പാലക്കാട്: ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നടന്ന കർഷക വിരുദ്ധ റാലിയിൽ ബിജെപി മുൻ സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ ട്രാക്‌ടർ ഓടിച്ചുവന്ന സംഭവത്തിൽ ഉടമയ്‌ക്ക് 5000 രൂപ പിഴ ചുമത്തി. സുരേന്ദ്രന് ട്രാക്‌ടർ ഓടിക്കാനുള്ള ലൈസൻസ് ഇല്ലെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് പാലക്കാട് ട്രാഫിക് എൻഫോഴ്‌സ്‌മെന്റ് പിഴ ചുമത്തിയത്.
പാലക്കാട് ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഇടത് സർക്കാരിന്റെ കർഷക വിരുദ്ധ നയങ്ങൾക്കെതിരെ ബിജെപി സ്ഥാനാർത്ഥി സി കൃഷ്ണകുമാറിനായി അന്നത്തെ സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ ട്രാക്ടർ റാലി നടത്തിയത്. ട്രാക്‌ടർ റാലിയിൽ ട്രാക്‌ടർ ഓടിച്ച് തന്നെയാണ് സുരേന്ദ്രൻ സ്ഥലത്തെത്തിയത്.
സംഭവത്തിൽ എറണാകുളം ശ്രീമൂല നഗരം സ്വദേശിയും എസ്‌എഫ്‌ഐ എറണാകുളം ജില്ലാ സെക്രട്ടറി ആയിരുന്ന ഫസൽ മുഹമ്മദ് കഴിഞ്ഞ നവംബറിൽ അന്നത്തെ പാലക്കാട് എസ്‌പി ആർ ആനന്ദിന് പരാതി നൽകിയിരുന്നു. തുടർന്ന് ട്രാഫിക് എൻഫോഴ്‌സ്‌മെന്റ് വിഭാഗം വാഹനം അന്വേഷിച്ച് കണ്ടെത്തുകയും ഉടമയിൽ നിന്ന് പിഴ ഈടാക്കുകയുമായിരുന്നു. പോലീസ് നടപടിയിൽ തൃപ്‌തനല്ലെന്നും സമൂഹത്തിന് കൂടി മാതൃകയാകേണ്ട ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ മതിയായ ലൈസൻസില്ലാതെ ട്രാക്‌ടർ ഓടിച്ചതിന് നടപടി വേണം. കൂടാതെ കെ സുരേന്ദ്രനെതിരെ കൂടുതൽ നടപടി ആവശ്യപ്പെട്ട് മുന്നോട്ട് പോകുമെന്നും പരാതിക്കാരൻ പറഞ്ഞു.