ഇസ്‌ലാമാബാദ്: പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ മരിച്ചെന്ന അഭ്യൂഹങ്ങൾ നിഷേധിച്ച് പാക്കിസ്ഥാൻ തെഹ്‌രീക്ക് ഇ ഇൻസാഫ് (പിടിഐ) രംഗത്ത്. ഇമ്രാൻ ഖാൻ ജീവനോടെയുണ്ടെന്നും അദ്ദേഹം കടുത്ത സമ്മർദത്തിലാണ് എന്നും സെനറ്റർ ഖുറം സീഷൻ പറഞ്ഞു. അതുപോലെ നിലവിലെ സർക്കാർ ഇമ്രാൻ ഖാന്റെ ജനപ്രീതിയെ ഭയക്കുന്നുവെന്നും അദ്ദേഹത്തിനുമേൽ പാക്കിസ്ഥാൻ വിടാനുളള സമ്മർദ തന്ത്രമാണ് നടക്കുന്നതെന്നും ഖുറം സീഷൻ പറഞ്ഞു. ഇക്കാരങ്ങൾകൊ ബന്ധുക്കൾക്ക് ഇമ്രാൻ ഖാനെ കാണാൻ ഇനിയും അനുമതി നൽകിയിട്ടില്ല. കൂടാതെ ജനങ്ങളെ ഭയന്ന് അദ്ദേഹത്തിന്റെ ചിത്രങ്ങൾ പുറത്തുവിടുന്നില്ലെന്നും പിടിഐ വ്യക്തമാക്കി.
‘ഇമ്രാൻ ഖാന്റെ മരണവാർത്ത സത്യമല്ല. അദ്ദേഹം ജീവനോടെയുണ്ട്. അദിയാലയിലെ തടവറയിൽ കഴിയുകയാണ് അദ്ദേഹം. പാക്കിസ്ഥാൻ വിടണമെന്ന് നിർബന്ധിച്ചുകൊണ്ടിരിക്കുകയാണ്. ഇമ്രാൻ ഖാന് ലഭിച്ചുകൊണ്ടിരിക്കുന്ന ജനപ്രീതി രാജ്യത്തെ ഭരണകൂടത്തെ വല്ലാതെ ഭയപ്പെടുത്തുന്നുണ്ട്. അതിനാലാണ് അവർ അദ്ദേഹത്തിന്റെ ദൃശ്യങ്ങൾ പുറത്തുവിടാത്തത്. ഒരു മാസത്തിലേറെയായി അദ്ദേഹം തടങ്കലിലാണ്. പാർട്ടിയിലെ മുതിർന്ന നേതാക്കൾക്കും അഭിഭാഷകർക്കും മാത്രമല്ല കുടുംബത്തിന് പോലും അദ്ദേഹത്തെ കാണാൻ അവസരം നൽകുന്നില്ല. ഇത് മനുഷ്യാവകാശ ലംഘനമാണ്. ഈ അടുത്താണ് അദ്ദേഹം അദിയാലയിലെ തടങ്കലിലുണ്ടെന്ന് പോലും ഞങ്ങൾ അറിഞ്ഞത്’: സീഷൻ പറഞ്ഞു.
അതേസമയം പിടിഐ സ്ഥാപകനും പാക് മുൻ പ്രധാനമന്ത്രിയുമായ ഇമ്രാൻ ഖാനെ 2023 ഓഗസ്റ്റിലാണ് അഴിമതി ഉൾപ്പെടെയുളള കുറ്റങ്ങൾ ചുമത്തി ജയിലിലടച്ചത്. കഴിഞ്ഞ ദിവസം അദ്ദേഹം മരിച്ചതായി പാക്കിസ്ഥാനിലെ സമൂഹമാധ്യമങ്ങളിൽ വലിയ പ്രചാരണം നടന്നിരുന്നു. അതിന് പിന്നാലെ അദ്ദേഹത്തെ കാണാൻ അനുമതി തേടി സഹോദരിമാരും പാർട്ടി പ്രവർത്തകരും ജയിലിന് പുറത്ത് പ്രതിഷേധിച്ചിരുന്നു. ഇമ്രാൻ ഖാനെ ഏകാന്ത തടവിലാണ് പാർപ്പിച്ചിരിക്കുന്നതെന്നും അദ്ദേഹത്തോട് കാട്ടുനീതിയാണ് കാണിക്കുന്നതെന്നും സഹോദരിമാർ ആരോപിച്ചിരുന്നു.
ഇതിനിടെ ഇമ്രാൻ ഖാൻ ജീവിച്ചിരിപ്പുണ്ട് എന്നതിന്റെ തെളിവ് സർക്കാർ പുറത്തുവിടണമെന്ന് ആവശ്യപ്പെട്ട് മകൻ കാസിം ഖാനും രംഗത്തെത്തിയിരുന്നു. അതിന് പിന്നാലെ സുരക്ഷാ കാര്യങ്ങൾ പരിശോധിച്ച് ഡിസംബർ രണ്ടിന് ഇമ്രാൻ ഖാനെ കാണാൻ അവസരമൊരുക്കാമെന്ന് നിയമമന്ത്രി അഖീൽ മാലിക് കുടുംബത്തെ അറിയിക്കുകയും ചെയ്തു.















































