ഹൈദരാബാദ് : ഐപിഎലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ടീം ബാറ്റിങ്ങിനിറങ്ങുമ്പോള്‍ കാത്തിരിക്കുന്നത് പുതിയ റെക്കോര്‍ഡുകള്‍ക്കാണ്. എന്നാല്‍ അത് അത്ര ഈസി ആല്ല, ഏതു വലിയ ലക്ഷ്യവും കീഴടക്കാന്‍ കരുത്തുള്ള രാജസ്ഥാന്‍ റോയല്‍സിനെയാണ് അവര്‍ നേരിടേണ്ടത്.കഴിഞ്ഞ സീസണില്‍ 2 തവണ ഉയര്‍ന്ന ടീം സ്‌കോറിന്റെ റെക്കോര്‍ഡ് തകര്‍ത്ത ഹൈദരാബാദിന്റെ പവര്‍ ഹിറ്റര്‍മാര്‍ ഇത്തവണ സ്‌കോര്‍ 300 കടത്തുമെന്നാണ് ആരാധകരുടെ അവകാശവാദം. എന്നാല്‍ ഏതു വലിയ ലക്ഷ്യവും കീഴടക്കാന്‍ കരുത്തുള്ള ബാറ്റര്‍മാരുള്ള രാജസ്ഥാന്‍ റോയല്‍സിനെയാണ് ഇന്ന് ആദ്യ മത്സരത്തില്‍ അവര്‍ നേരിടേണ്ടത്.
ഉച്ചകഴിഞ്ഞ് 3.30 മുതലാണ് മത്സരം. ആരെയും കൊതിപ്പിക്കുന്ന ടോപ് ഓര്‍ഡര്‍ ബാറ്റിങ് ലൈനപ്പാണ് ഹൈദരാബാദിന്റെ കരുത്ത്. ട്രാവിസ് ഹെഡും അഭിഷേക് ശര്‍മയും ഹെയ്ന്റിച് ക്ലാസനും ഉള്‍പ്പെട്ട നിരയിലേക്കാണ് മുംബൈ ഇന്ത്യന്‍സ് വിട്ടെത്തുന്ന ഇഷന്‍ കിഷന്റെ വരവ്. കൈവിരലിനേറ്റ പരുക്ക് പൂര്‍ണമായും ഭേദമാകാത്ത സഞ്ജു സാംസണ്‍ ഇംപാക്ട് പ്ലെയറാകുന്ന രാജസ്ഥാന്‍ ടീമിനെ റിയാന്‍ പരാഗാണ് നയിക്കുക.
സഞ്ജു ഇംപാക്ട് പ്ലേയറാകുന്നതോടെ യുവതാരം ധ്രുവ് ജുറേലാകും രാജസ്ഥാന്റെ വിക്കറ്റ് കീപ്പര്‍. രാജസ്ഥാന്റെ അടുത്ത രണ്ടു ഹോം മത്സരങ്ങളും നടക്കേണ്ടത് ഗുവാഹത്തിയിലാണ്. ഈ കളികളിലും റിയാന്‍ പരാഗായിരിക്കും റോയല്‍സിനെ നയിക്കുക. യശസ്വി ജയ്‌സ്വാള്‍, സഞ്ജു, പരാഗ്, ധ്രുവ് ജുറെല്‍, നിതീഷ് റാണ, ഷിമ്രോണ്‍ ഹെറ്റ്മിയര്‍ എന്നിവരാണ് രാജസ്ഥാന്റെ ബാറ്റിങ് കരുത്ത്. ഹെറ്റ്മിയര്‍ അല്ലാതെ വിദേശ ബാറ്ററായി ടീമില്‍ ആരുമില്ല. അതേസമയം ബോളര്‍മാരായി ജോഫ്ര ആര്‍ച്ചറും വാനിന്ദു ഹസരംഗയും ഉള്‍പ്പെടുന്ന വലിയ നിര തന്നെ ടീമിനുണ്ട്.