ന്യൂഡല്‍ഹി: പൗരന്മാരുടെ സാമൂഹിക പെരുമാറ്റത്തെക്കുറിച്ച് ഇന്ത്യ ടുഡേ നടത്തിയ സര്‍വേയില്‍ ഒന്നാമതെത്തി കേരളം. പൗരന്മാരുടെ പെരുമാറ്റം, സുരക്ഷ, ജന്‍ഡര്‍ ആറ്റിറ്റിയൂഡ്, വൈവിധ്യവും വിവേചനവും തുടങ്ങിയ സാമൂഹ്യ സൂചകങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഗ്രോസ് ഡൊമസ്റ്റിക് ബിഹേവിയറില്‍ സര്‍വേയിലാണ് കേരളം ഒന്നാമതെത്തിയിരിക്കുന്നത്.
തമിഴ്നാടും പശ്ചിമ ബംഗാളുമാണ് തൊട്ട് പിന്നിലുള്ളത്. സര്‍വേയില്‍ ഉത്തര്‍പ്രദേശും പഞ്ചാബുമാണ് ഏറ്റവും താഴ്ന്ന സൂചികയിലുള്ളത്. ഹൗ ഇന്ത്യ ലിവ്സുമായി സഹകരിച്ചാണ് ഇന്ത്യ ടുഡേയുടെ ഈ സര്‍വേ നടത്തിയിരിക്കുന്നത്. ഓരോ സംസ്ഥാനങ്ങളിലെയും ജനങ്ങളുടെ പൗര-സാമൂഹിക മനോഭാവങ്ങളെ അടിസ്ഥാനമാക്കിയാണ് സംസ്ഥാനങ്ങള്‍ക്ക് റാങ്ക് നല്‍കിയിരിക്കുന്നത്. 21 സംസ്ഥാനങ്ങളിലെയും ഒരു കേന്ദ്രഭരണ പ്രദേശത്തെയും 98 ജില്ലകളില്‍ നിന്നുള്ള 9,188 ആളുകളില്‍ നിന്നാണ് സര്‍വേയിലേക്കുള്ള വിവരങ്ങള്‍ ശേഖരിച്ചത്. മഹാരാഷ്ട്ര, ഒഡീഷ, ഹിമാചല്‍പ്രദേശ്, ഹരിയാന, ഉത്തരാഖണ്ഡ്. ചണ്ഡീഗഡ്, തെലങ്കാന എന്നിവയാണ് പട്ടികയില്‍ ആദ്യ പത്ത് സ്ഥാനത്ത് ഇടംപിടിച്ചിരിക്കുന്നത്. (India Today GDB Survey: Kerala Tops Public Safety, UP Lags in Civic Behaviour Rankings)
പൊതു സുരക്ഷ
ഒരു സംസ്ഥാനത്തെ ഏറ്റവും മികച്ചതാക്കുന്ന ഘടകങ്ങളില്‍ പ്രധാനമായ പൊതുജന സുരക്ഷയിലും കേരളം ഒന്നാമതാണ്. ഹിമാചല്‍ പ്രദേശും ഒഡീഷയുമാണ് തൊട്ടുപിന്നിലായുള്ളത്.ഏറ്റവും നല്ല പെരുമാറ്റമുള്ള സംസ്ഥാനം തമിഴ്നാടും ഏറ്റവും മോശം പെരുമാറ്റമുള്ള സംസ്ഥാനം കര്‍ണാടക ആണെന്നും സര്‍വേ വ്യക്തമാക്കുന്നു. കര്‍ണാടകയില്‍ സര്‍വ്വേയോട് പ്രതികരിച്ചവരില്‍ 79 ശതമാനം പേരും അതിക്രമം ഒരു പതിവ് പ്രശ്നമാണെന്ന് പറയുന്നു.
സിവിക് ബിഹേവിയര്‍
ഇന്ത്യാ ടുഡേയുടെ ഗ്രോസ് ഡൊമസ്റ്റിക്ക് ബിഹേവിയര്‍ സര്‍വ്വേയില്‍ കേരളം അല്‍പം പുറകില്‍ വരുന്ന ഏക സൂചികയാണ് സിവിക് ബിഹേവിയര്‍.ഈ പട്ടികയില്‍ തമിഴ്‌നാട് ആണ് ഒന്നാം സ്ഥാനത്ത്. വെസ്റ്റ് ബംഗാള്‍, ഒഡീഷ, എന്‍സിടി ഓഫ് ഡല്‍ഹി, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിലാണ് യഥാക്രമം അഞ്ച് സ്ഥാനങ്ങളില്‍ വരുന്നത്.
