ഗാസ: ഇസ്രയേല്‍ വിട്ടുകൊടുത്ത 90 പലസ്തീനികളുടെ മൃതദേഹങ്ങൾ കണ്ടാൽതന്നെയറിയാം എത്ര ക്രൂരമായാണ് ബന്ദികൾ കൊല്ലപ്പെട്ടതെന്ന്. പല മൃതദേഹങ്ങളിലും ക്രൂര മര്‍ദ്ദനത്തിന്റെ പാടുകളുണ്ടെന്ന് റിപ്പോര്‍ട്ട്. പീഡനത്തിന്റെ തെളിവുകള്‍, വധശിക്ഷ, വെടിയേറ്റ പാടുകള്‍ തുടങ്ങിയവ മൃതദേഹങ്ങളില്‍ കാണാമെന്ന് റെഡ് ക്രോസില്‍ നിന്നും മൃതദേഹങ്ങള്‍ ഏറ്റുവാങ്ങിയ ഖാന്‍ യൂനിസിലെ നാസ്സര്‍ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ പറഞ്ഞു. കൂടാതെ മൃതദേഹങ്ങളില്‍ പലതും കണ്ണുകെട്ടിയിട്ടായിരുന്നു ഉണ്ടായത്. കണ്ണുകള്‍ക്കിടയില്‍ വെടിയേറ്റതിന്റെ പാടുണ്ട്. അതിനാൽതന്നെ മൃതദേഹങ്ങളൊന്നും തിരിച്ചറിയാന്‍ സാധിച്ചില്ലെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കുന്നു.
‘ വിട്ടുനൽകിയ മൃതദേഹങ്ങളില്‍ പലതും കണ്ണുകെട്ടിയിട്ടായിരുന്നു ഉണ്ടായത്. കണ്ണുകള്‍ക്കിടയില്‍ വെടിയേറ്റതിന്റെ പാടുണ്ട്. മിക്കവരും വധശിക്ഷയ്ക്ക് വിധേയരായവരാണ്. ശരീരത്തിലെ മുറിവുകള്‍ തെളിയിക്കുന്നത് കൊല്ലപ്പെടുന്നതിന് മുമ്പ് അവര്‍ക്ക് മര്‍ദ്ദനമേറ്റെന്നാണ്. കൂടാതെ കൊല്ലപ്പെട്ടതിന് ശേഷവും അവരോട് ക്രൂരത കാട്ടിയതിന്റെ തെളിവുകള്‍ മൃതദേഹത്തിലുണ്ട്’, ഡോ. അഹ്‌മദ് അല്‍ ഫറ്റ പറഞ്ഞു. അതുപോലെ തിരിച്ചറിയല്‍ രേഖകളില്ലാതെയാണ് ഇസ്രയേല്‍ സേന മൃതദേഹം വിട്ടുകൊടുത്തതെന്നും ആക്രമണങ്ങളില്‍ നശിച്ച ഗാസയിലെ ആശുപത്രിയില്‍ ഡിഎന്‍എ വിശകലനം നടത്താനുള്ള സംവിധാനമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.