമയം ഉപതിരഞ്ഞെടുപ്പിന്റെ പ്രചാരണത്തിനിടെയാണ് ബിജെപിയെ വെട്ടിലാക്കി മുൻ ഓഫീസ് സെക്രട്ടറി തിരൂർ സതീഷ് രംഗത്തെത്തിയത്. കൊടകരയിൽ കുഴൽപ്പണമായി എത്തിയത് ബിജെപിയുടെ തിരഞ്ഞെടുപ്പ് ഫണ്ടാണെന്നായിരുന്നു സതീഷിന്റെ വെളിപ്പെടുത്തൽ. ചാക്കുകെട്ടുകളിലായാണ് പണം എത്തിച്ചതെന്നും പണം കൊണ്ടുവന്നവർക്ക് മുറി എടുത്ത് നൽകിയത് താനാണെന്നും സതീഷ് പറഞ്ഞിരുന്നു. എന്നാൽ സതീഷിന്റെ ആരോപണങ്ങൾ ബിജെപി സംസ്ഥാന അധ്യക്ഷനായിരിക്കെ കെ സുരേന്ദ്രൻ തള്ളിയിരുന്നു.