തിരുവനന്തപുരം: കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മകന് 2023ൽ ഇഡി സമൻസ് അയച്ച വിവരം പൂഴ്ത്തിവച്ചതിൽ ദുരൂഹതയുണ്ടെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ എംപി. ഇ.ഡി 2023ലാണ് നോട്ടിസ് നൽകിയത്. എന്നാലത് ഇപ്പോഴാണ് പുറത്തുവന്നത്. മാത്രമല്ല ആരുമറിയാതെ അതീവ രഹസ്യമായിട്ടാണ് ഇ.ഡി മുഖ്യമന്ത്രിയുടെ മകന് കള്ളപ്പണം വെളുപ്പിക്കൽ കേസിൽ സമൻസ് നൽകിയത്. ഇക്കാര്യത്തിൽ ദുരൂഹതയുണ്ട്.
മുഖ്യമന്ത്രിയുടെ മകന്റെ സ്ഥാനത്ത് കോൺഗ്രസിന്റെയും മറ്റു പ്രതിപക്ഷ പാർട്ടികളുടെയും നേതാക്കൾക്കെതിരെ നോട്ടിസ് നൽകിയാൽ അത് ഇ.ഡി ഉൾപ്പെടെയുള്ള കേന്ദ്ര അന്വേഷണ ഏജൻസികൾ തന്നെ രാജ്യവ്യാപകമായത് പ്രസിദ്ധീകരിക്കും. ഒരു കാര്യവുമില്ലെങ്കിലും ചോദ്യം ചെയ്യലും അറസ്റ്റും മറ്റുമായി വലിയ വാർത്താപ്രാധാന്യം അവർ ഉണ്ടാക്കിയെടുക്കും. അതിനുദാഹരണമാണു നാഷനൽ ഹെറാൾഡ് കേസ്, ജാർഖണ്ഡിൽ ഹേമന്ത് സോറൻ തുടങ്ങിയവരുടെ കേസുകൾ.
എന്നാൽ കേരളത്തിലെ സിപിഎം മുഖ്യമന്ത്രിയുടെയും മകന്റെയും കാര്യത്തിൽ ഇ.ഡി അത്തരം വലിയ പ്രചാരണത്തിന് നിന്നില്ല. മുഖ്യമന്ത്രിയുടെ മകനെതിരായ തുടർ നടപടിയെന്തായിരുന്നുവെന്ന് ഇ.ഡി സമാധാനം പറയണം. ഈ കേസിന്റെ നിലവിലെ അവസ്ഥയെന്താണ്? മുഖ്യമന്ത്രിയുടെ മകനെ ചോദ്യം ചെയ്‌തോ? ഈ കേസ് ഇപ്പോഴും നടക്കുന്നുണ്ടോ? ഇക്കാര്യങ്ങൾ ഉൾപ്പെടെ ഇ.ഡിയിൽ നിന്ന് മറുപടി കിട്ടേണ്ട നിരവധി ചോദ്യങ്ങളുണ്ട്.
അതുപോലെ ഇ.ഡി നടപടി രാഷ്ട്രീയ പ്രേരിതമാണെന്ന് വാദത്തിന് പറഞ്ഞാൽ പോലും മുഖ്യമന്ത്രിയും സിപിഎമ്മും എന്തുകൊണ്ട് അന്ന് ഈ സമൻസിനെതിരെ പ്രതികരിക്കാതെ മൗനം പാലിച്ചുവെന്നും കെസി വേണുഗോപാൽ ചോദിച്ചു. ഇ.ഡിയുടെ സമൻസിനെതിരെ നിയമപോരാട്ടത്തിന് മുന്നോട്ട് വരാതിരുന്ന മുഖ്യമന്ത്രിയുടെയും സിപിഎമ്മിന്റെയും നിലപാടിനേയും കെ.സി വേണുഗോപാൽ വിമർശിച്ചു. ഇ.ഡിയുടേത് പോലെ സമൻസിന്റെ വിവരം രഹസ്യമാക്കി വയ്ക്കണമെന്ന് മുഖ്യമന്ത്രിക്കും സിപിഎമ്മിനും നിർബന്ധമുണ്ടായിരുന്നു. സിപിഎമ്മും ഇ.ഡിയും കേരള സർക്കാരും മുഖ്യമന്ത്രിയും ഈ സമൻസ് വിവരം പൂഴ്ത്തിവച്ചത് കൂടുതൽ സംശയങ്ങൾക്ക് ഇടയാക്കുന്നുണ്ടെന്നും കെ.സി വേണുഗോപാൽ പറഞ്ഞു.
കൂടാതെ പ്രോട്ടോക്കോൾ ലംഘിച്ച് മുഖ്യമന്ത്രിയും കേന്ദ്രമന്ത്രിയും തമ്മിലുള്ള കേരള ഹൗസിലെ പ്രഭാത ഭക്ഷണം കഴിക്കലും കേന്ദ്ര മന്ത്രിമാരുടെ വീടുകളിൽ ഉദ്യോഗസ്ഥരില്ലാതെയുള്ള പിണറായി വിജയന്റെ സന്ദർശനവും ഇതിനിടെയാണ് നടന്നത്. ഇതെല്ലംകൂടി കൂട്ടിവായിച്ചാൽ എന്തൊക്കെയോ ചീഞ്ഞു നാറുന്നുണ്ടെന്ന് വ്യക്തമാണ്. അതിൽ വ്യക്തത വരുത്തേണ്ട ഉത്തരവാദിത്തം കേരള മുഖ്യമന്ത്രിക്കുണ്ട്. ഇതെല്ലാം തെറ്റാണെന്നും തട്ടിപ്പാണെന്നും തുറന്ന് പറയാൻ മുഖ്യമന്ത്രി തയാറാകുമോ? അതല്ലാതെ മടിയിൽ കനമില്ലെന്ന് വെറുതെ പറഞ്ഞിട്ട് കാര്യമില്ലെന്നും വസ്തുനിഷ്ഠമായി മറുപടി പറയണമെന്നും കെ.സി വേണുഗോപാൽ പറഞ്ഞു.
അതേസമയം കെപിസിസി വർക്കിങ് പ്രസിഡന്റ് ഷാഫി പറമ്പിലിനെതിരായ ആക്രമണം ശബരിമലയിലെ സ്വർണക്കൊള്ളയിൽ നിന്ന് സർക്കാരിന് രക്ഷപെടാനുള്ള തന്ത്രത്തിന്റെ ഭാഗമാണെന്നും കെ.സി വേണുഗോപാൽ പറഞ്ഞു. ഒരു ജനപ്രതിനിധിക്ക് സ്വന്തം മണ്ഡലത്തിൽ ഒരു സംഭവസ്ഥലം സന്ദർശിച്ചാൽ ഇതാണ് അനുഭവം. ഇത് കാട്ടുനീതിയാണ്. രാജാവിനേക്കാൾ വലിയ രാജഭക്തിയാണ് പേലീസുകാർക്ക്. ഇതൊന്നും കണക്കിൽപ്പെടാതെ പോകില്ലെന്ന് ഇത്തരം പ്രവൃത്തികൾ ചെയ്യുന്ന പോലീസ് ഉദ്യോഗസ്ഥർ മറക്കണ്ടെന്നും കെ.സി വേണുഗോപാൽ കൂട്ടിച്ചേർത്തു.