ദുബായ്: ഇന്നലെ നടന്ന ഇന്ത്യാ- ബംഗ്ലാദേശ് മത്സരത്തിൽ ടീം ഇന്ത്യ ഫൈനലിൽ എത്തിയെങ്കിലും പാളിപ്പോയ തന്ത്രമാണെന്ന് ഒരേസ്വരത്തിൽ പറയാൻ സാധിക്കും. അതിന് ഇന്ത്യൻ സ്കോർ ബോർഡ് ഒന്നു നോക്കിയാൽ മതി. അതേസമയം മലയാളി താരം സഞ്ജു സാംസണെ കളക്കിലിറക്കാതെ പൊളിഞ്ഞ തന്ത്രങ്ങൾ പയറ്റിയ ഗംഭീറിനും സൂര്യകുമാറിനുമെതിരെയുള്ള ആരാധക രോഷം സമൂഹ മാധ്യമങ്ങളിൽ നിറയുകയാണ്.
ബംഗ്ലാദേശിനെതിരെയുള്ള മത്സരത്തിൽ സഞ്ജു സാംസണിനെ പൂർണമായും തഴഞ്ഞുവെന്നാണ് ആരാധകർ പറയുന്നത്. ഒരറ്റത്ത് ഓരോ വിക്കറ്റുകൾ കൊഴിയുന്നു. എങ്കിലും സഞ്ജുവിനെ ഏഴാമതായി പോലും കളത്തിലിറക്കാൻ പരിശീലകൻ ഗംഭീറും ക്യാപ്റ്റൻ സൂര്യകുമാർ യാദവും തയ്യാറായില്ല.
കഴിഞ്ഞ മത്സരത്തിൽ അഭിഷേക് ശർമയും ശുഭ്മാൻ ഗില്ലുമാണ് ഓപ്പണിങ് സ്ഥാനത്ത് ഇറങ്ങിയത്. വൺ ഡൗണായി അപ്രതീക്ഷിതമായി ശിവം ദുബെ എത്തിയെങ്കിലും പെട്ടെന്ന് മടങ്ങി. മൂന്നു പന്തിൽ രണ്ടു റൺസായിരുന്നു താരത്തിന്റെ സംഭവന. ശേഷം എത്തിയ സൂര്യകുമാർ യാദവ് 5 റൺസെടുത്ത് മടങ്ങിയപ്പോൾ ഹർദിക് ഹർദിക് പാണ്ഡ്യയും തിലക് വർമയുമാണ് പിന്നീട് എത്തിയത്. ഇതിൽ തിലക് വർമ പുറത്തായപ്പോൾ ശേഷം അക്സർ പട്ടേലും ക്രീസിലെത്തി. 10 റൺസായിരുന്നു അക്സറിന്റെ സംഭാവന. തിലക് വർമ ഏഴ് പന്തിൽ 5 റൺസ്, ഹാർദിക് 29 പന്തിൽ 38 റൺസ് എന്നിങ്ങനെയാണ് നേടിയത്.
അതുപോലെ വെറും 37 പന്തിൽ അഞ്ചുസിക്സറും ഏഴ് ഫോറുകളും അടക്കം 75 റൺസ് നേടിയ അഭിഷേക് ശർമ ഒഴിച്ചാൽ ആരും മെച്ചപ്പെട്ട പ്രകടനം നടത്തിയിട്ടില്ല. ഗിൽ 19 പന്തിൽ 29 റൺസ് നേടി ഭേദപ്പെട്ട പ്രകടനം നേടി. 20 ഓവറിൽ ഇന്ത്യ ആകെ നേടിയതാകട്ടെ ആറ് വിക്കറ്റ് നഷ്ടത്തിൽ 168 റൺസ്. ആദ്യ പത്ത് ഓവറിൽ 100 റൺസിൽ മേലെ അടിച്ചുകൂട്ടിയ ഇന്ത്യ ബാക്കി ഓവറുകളിൽ നേടിയത് വെറും 68 റൺസാണ്.
അതേസമയം വൺഡൗണായി മികച്ച പ്രകടനം പലയാവർത്തി കാഴ്ചവെച്ചിട്ടുള്ള താരമാണ് സഞ്ജു. എന്നിട്ടും സഞ്ജുവിനെ ഇറക്കാതെ ദുബെയെ ബാറ്റിങ്ങിനിറക്കിയുള്ള പരീക്ഷണമാണ് നടത്തിയത്. ഇത് പാളുകയും ചെയ്തു. ഒമാനെതിരേ വൺഡൗണായി കളിച്ച് അർധസെഞ്ചുറി നേടിയിട്ടുണ്ട് താരം. എന്നിട്ടും താരത്തെ അവഗണിച്ചത് ആരാധകർക്കിക്കിടയിൽ കടുത്ത അതൃപ്തിയുണ്ടാക്കിയിട്ടുണ്ട്. ഇനിയും സഞ്ജുവിനെ ബിസിസിഐ തഴയുന്നില്ലെന്ന് പറഞ്ഞാൽ അരിയാഹാരം കഴിക്കുന്ന ആരും വിശ്വസിക്കില്ലെന്നാണ് ആരാധകർ പറയുന്നത്.