യാതൊരു മുന്നറിയിപ്പുമില്ലാതെ ഏകപക്ഷീയമായി 50% തീരുവ പ്രഖ്യാപിച്ച മെക്സിക്കോയുടെ തീരുമാനത്തിനെതിരെ അതേനാണയത്തിൽ തിരിച്ചടിക്കാൻ ആലോചിച്ച് ഇന്ത്യ. മുൻകൂട്ടി സൂചിപ്പിക്കാതെയും കൂടിയാലോചനയുമില്ലാതെയാണ് മെക്സിക്കോ ഇന്ത്യൻ ഉൽപന്നങ്ങൾക്കുമേൽ 50% തീരുവ ചുമത്തിയത്. ഇതിൽ ഇന്ത്യ ശക്തമായ പ്രതിഷേധം മെക്സിക്കോയെ അറിയിച്ചിട്ടുണ്ട്.
കയറ്റുമതിക്കാരുടെ താൽപര്യം സംരക്ഷിക്കുമെന്നും മെക്സിക്കോയ്ക്കെതിരെ തിരിച്ചടിക്കാൻ ഇന്ത്യയ്ക്ക് അവകാശമുണ്ടെന്നും വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു. ഇതിന്റെ ആദ്യഘട്ടമെന്നോണം തീരുവ പിൻവലിക്കാൻ ഇന്ത്യ ആവശ്യപ്പെടും. ഇരു രാജ്യങ്ങൾക്കും ഇടയിൽ സ്വതന്ത്ര വ്യാപാരക്കരാർ കൊണ്ടുവരുന്നതും മുന്നോട്ടുവയ്ക്കും. മെക്സിക്കോ തയാറായില്ലെങ്കിൽ ശക്തമായി തിരിച്ചടിക്കുമെന്ന സൂചനയും ഇന്ത്യ നൽകി.
അതേസമയം കഴിഞ്ഞ ദിവസമാണ് 2026 ജനുവരി ഒന്നിന് പ്രാബല്യത്തിൽ വരുംവിധം ഇന്ത്യ ഉൾപ്പെടെ ഏതാനും ഏഷ്യൻ രാജ്യങ്ങൾക്കുമേൽ മെക്സിക്കോ 50% തീരുവ പ്രഖ്യാപിച്ചത്. ചൈന, ദക്ഷിണ കൊറിയ, തായ്‍ലൻഡ്, ഇന്തൊനീഷ്യ എന്നിവയാണ് മറ്റ് രാജ്യങ്ങൾ. മെക്സിക്കോയിൽ ആഭ്യന്തര ഉൽപാദനം പ്രോത്സാഹിപ്പിക്കാനാണ് നടപടിയെന്നാണ് മെക്സിക്കൻ പ്രസിഡന്റ് ക്ലോഡിയ ഷെയിൻബോം പാർഡോയുടെ സർക്കാർ പ്രതികരിച്ചത്. പക്ഷെ യുഎസ് പ്രസിഡന്റ് ട്രംപിനെ പ്രീതിപ്പെടുത്താനുള്ള നടപടിയാണിതെന്ന വിമർശനം ശക്തമാണ്. യുഎസും ഇന്ത്യയ്ക്ക് 50% അധിക തീരുവ ഏർപെടുത്തിയിരുന്നു.
വാഹനം, വാഹന ഘടകങ്ങൾ, വസ്ത്രം, പ്ലാസ്റ്റിക്, സ്റ്റീൽ, മെറ്റൽ, പാദരക്ഷകൾ തുടങ്ങിയവയ്ക്കാണ് 35 മുതൽ 50% വരെ മെക്സിക്കോ പുതിയ തീരുവ പ്രഖ്യാപിച്ചത്. മാരുതി ഉൾപ്പെടെ ചില ഇന്ത്യൻ വാഹനക്കമ്പനികളുടെ പ്രധാന വിപണികളിലൊന്നാണ് മെക്സിക്കോ. കാറുകളുടെ തീരുവ ഭാരം കൂടുന്നത് 20 ശതമാനത്തിൽ നിന്ന് 50 ശതമാനത്തിലേക്കാണ്. 2024-25 ൽ ഇന്ത്യ 570 കോടി ഡോളറിന്റെ കയറ്റുമതി മെക്സിക്കോയിലേക്ക് നടത്തിയിരുന്നു. 290 കോടി ഡോളറിന്റെ മെക്സിക്കൻ ഉൽപന്നങ്ങൾ ഇന്ത്യ ഇറക്കുമതിയും ചെയ്തു. വാഹനങ്ങൾക്ക് പുറമേ മരുന്നുകൾ, എൻജിനിയറിങ് ഉൽപന്നങ്ങൾ, കെമിക്കലുകൾ, ടെലികമ്യൂണിക്കേഷൻ ഉപകരണങ്ങൾ എന്നിവയാണ് ഇന്ത്യ പ്രധാനമായും മെക്സിക്കോയിലേക്ക് കയറ്റുമതി ചെയ്യുന്നത്.

















































