കൊച്ചി: വിദേശത്തു വച്ച് വിവാഹം ചെയ്തവർക്ക് നടപടിക്രമങ്ങൾ പൂർണമല്ലെങ്കിൽ ഇന്ത്യയിലെത്തി സ്പെഷൽ മാര്യേജ് ആക്ട് പ്രകാരം വിവാഹം റജിസ്റ്റർ ചെയ്യാനാവില്ലെന്ന് ഹൈക്കോടതി. ഇവർ ചെയ്യേണ്ടത് ഫോറിൻ മാര്യേജ് ആക്ട് പ്രകാരം ഇന്ത്യൻ എംബസിയിലെ മാര്യേജ് ഓഫിസർക്ക് മുമ്പാകെ തങ്ങളുടെ വിവാഹം റജിസ്റ്റർ ചെയ്യുകയാണ് വേണ്ടതെന്നും ഹൈക്കോടതി വ്യക്തമാക്കി. ഇന്തോനീഷ്യൻ യുവതിയുമായി അവിടെവച്ച് നടത്തിയ വിവാഹം സ്പെഷൽ മാര്യേജ് ആക്ട് പ്രകാരം റജിസ്റ്റർ ചെയ്യാൻ അനുവദിക്കണമെന്ന തൃശൂർ സ്വദേശിയുടെ ഹർജിയിലാണ് ജസ്റ്റിസ് സിഎസ് ഡയസിന്റെ നിർണായക വിധി.
ശരിയായ രീതിയിൽ വിവാഹം റജിസ്റ്റർ ചെയ്യാതിരുന്നതിനാലാണ് ഇതുണ്ടായതെന്ന് കോടതി ഉത്തരവിൽ ചൂണ്ടിക്കാട്ടി. ഇതു സംബന്ധിച്ച് ഹൈക്കോടതി തന്നെ ഒട്ടേറെ വിധിന്യായങ്ങൾ മുമ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. അതിനാൽ സ്പെഷൽ മാര്യേജ് ആക്ട് പ്രകാരം വിവാഹം റജിസ്റ്റർ ചെയ്യാൻ കഴിയില്ല എന്നും കോടതി വ്യക്തമാക്കി.
ആമിർ ഖാന്റെ പുതിയ പ്രണയിനി ബെംഗളൂരു സ്വദേശിനി? കാമുകിയെ വീട്ടുകാർക്ക് പരിചയപ്പെടുത്തി
ദമ്പതികൾ ഇന്തോനീഷ്യൻ നിയമപ്രകാരം വിവാഹം കഴിക്കുകയും മാര്യേജ് സർട്ടിഫിക്കറ്റ് ഇന്ത്യൻ എംബസിയിൽ റജിസ്റ്റർ ചെയ്യുകയും ചെയ്തിരുന്നു. പിന്നീട് ദമ്പതികളും കുട്ടിയും കേരളത്തിലേക്ക് തിരികെ വരികയും തൃശൂരിൽ താമസമാക്കുകയും ചെയ്തതിനു ശേഷം സ്പെഷൽ മാര്യേജ് ആക്ട് പ്രകാരം വിവാഹം കഴിക്കാൻ അപേക്ഷ നൽകിയെങ്കിലും ഇത് നിരസിക്കപ്പെടുകയായിരുന്നു.
എന്നാൽ ഓൺലൈൻ വഴി മാര്യേജ് ഓഫിസർക്ക് അപേക്ഷ നൽകി റജിസ്ട്രേഷൻ നടത്താനും കോടതി ദമ്പതികൾക്ക് അനുമതി നൽകിയിട്ടുണ്ട്. വിദേശത്തു വച്ച് വിവാഹം കഴിക്കുന്നവർക്ക് വേണ്ടിയാണ് ഫോറിൻ മാര്യേജ് ആക്ട്. ഇതനുസരിച്ച് ഒരാളെങ്കിലും ഇന്ത്യൻ പൗരൻ ആണെങ്കിൽ ഇത്തരത്തിൽ മാര്യേജ് ഓഫിസർക്ക് മുമ്പാകെ റജിസ്റ്റർ ചെയ്യാം. അതേസമയം, ഇന്ത്യയിൽ വച്ച് നടക്കുന്ന വിവാഹങ്ങൾക്കുള്ളതാണ് സ്പെഷൽ മാര്യേജ് ആക്ട്.
അതേസമയം ദമ്പതികൾക്ക് ഇന്ത്യൻ എംബസിയിലെ മാര്യേജ് ഓഫിസർക്ക് മുമ്പാകെ റജിസ്റ്റർ ചെയ്യാവുന്നതാണെന്നും കോടതി വ്യക്തമാക്കി. എന്നാൽ ഇതിനായി ഇന്തോനീഷ്യ വരെ യാത്ര ചെയ്യുന്നത് ഒഴിവാക്കാൻ ഓൺലൈൻ വഴി അപേക്ഷ നൽകി നടപടി ക്രമങ്ങൾ പൂർത്തിയാക്കാൻ കോടതി ദമ്പതികളെ സഹായിക്കുകയും ചെയ്തു. ഇതു സംബന്ധിച്ച് ഡപ്യൂട്ടി സോളിസിറ്റർ ജനറൽ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും കോടതി ഉറപ്പു നൽകി.