ന്യൂഡൽഹി: രാഷ്ട്രീയകാര്യ സമിതിയിൽ ആറ് അംഗങ്ങളെ കൂടി അധികമായി ഉൾപ്പെടുത്തി കെപിസിസി പുനസംഘടിപ്പിച്ചു. 13 വൈസ് പ്രസിഡൻറുമാരെയും 58 ജനറൽ സെക്രട്ടറിമാരെയും ഉൾപ്പെടുത്തികൊണ്ടുള്ള ജംബോ പട്ടികയാണ് പുറത്തുവിട്ടത്. പുതിയ കമ്മിറ്റിൽ രാജ്മോഹൻ ഉണ്ണിത്താൻ, വികെ ശ്രീകണ്ഠൻ, ഡീൻ കുര്യാക്കോസ്, പന്തളം സുധാകരൻ, എകെ മണി, സിപി മുഹമ്മദ് എന്നിവരെയാണ് രാഷ്ട്രീയകാര്യ സമിതിയിൽ അധികമായി ഉൾപ്പെടുത്തിയിരിക്കുന്നത്.
അതേസമയം സന്ദീപ് വാര്യരടക്കമുള്ള 58പേരെയാണ് ജനറൽ സെക്രട്ടറിമാരാക്കിയത്. സംഘടന ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് എം ലിജുവിനെ മാറ്റി വൈസ് പ്രസിഡൻറാക്കി. തിരുവനന്തപുരം ഡിസിസി അധ്യക്ഷ സ്ഥാനം രാജിവെച്ച പലോട് രവിയെ കെപിസിസി വൈസ് പ്രസിഡൻറായും നിയമിച്ചു. വിഎ നാരായണനാണ് കെപിസിസി ട്രഷറർ. നീണ്ടുനിന്ന ചർച്ചകൾക്കും അനിശ്ചിതത്വങ്ങൾക്കുമൊടുവിലാണ് രാഷ്ട്രീയകാര്യ സമിതി അടക്കം വിപുലീകരിച്ചുകൊണ്ടുള്ള പട്ടിക എഐസിസി നേതൃത്വം പ്രസിദ്ധീകരിച്ചത്.
വെള്ളാപ്പള്ളി നടേശനുമായി അടുപ്പം പുലർത്തുന്ന ഡി സുഗതനെ വൈസ് പ്രസിഡൻറാക്കി. മര്യാപുരം ശ്രീകുമാർ, ജി സുബോധനൻ, ജിഎസ് ബാബു എന്നിവരെ ഭാരവാഹിത്വത്തിൽ നിന്ന് ഒഴിവാക്കി. തിരുവനന്തപുരം ഡിസിസി അധ്യക്ഷൻറെ ചുമതലയുള്ള എൻ ശക്തനെയും ഒഴിവാക്കി. കെപിസിസി വൈസ് പ്രസിഡൻറായിരുന്നു.
ശരത് ചന്ദ്രപ്രസാദ്, ഹൈബി ഈഡൻ, പാലോട് രവി, വി.ടി. ബൽറാം, വി.പി. സജീന്ദ്രൻ, മാത്യു കുഴൽനാടൻ, രമ്യാ ഹരിദാസ്, എം. ലിജു, എ.എ. ഷുക്കൂർ, സെന്റ്, റോയി കെ പൗലോസ്, ജെയ്സൺ ജോസഫ് തുടങ്ങിയവരാണ് വൈസ് പ്രസിഡന്റുമാർ.