തിരുവനന്തപുരം: വയനാട് ദുരന്തബാധിതരുടെ പുനരധിവാസത്തിനായി തിരിച്ചടയ്ക്കൽ വ്യവസ്ഥയോടെ വായ്പ അനുവദിച്ച കേന്ദ്രസർക്കാർ നടപടി ബിജെപിയുടെ പ്രതികാര രാഷ്ട്രീയമാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ എംപി. വായ്പ വിനിയോഗത്തിന് ഒന്നരമാസം കാലാവധി നിശ്ചയിച്ചത് അപ്രായോഗികവും വയനാട് പുനർനിർമാണ പ്രവർത്തനങ്ങളെ ദോഷകരമായി ബാധിക്കുന്നതുമാണ്. കേരളം ഈ വായ്പ ഒരു കാരണവശാലും ഉപയോഗിക്കരുതെന്ന ലക്ഷ്യത്തോടെയാണ് ഇത്തരം നിബന്ധനകൾ ഏർപ്പെടുത്തിയിരിക്കുന്നത്. വയനാടിലെ ദുരിതബാധിതരുടെ പുനരധിവാസത്തിന് വേണ്ടി ആവശ്യത്തിന് പണം ഗ്രാന്റായി നൽകാതെ വായ്പ അനുവദിച്ച കേന്ദ്ര സർക്കാരിന്റെ നടപടിക്കെതിരെ ആവശ്യമെങ്കിൽ സംസ്ഥാന സർക്കാരുമായി യോജിച്ച സമരത്തിന് തയ്യാറാണെന്നും കെ സുധാകരൻ പറഞ്ഞു.
കേന്ദ്രസർക്കാർ കേരള ജനതയെയും വയനാടിനെയും മനഃപൂർവ്വം ദ്രോഹിക്കുകയാണ്. ബിജെപി ഇതര സംസ്ഥാനങ്ങളോട് രാഷ്ട്രീയ വിവേചനമാണ് മോദി ഭരണകൂടം കാട്ടുന്നത്. കേരളം- വയനാട് പുനരധിവാസത്തിന് പ്രത്യേക സാമ്പത്തിക പാക്കേജ് അവശ്യപ്പെടുമ്പോൾ ഉപാധികളോടെ വായ്പ അനുവദിക്കുന്ന നടപടി കേട്ടു കേൾവിയില്ലാത്ത കാര്യമാണ്. കേരളം 2000 കോടി ആവശ്യപ്പെട്ടപ്പോൾ അതിന്റെ നാലിലൊന്നായ 529.50 കോടിരൂപയാണ് വായ്പയായി അനുവദിച്ചത്. ഇത് കേരള ജനതയോടുള്ള പരിഹാസമാണ്. മനുഷ്യത്വ രഹിതമായ അവഗണന അവസാനിപ്പിക്കാൻ കേന്ദ്രസർക്കാർ തയ്യാറാകണമെന്നും കെ സുധാകരൻ പറഞ്ഞു.
മോദി സർക്കാർ ഭരണഘടനാപരമായ ഉത്തരവാദിത്തം നിറവേറ്റാതെ ഫെഡറൽ തത്വങ്ങൾ അട്ടിമറിക്കുകയാണ്. പ്രകൃതിക്ഷോഭങ്ങളിൽ സംസ്ഥാനങ്ങൾക്ക് ലഭിക്കേണ്ട അർഹമായ അവകാശം ചോദിക്കുമ്പോൾ അത് നിഷേധിക്കുന്ന സമീപനമാണ് കേരളത്തോട് കേന്ദ്ര സർക്കാർ കാട്ടുന്നത്. പിണറായി സർക്കാരിന്റെ ഭരണത്തിൽ നിത്യനിദാന ചെലവുകൾക്ക് പോലും കാശില്ലാത്ത ധനപ്രതിസന്ധിയാണ് സംസ്ഥാനത്തുള്ളത്. അപ്പോഴാണ് ഇത്രയും ഭീമമായ തുക സംസ്ഥാനം കണ്ടെത്തി വിനിയോഗിക്കണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടിരിക്കുന്നത്. ഇത് വയനാട് പുനരധിവാസ പ്രവർത്തനങ്ങളെ അട്ടിമറിക്കുന്നതാണെന്നും ഇതിനെതിരെ കോൺഗ്രസ് ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നും കെ സുധാകരൻ പറഞ്ഞു.
വീടും സ്ഥലവും വീട്ടുകാരുമെല്ലാം നഷ്ടപ്പെട്ട് ശൂന്യതയിൽ നിൽക്കുന്ന വയനാട്ടിലെ പാവപ്പെട്ട ജനതയുടെ പുനരധിവാസം നടപ്പാക്കാൻ വായ്പയായി തുക അനുവദിച്ച കേന്ദ്രസർക്കാരിന്റെ നടപടി ക്രൂരവും മാന്യതയില്ലാത്തതുമാണ്. വായ്പയെടുക്കാനായിരുന്നെങ്കിൽ കേരളത്തിന് ഇവിടെ നിന്ന് ആകാമായിരുന്നല്ലോ? എന്നും സുധാകരൻ ചോദിച്ചു.