തിരുവനന്തപുരം: കേരളത്തിലെ വിദ്യാഭ്യാസ രംഗത്ത് വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിക്ക് മുന്നിലേക്കു ചില നിർദേശങ്ങൾ വച്ച് എ പി വിഭാഗം സമസ്ത നേതാവ് കാന്തപുരം എ പി അബൂബക്കർ മുസലിയാർ. മന്ത്രിയെ വേദിയിലിരുത്തിയായിരുന്നു കാന്തപുരം നിർദേശങ്ങൾ മുന്നോട്ടുവച്ചത്. സ്‌കൂളിലെ വേനലവധിയിൽ പരിഷ്‌കരണം വരുത്താമെന്ന് കാന്തപുരം വ്യക്തമാക്കി. ചൂട് കൂടുതലുള്ള മെയ് മാസത്തിലേക്കും മഴ കൂടുതലുള്ള ജൂൺ മാസത്തിലേക്കും വേനലവധി മാറ്റാമെന്നായിരുന്നു കാന്തപുരത്തിന്റെ ഒരു നിർദേശം.
അതുപോലെ നിലവിൽ വർഷത്തിൽ മൂന്ന് എന്ന നിലയ്ക്ക് നടക്കുന്ന പരീക്ഷകൾ വർഷത്തിൽ രണ്ട് എന്ന രീതിയിൽ ക്രമീകരിക്കാമെന്നും ചർച്ച ചെയ്ത് തീരുമാനങ്ങളെടുക്കുകയാണെങ്കിൽ തർക്കങ്ങളും പ്രതിഷേധങ്ങളും ഒഴിവാക്കാമെന്നും കാന്തപുരം പറഞ്ഞു. പരാതികളും അപേക്ഷകളും നൽകുമ്പോൾ പഠിച്ചിട്ട് പറയാമെന്നാണ് മന്ത്രി പറയുന്നത്, അത് ബുദ്ധിയുള്ളവരുടെ ലക്ഷണമാണെന്നും കാന്തപുരം കൂട്ടിച്ചേർത്തു.
അതേസമയം ബിജെപിയുടെ അക്കൗണ്ട് ക്ലോസ് ചെയ്ത് നിയമസഭയിലെത്തിയ തനിക്ക് ഉസ്താദിനോട് ആരാധനയാണെന്ന് വി ശിവൻകുട്ടി പറഞ്ഞു. ഉസ്താദ് ന്യൂനപക്ഷങ്ങൾക്ക് വേണ്ടി നിൽക്കുമെന്നതിൽ തർക്കമില്ലെന്നും എന്ത് മാറ്റം വരുത്തുന്നുണ്ടെങ്കിലും ചർച്ചകൾ നടത്തുമെന്ന് ഉറപ്പ് തരുന്നുവെന്നും ശിവൻകുട്ടി വ്യക്തമാക്കി.
എയ്ഡഡ്, അൺ എയ്ഡഡ് മേഖലകളോട് തുല്യ സ്‌നേഹമാണ് ഉസ്താദ് കാണിക്കാറ്, എല്ലാ മേഖലകളിലും കാലഘട്ടത്തിനനുസരിച്ച് മാറ്റം വരണം എന്നതും പ്രധാനപ്പെട്ട കാര്യമാണെന്നും വി ശിവൻകുട്ടി പറഞ്ഞു. ഒറ്റയ്ക്ക് തീരുമാനമെടുക്കുന്നത് ഏകാധിപത്യ രീതിയാണ്. അതിനാൽ സ്‌കൂൾ സമയമാറ്റം, വേനലവധി കാര്യത്തിൽ തീരുമാനമെടുക്കാൻ കമ്മിറ്റിയെ നിയോഗിക്കും. എല്ലാവർക്കും സ്വീകാര്യമായ കമ്മിറ്റി തന്നെയായിരിക്കും അത്, ഭരണപക്ഷ- പ്രതിപക്ഷ വ്യത്യാസമുണ്ടാകില്ലെന്നും വി ശിവൻകുട്ടി പറഞ്ഞു. അതേസമയം സ്കൂൾ സമയം അരമണിക്കൂർ വർധിപ്പിക്കുന്നുതുമായി ബന്ധപ്പെട്ട് സർക്കാരും സമസ്തയും തമ്മിൽ ചർച്ചകൾ നടക്കുന്ന സാഹചര്യത്തിലാണ് കാന്തപുരത്തിൻറെയും മന്ത്രിയുടെയും പ്രതികരണങ്ങൾ.