വൈവിധ്യവും വിവേചനവും
മതസൗഹാര്‍ദത്തിന് പ്രശസ്തമാണ് കേരളം. മതപരവും ജാതിപരവുമായ വിവേചനങ്ങള്‍ മറ്റു സംസ്ഥാനങ്ങളില്‍ ഇന്നും ഒരു പ്രധാന പ്രശ്‌നം ആകുമ്പോള്‍ കേരളം രാജ്യത്തിന് തന്നെ ഒരു മാതൃകയാണ്.തങ്ങളുടെ പ്രദേശത്തെ മതപരമായ വൈവിധ്യം, ജോലി നിയമനത്തിലെ മതപരമായ വിവേചനം, മതത്തെ അടിസ്ഥാനമാക്കി വിവേചനം കാണിക്കാനുള്ള തൊഴിലുടമയുടെ അവകാശം എന്നീ കാര്യങ്ങളെ കേരളം ഏറ്റവും എതിര്‍ക്കുന്നു എന്ന് ഇന്ത്യാ ടുഡേയുടെ സര്‍വ്വെ കാണിക്കുന്നു. ഈ പട്ടികയില്‍ മധ്യപ്രദേശ് ആണ് ഏറ്റവും താഴെയായി വരുന്നത്. ഇന്ത്യയിലെമ്പാടും മിശ്രവിവാഹം, മിശ്രജാതി വിവാഹങ്ങള്‍ എന്നിവയെ ശക്തമായി എതിര്‍ക്കുന്നു എന്നും സര്‍വ്വെ വ്യക്തമാക്കുന്നു.
ലിംഗ മനോഭാവം
സര്‍വ്വേയില്‍ കേരളം ഒന്നാമതെത്തിയ സൂചികകളില്‍ ഒന്നാണ് ലിംഗ മനോഭാവം. പട്ടികയില്‍ കേരളം ഒന്നാമത് എത്തിയപ്പോള്‍ ഉത്തര്‍പ്രദേശ് ആണ് ഏറ്റവും അവസാനമായി വരുന്നത്.ഉത്തരാഖണ്ഡ്, തമിഴ്‌നാട്,ഹിമാചല്‍, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങള്‍ യഥാക്രമം ആദ്യ അഞ്ച് സ്ഥാനങ്ങളില്‍ വരുന്നു.ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഒരുപോലെ വിദ്യാഭ്യാസം, സ്വന്തം സംസ്ഥാനത്തിന് പുറത്തുപോയി ജോലി ചെയ്യുക എന്നീ കാര്യങ്ങളിലാണ് സര്‍വ്വെ നടത്തിയത്.
മെത്തഡോളജി
ഹൗ ഇന്ത്യ ലിവ്‌സ് (എച്ച്‌ഐഎല്‍), കാഡന്‍സ് ഇന്റര്‍നാഷണല്‍ എന്നിവയുമായി സഹകരിച്ച് ഇന്ത്യാ ടുഡേ ഗ്രൂപ്പ് ഗ്രോസ് ഡൊമസ്റ്റിക് ബിഹേവിയര്‍ സര്‍വേ നടത്തിയത്. 21 സംസ്ഥാനങ്ങളിലെയും ഒരു കേന്ദ്രഭരണ പ്രദേശത്തെയും 98 ജില്ലകളില്‍ നിന്നുള്ള 9,188 ആളുകളാണ് സര്‍വേയില്‍ പങ്കെടുത്തത്. പങ്കെടുത്തവരില്‍ 54.4 ശതമാനം പേര്‍ നഗര പ്രദേശങ്ങളില്‍ നിന്നുള്ളവരും 45.6 ശതമാനം പേര്‍ ഗ്രാമപ്രദേശങ്ങളില്‍ നിന്നുള്ളവരുമാണ്.
