ടെൽ അവീവ്: ഗാസയിൽ ഹമാസ് സംഘടന ബന്ദികളാക്കിയ ഇസ്രയേലി തടവുകാരെ മോചിപ്പിച്ചു തുടങ്ങി. മൂന്ന് ഘട്ടങ്ങളായാണ് ബന്ദികളെ കൈമാറുന്നത്. ആദ്യഘട്ടത്തിൽ 7 പേരെയാണ് വിട്ടയച്ചത്. ഗാസയിൽ ആകെ 48 ഇസ്രായേലി ബന്ദികളെ മാറ്റുന്നതിനുള്ള നടപടികൾ ആരംഭിച്ചു കഴിഞ്ഞു, അതിൽ 20 പേർ ജീവിച്ചിരിപ്പുണ്ടെന്ന് കരുതപ്പെടുന്നതെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 2023 ഒക്ടോബർ 7 ന് നടന്ന ആക്രമണത്തിനുശേഷം ബന്ദികളെ കൈവശം വച്ചിരിക്കുന്ന ഹമാസ്, മോചിപ്പിക്കേണ്ടവരുടെ പേരുകൾ പുറത്തുവിട്ടു.
ഇന്ന് മോചിപ്പിക്കപ്പെട്ട ഏഴ് ബന്ദികൾ ഈതാൻ മോർ, ഗാലി, സിവ് ബെർമൻ, മതാൻ ആംഗ്രിസ്റ്റ്, ഒമ്രി മിറാൻ, ഗൈ ഗിൽബോവ ദലാൽ, അലോൺ അഹെൽ എന്നിവരാണ് ജീവനോടെ ഉറ്റവരുടെയടുത്തേക്കെത്തുന്നത്. ബിബിസി റിപ്പോർട്ട് അനുസരിച്ച്, ബന്ദികളെ റെഡ് ക്രോസിന് കൈമാറി. അവിടെനിന്ന് അവരെ ഇസ്രായേൽ സൈന്യത്തിന് കൈമാറി. റെഡ് ക്രോസ് വാഹനങ്ങളിലെത്തിയവരെ സ്വീകരിക്കാൻ ഇസ്രായേലി ഹെലികോപ്റ്ററുകൾ സ്വീകരിക്കാൻ സ്ട്രിപ്പിന് പുറത്ത് നിലയുറപ്പിച്ചിരുന്നു.
“ഇന്ന്, എല്ലാ ഇസ്രായേലികളും ഒരുമിച്ചാണ്,” ബന്ദികൾ തിരിച്ചെത്തുന്നതുവരെ കാത്തിരുന്ന ജനക്കൂട്ടത്തിൽ ഒരാൾ മാധ്യമപ്രവർത്തകരോട് പറഞ്ഞു, അതേസമയം ബന്ദികളുടെ മോചനത്തിന് പകരമായി, ഇസ്രായേൽ 250 പലസ്തീൻ തടവുകാരെയും 1,700 ലധികം മറ്റു തടവുകാരെയും മോചിപ്പിക്കും. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ച ഗാസ സമാധാന പദ്ധതിയുടെ ഭാഗമായാണ് തടവുകാരെ മോചിപ്പിച്ചത്.