തിരുവനന്തപുരം: പത്രപ്രവർത്തകർക്കുള്ള പെൻഷൻ 11,000 രൂപയിൽ നിന്നു വർധിപ്പിച്ച് 20,000 രൂപയാക്കണമെന്നു കേരള പത്രപ്രവർത്തക യൂണിയൻ (കെയുഡബ്ല്യുജെ) തിരുവനന്തപുരം ജില്ലാ ജനറൽ ബോഡി യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു. ജീവിതച്ചെലവുകൾ വർധിക്കുകയും ക്ഷേമ പെൻഷനുകൾ ഉൾപ്പെടെ വർധിപ്പിക്കുകയും ചെയ്ത സാഹചര്യത്തിൽ മാധ്യമപ്രവർത്തകരുടെ വിഹിതം കൂടി ഉൾപ്പെട്ട പദ്ധതിയിൽ പെൻഷന് കാലാനുസൃതമായ വർധന ആവശ്യമാണ്. വിഡിയോ എഡിറ്റർമാരെ കൂടി പെൻഷൻ പദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന ആവശ്യവും മറ്റൊരു പ്രമേയത്തിലൂടെ ഉന്നയിച്ചു. സെക്രട്ടേറിയറ്റിൽ മാധ്യമപ്രവർത്തകർക്കുള്ള പ്രവേശന നിയന്ത്രണം പിൻവലിക്കണമെന്നും ആവശ്യപ്പെട്ടു.
യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി സുരേഷ് എടപ്പാൾ യോഗം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഷില്ലർ സ്റ്റീഫൻ അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി ബി.അഭിജിത്ത്, സംസ്ഥാന കമ്മിറ്റി അംഗം ആർ.കിരൺബാബു എന്നിവർ പ്രസംഗിച്ചു. ജില്ലാ സെക്രട്ടറി അനുപമ ജി.നായർ വാർഷിക റിപ്പോർട്ടും ജില്ലാ ട്രഷറർ ജി.പ്രമോദ് വരവു ചെലവു കണക്കുകളും അവതരിപ്പിച്ചു. വി.എസ്.വിഷ്ണുപ്രസാദ്, വൈസ് പ്രസിഡന്റ് സി.രാജ, ജില്ലാ എക്സിക്യുട്ടീവ് അംഗങ്ങളായ അഖില വി.കൃഷ്ണൻ, എസ്.ശരത് കുമാർ, എന്നിവർ പ്രമേയങ്ങൾ അവതരിപ്പിച്ചു. ജോയിന്റ് സെക്രട്ടറി വി.കെ.അക്ഷയ അനുശോചനപ്രമേയം അവതരിപ്പിച്ചു.

















