പൗരന്മാരുടെ പെരുമാറ്റമെന്ന സൂചികയില്‍ പൊതു നിയമങ്ങള്‍ എത്രമാത്രം പാലിക്കപ്പെടുന്നുണ്ടെന്നാണ് നോക്കിയത്. ഈ സര്‍വേയില്‍ പങ്കെടുത്തവരില്‍ 85 ശതമാനം പേരും പൊതുഗതാഗതം പണം നല്‍കാതെ ഉപയോഗിക്കുന്നതിനെ പിന്തുണക്കുന്നു. സര്‍ക്കാര്‍ കണക്കുകള്‍ പ്രകാരം 2023-24 ല്‍ റെയില്‍വേയില്‍ മാത്രം ടിക്കറ്റില്ലാതെ യാത്ര ചെയ്തതിന് 3.6 കോടി കേസുകള്‍ കണ്ടെത്തിയിട്ടുണ്ട്. ടിക്കറ്റില്ലാതെ യാത്ര ചെയ്തവരില്‍ നിന്നായി മാത്രം 2,231.74 കോടി രൂപ പിഴ ഇതുവരെ ഈടാക്കിയിട്ടുണ്ടെന്നും കണക്കുകള്‍ കാണിക്കുന്നു.
സര്‍വേയില്‍ പങ്കെടുത്തവരില്‍ 61 ശതമാനം പേരും സര്‍ക്കാര്‍ സംബന്ധമായ കാര്യങ്ങള്‍ ചെയ്തു തീര്‍ക്കാന്‍ കൈക്കൂലി നല്‍കാന്‍ തയ്യാറാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഉത്തര്‍പ്രദേശാണ് ഈ പട്ടികയില്‍ ഒന്നാമത്. അതുപോലെ, നികുതി ഒഴിവാക്കാന്‍ സ്വത്തുമായി ബന്ധപ്പെട്ട ഇടപാടുകള്‍ക്ക് പണമായി നല്‍കാന്‍ 52 ശതമാനം പേര്‍ തയ്യാറാണെന്നും സര്‍വേയില്‍ കണ്ടെത്തി. സര്‍ക്കാരിന്റെ കൃത്യ നിര്‍വ്വഹണത്തിലെ പരാജയത്തെയും ഉത്തരവാദിത്തമില്ലായമയുമാണ് ഇത് ചൂണ്ടിക്കാണിക്കുന്നതെന്ന് റിപ്പോര്‍ട്ട് പറഞ്ഞു.
അതേസമയം സര്‍വേയില്‍ പങ്കെടുത്തവരില്‍ 76% പേരും നേരിട്ട് പണം നല്‍കുന്നതിനേക്കാള്‍ ഓണ്‍ലൈന്‍ പേയ്മെന്റുകളാണ് ഇഷ്ടപ്പെടുന്നതെന്ന് കണ്ടെത്തി. വിവാദമായ നോട്ട് നിരോധനത്തിന് ശേഷമാണ് ഈ പ്രവണത ഉടലെടുത്തതെന്നും സര്‍വേ ചൂണ്ടിക്കാട്ടുന്നു. ഓണ്‍ലൈന്‍ പേയ്മെന്റുകള്‍ ഇഷ്ടപ്പെടുന്നവരുടെ പട്ടികയില്‍ ദല്‍ഹിയാണ് മുന്നില്‍.
ജന്‍ഡര്‍ ആറ്റിറ്റിയൂഡ് എന്ന സൂചികയില്‍ നടന്ന സര്‍വേയില്‍ 93 ശതമാനം പേരും പെണ്‍കുട്ടികള്‍ക്ക് ആണ്‍കുട്ടികളെപ്പോലെ തന്നെ വിദ്യാഭ്യാസ അവസരങ്ങള്‍ ലഭിക്കണമെന്ന് പറഞ്ഞു. ഒപ്പം 84 ശതമാനം പേര്‍ സ്ത്രീകള്‍ സ്വന്തം സംസ്ഥാനത്തിന് പുറത്ത് പോയി ജോലി ചെയ്യുന്നതിനെ പിന്തുണച്ചു. പക്ഷേ പ്രധാന ഗാര്‍ഹിക തീരുമാനങ്ങളില്‍ അന്തിമ തീരുമാനം എടുക്കേണ്ടത് പുരുഷന്മാരാണെന്ന് 69% പേരും ഇപ്പോഴും വാദിക്കുന്നുണ്ടെന്ന് സര്‍വേ വെളിപ്പെടുത്തി. ജന്‍ഡര്‍ ആറ്റിറ്റിയൂഡ് സര്‍വേയില്‍ ഒന്നാമതുള്ളത് കേരളവും ഏറ്റവും പിന്നിലുള്ളത് ഉത്തര്‍പ്രദേശുമാണ്.
