ബുലവായോ (സിംബാബ്‌വേ): അണ്ടർ 19 ക്രിക്കറ്റ് ലോകകപ്പിൽ വൈഭവ് സൂര്യവംശിയുടെ വെടിക്കെട്ട് ബാറ്റിങ് കാത്തിരുന്നവർക്ക് അഭിഗ്യാന്റെ തുഴച്ചിലാണ് ഇന്നു വിരുന്ന്. 32 ബോളിൽ താരം ഇതുവരെ ആകെ അടിച്ചുകൂട്ടിയത് വെറും 9 റൺസ്. ആദ്യ മത്സരത്തിലെ ആധികാരിക വിജയത്തിന്റെ ആവേശത്തിൽ ബംഗ്ലാദേശിനെതിരേ കളത്തിലിറങ്ങിയ ഇന്ത്യ ബംഗ്ലാ ബോളർമാർക്ക് മുന്നിൽ അടിപതറുകയാണ്.
ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ ഇന്ത്യയ്ക്ക് ആദ്യംതന്നെ ക്യാപ്റ്റൻ ആയുഷ് മാത്രയെ നഷ്ടമായി. 6 റൺസെടുത്തായിരുന്നു മടക്കം. പിന്നാലെയെത്തിയ വേദാന്ത് ത്രിവേദി ആദ്യ ബോളിൽ തന്നെ പുറത്തായി കൂടാരം കയറി. പിന്നാലെയെത്തിയ വിഹാൻ 24 ബോളിൽ 7 റൺസിന് പുറത്തായി. ഒരറ്റത്ത് വിക്കറ്റുകൾ കൊഴിയുമ്പോളും കിട്ടുന്ന അവസരത്തിൽ വെെഭവ് കൂറ്റനടിക്കു മുതിരാതെ സ്കോർ ഉയർത്താനുള്ള ശ്രമത്തിലാണ്. 41 പന്തിൽ 58 എന്ന നിലയിലാണ് താരം.
ടോസ് നേടിയ ബംഗ്ലാദേശ് ഫീൽഡിങ് തിരഞ്ഞെടുക്കുകയായിരുന്നു. ബുലവായോയിലെ ക്വീൻസ് സ്‌പോർട്‌സ് ക്ലബ്ബിലാണ് മത്സരം. അതേസമയം ടി20 ലോകകപ്പിലെ വേദിമാറ്റം സംബന്ധിച്ച വിവാദങ്ങൾ തുടരുന്നതിനിടെയാണ് മത്സരമെന്നതാണ് ശ്രദ്ധേയം. ലോകകപ്പിൽ ഇന്ത്യയിലേക്കില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ്. വിഷയത്തിൽ ഇതുവരെ പ്രശ്നപരിഹാരമായിട്ടില്ല.
എ ഗ്രൂപ്പിലെ ആദ്യമത്സരത്തിൽ വ്യാഴാഴ്ച യുഎസിനെ 35.2 ഓവറിൽ 107 റൺസിന് പുറത്താക്കിയ ഇന്ത്യ മഴ നിയമപ്രകാരം 17.2 ഓവറിൽ വിജയംകുറിച്ചു. പേസ് ബൗളർ ഹനിൽ പട്ടേൽ 16 റൺസിന് അഞ്ചുവിക്കറ്റ് നേടി കളിയിലെ താരമായപ്പോൾ ഓപ്പണർ വൈഭവ് സൂര്യവംശി രണ്ടുറൺസിൽ പുറത്തായത് മാത്രമാണ് നിരാശ നൽകിയിരുന്നു. അതിനു കേടും പലിശയും തീർക്കുമോയെന്ന ആകാംഷയിലാണ് ആരാധകർ.


















































