ഹൊബാർട്ട്: ബോളെടുത്ത ആദ്യ ഓവറിൽതന്നെ കഴിഞ്ഞ രണ്ടുകളിയിൽ തന്നെ പുറത്തിരുത്തിയ തീരുമാനം തെറ്റാണെന്ന് തെളിയിച്ച് അർഷ്ദീപ് സിങ്. ആദ്യ ഓവറിൽ തന്നെ ഓപ്പണർ ട്രാവിസ് ഹെഡിനെ (4 പന്തിൽ 6) ക്യാപ്റ്റൻ സൂര്യകുമാർ യാദവിന്റെ കൈകളിൽ എത്തിച്ച് മധുര പ്രതികാരം. തൊട്ടടുത്ത ഓവറിൽ ജോഷ് ഇംഗ്ലിസിനെ (7 പന്തിൽ 1) അക്ഷറിന്റെ കൈകളിലും അർഷ്ദീപ് എത്തിച്ചു. ഇതോടെ 2.3 ഓവറിൽ 2ന് 14 എന്ന നിലയിലാണ് ഓസീസ്. പവർപ്ലേ അവസാനിക്കുമ്പോൾ 2ന് 43 റൺസെന്ന നിലയിലായിരുന്നു അവർ.
എന്നാൽ അർഷ്ദീപ് സിങ് നൽകിയ മിന്നും തുടക്കം മുതലാക്കാൻ ടീം ഇന്ത്യയ്ക്കായില്ല. ഇതോടെ ഓസ്ട്രേലിയയ്ക്കെതിരായ മൂന്നാം ട്വന്റി20 മത്സരത്തിൽ ഇന്ത്യയ്ക്ക് 187 റൺസ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റു ചെയ്ത ഓസീസ്, നിശ്ചിത 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിലാണ് 186 റൺസെടുത്തു. അർധസെഞ്ചുറി തികച്ച ടിം ഡേവിഡ് (38 പന്തിൽ 74), മാർക്കസ് സ്റ്റോയിനിസ് (39 പന്തിൽ 64) എന്നിവരാണ് ഓസ്ട്രേലിയയെ മികച്ച സ്കോറിലെത്തിച്ചത്. ഇന്ത്യയ്ക്കായി അർഷ്‍ദീപ് സിങ് മൂന്നു വിക്കറ്റും വരുൺ ചക്രവർത്തി രണ്ടും ശിവം ദുബെ ഒരു വിക്കറ്റും വീഴ്ത്തി. പേസിനെ തുടണയ്ക്കുന്ന പിച്ചിൽ ജസ്പ്രീത് ബുമ്രയ്ക്കു വിക്കറ്റൊന്നും വീഴ്ത്താനായില്ല.
ആദ്യ രണ്ട് വിക്കറ്റുകൾ കൊഴിഞ്ഞുവെങ്കിലും നാലാമനായി ക്രീസിലെത്തിയ ടിം ഡേവിഡ് കത്തിക്കയറിയതോടെ ഓസീസ് സ്കോർ കുതിച്ചു. വെറും 23 പന്തിലാണ് ടിം ഡേവിഡ് അർധസെഞ്ചുറിയിലെത്തിയത്. ഇന്ത്യയ്ക്കെതിരെ ഒരു ഓസീസ് ബാറ്ററുടെ വേഗമേറിയ രണ്ടാമത്തെ ഫിഫ്റ്റിയാണിത്. 19 പന്തിൽ അർധസെഞ്ചുറി നേടിയ കാമറൂൺ ഗ്രീൻ ആണ് ഒന്നാമത്. അഞ്ച് സിക്സും എട്ടു ഫോറുമാണ് ടിമ്മിന്റെ ബാറ്റിൽനിന്നു പിറന്നത്. മൂന്നാം വിക്കറ്റിൽ മാർഷും ടിമ്മും ചേർന്ന് 59 റൺസെടുത്തെങ്കിലും ഇതിൽ 5 റൺസ് മാത്രമാണ് മാർഷിന്റെ സംഭാവന. 9–ാം ഓവറിൽ മാർഷിനെയും മിച്ചൽ ഓവനെയും (0) വരുൺ ചക്രവർത്തി അടുത്ത പന്തുകളിൽ പുറത്താക്കി.
തുടർന്നു ക്രീസിലെത്തിയ സ്റ്റോയിനിസും ടിമ്മിന്റെ അതേ ശൈലിയിൽ ബാറ്റു വീശിയതോടെ ഓസീസ് സ്കോർ വീണ്ടും കുതിച്ചു. 32 പന്തിലാണ് സ്റ്റോയിനിസ് അർധസെഞ്ചുറി നേടിയത്. 13–ാം ഓവറിൽ ടിമ്മിനെ വീഴ്ത്തി ശിവം ദുബെയാണ് കൂട്ടുകെട്ട് അവസാനിപ്പിച്ചത്. പിന്നീട് മാത്യു ഷോർട്ടിനെ (15 പന്തിൽ 26*) കൂട്ടുപിടിച്ച് സ്റ്റോയിനിസ് ‘പ്രഹരം’ തുടർന്നു. രണ്ടു സിക്സും എട്ടു ഫോറുമാണ് സ്റ്റോയിനിസ് അടിച്ചുകൂട്ടിയത്. അവസാന ഓവറിൽ അർഷ്ദീപാണ് സ്റ്റോയിനിസിനെ പുറത്താക്കിയത്.
അതേസമയം ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവ് ബോളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഇന്ത്യൻ ടീമിൽ മൂന്നു മാറ്റങ്ങളുമായാണ് ഇന്ന് കളത്തിലിറങ്ങിയത്. സഞ്ജു സാംസൺ, ഹർഷിത് റാണ, കുൽദീപ് യാദവ് എന്നിവർ പുറത്തായപ്പോൾ ജിതേഷ് ശർമ, അർഷ്‌ദീപ് സിങ്, വാഷിങ്ടൻ സുന്ദർ എന്നിവർ ടീമിലേക്ക് എത്തി. ഓസീസ് ടീമിലും ഒരു മാറ്റമുണ്ട്. ജോഷ് ഹെയ്‌സൽവുഡിനു പകരം ഷോൺ അബോട്ട് പ്ലേയിങ് ഇലവനിലെത്തി.
പ്ലേയിങ് ഇലവൻ
ഇന്ത്യ: ശുഭ്മാൻ ഗിൽ, അഭിഷേക് ശർമ, സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), തിലക് വർമ, ജിതേഷ് ശർമ (വിക്കറ്റ് കീപ്പർ), ശിവം ദുബെ, അക്ഷർ പട്ടേൽ, വാഷിങ്ടൻ സുന്ദർ, അർഷ്ദീപ് സിങ്, വരുൺ ചക്രവർത്തി, ജസ്പ്രീത് ബുമ്ര
ഓസ്ട്രേലിയ: മിച്ചൽ മാർഷ് (ക്യാപ്റ്റൻ), ട്രാവിസ് ഹെഡ്, ജോഷ് ഇംഗ്ലിസ്(വിക്കറ്റ് കീപ്പർ), ടിം ഡേവിഡ്, മിച്ചൽ ഓവൻ, മാർക്കസ് സ്റ്റോയിനിസ്, മാത്യു ഷോർട്ട്, ഷോൺ അബോട്ട്, സേവ്യർ ബാർട്ടലെറ്റ്, നഥാൻ എല്ലിസ്, മാത്യു കുഹ്നെമാൻ.

















