യുപിയില്‍ 96 ശതമാനം ആളുകളും വീടുകളില്‍ ആണധികാരമുണ്ടാകണമെന്നു വാദിച്ചവരാണ്. ഇക്കാര്യത്തില്‍ കേരളമാണ് ഏറ്റവും പുരോഗമനപരമായി നില്‍ക്കുന്നത്. എന്നാല്‍, കേരളത്തിലെ 91 ശതമാനം ആളുകളും സ്ത്രീകളുടെ വരുമാനത്തിലും മറ്റുകാര്യങ്ങളിലും അവര്‍ക്കു മുഴുവന്‍ നിയന്ത്രണവും ഉണ്ടാകണമെന്നു വാദിക്കുന്നു. ഒഡീഷയില്‍ 27 ശതമാനം മാത്രമാണ് ഈ വാദമുന്നയിക്കുന്നത്.
പൊതുസുരക്ഷാ സൂചികയില്‍ അക്രമാസക്തമായ കുറ്റകൃത്യങ്ങള്‍ നടന്നാല്‍ ഉടന്‍ തന്നെ റിപ്പോര്‍ട്ട് ചെയ്യുമെന്ന് 84% പേര്‍ അവകാശപ്പെട്ടിട്ടുണ്ടെങ്കിലും, ദല്‍ഹി പോലുള്ള നഗരങ്ങളില്‍ എഫ്.ഐ.ആര്‍ രജിസ്‌ട്രേഷന്‍ വളരെ കുറവാണെന്നും അത് സിസ്റ്റത്തിലുള്ള വിശ്വാസക്കുറവാണ് സൂചിപ്പിക്കുന്നതെന്നും റിപ്പോര്‍ട്ട് പറയുന്നു. മോഷണത്തിന് ഇരയായവരില്‍ 7.2% പേര്‍ മാത്രമേ കുറ്റകൃത്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുള്ളൂ എന്നും കണ്ടെത്തിയിട്ടുണ്ട്.
ഏറ്റവും നല്ല പെരുമാറ്റമുള്ള സംസ്ഥാനം തമിഴ്നാടാണെന്നും ഏറ്റവും മോശം സംസ്ഥാനം കര്‍ണാടകയാണെന്നും സര്‍വേ വ്യക്തമാക്കുന്നു. കര്‍ണാടകയില്‍ പ്രതികരിച്ചവരില്‍ 79 ശതമാനം പേരും പീഡനം ഒരു പതിവ് പ്രശ്നമാണെന്ന് അഭിപ്രായപ്പെട്ടു.
വൈവിധ്യവും വിവേചനവുമെന്ന സൂചികയില്‍ കേരളമാണ് ഒന്നാമത്. സര്‍വേയില്‍ പങ്കെടുത്ത 70% പേരും തങ്ങളുടെ അയല്‍പക്കങ്ങളില്‍ വ്യത്യസ്ത മതവിഭാഗത്തിലുള്ളവര്‍ ഉണ്ടാകുന്നത് സ്വാഗതം ചെയ്യുന്നതായി കണ്ടെത്തി. 60% പേര്‍ ജോലിസ്ഥലത്തെ നിയമനത്തില്‍ മതപരമായ വിവേചനം എതിര്‍ക്കുന്നു. മതത്തെ അടിസ്ഥാനമാക്കി തൊഴിലുടമകള്‍ വിവേചനം കാണിക്കുന്നത് 88% പേര്‍ എതിര്‍ക്കുന്നു.
പക്ഷേ മിശ്രവിവാഹങ്ങള്‍ക്കും മിശ്രജാതി വിവാഹങ്ങള്‍ക്കും വലിയ എതിര്‍പ്പ് ഉള്ളതായി സര്‍വേ കണ്ടെത്തി. ഇത് ഇന്ത്യയുടെ ആഴത്തിലുള്ള സാമൂഹിക വിഭജനത്തെ അടിവരയിടുന്നു. പ്രതികരിച്ചവരില്‍ 61% പേര്‍ മിശ്രവിവാഹങ്ങളെ എതിര്‍ക്കുമ്പോള്‍ 56% പേര്‍ മിശ്രജാതി വിവാഹങ്ങളെ എതിര്‍ക്കുന്നു.